ഷൂ വാങ്ങാൻ പെയിന്റിങ് പണി; ഇന്ന് രാജ്യത്തിനായി ഇരട്ട മെഡൽ, പ്രയാസങ്ങളെ ഓടിത്തോൽപ്പിച്ച മനുവിന്റെ പോരാട്ടം

#അജ്മല്‍ എന്‍. എസ്

ഷൂവും കിറ്റും ഒക്കെ വാങ്ങാനുള്ള പണം കണ്ടെത്താൻ പെയിന്റിങ്, കാറ്ററിങ്, കൺസ്ട്രക്ഷൻ ജോലികൾ. പരിശീലിക്കാൻ മികച്ച ഗ്രൗണ്ടോ ആവശ്യമായ ഉപകരണങ്ങളോ ഇല്ലാതിരുന്ന കാലം. പല ദിവസങ്ങളിലും റോഡായിരുന്നു പരിശീലനക്കളം. ആ സാഹചര്യങ്ങളിൽ നിന്ന് ഏഷ്യൻ ഗെയിംസ് വേദിയിലേക്കെത്തി ഇരട്ട മെഡൽ രാജ്യത്തിനായി നേടിയ ജീവിതയാത്രയാണ് വയനാട്ടുകാരനായ മനു ടി.എസിന്റേത്.

വയനാട് മീനങ്ങാടിക്കടുത്ത് കരിങ്കണ്ണിക്കുന്നിൽ ജനിച്ച മനു 18-ാം വയസിലാണ് കായികരംഗത്തേക്ക് എത്തുന്നത്. സഹതാരങ്ങളെപ്പോലെ സ്‌കൂൾ, യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിലൂടെ അല്ലായിരുന്നു മനുവിന്റെ കരിയറിന്റെ തുടക്കം. കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകാൻ ഒരു ജോലി നേടണമെന്നായിരുന്നു ആദ്യ ലക്ഷ്യം. ആർമി ഫിസിക്കൽ ടെസ്റ്റ് വിജയിക്കണമെന്ന ആഗ്രഹത്തിൽ രാവിലെ റോഡിലൂടെ ഓടിത്തുടങ്ങി. പതിയെ പതിയെ ലക്ഷ്യം മാറിത്തുടങ്ങി, റോഡിലെ ഓട്ടം ട്രാക്കിലെത്തി.

പരിശീലകൻ സത്യന്റെ കീഴിലെത്തിയതോടെയാണ് അത്ലറ്റിക്‌സിലേക്കുള്ള വഴി തുറന്നത്. ആദ്യം തിരഞ്ഞെടുത്ത ഇനം 800 മീറ്റർ. ആദ്യ വർഷം തന്നെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മെഡൽ നേടി. പിന്നീട് 400 മീറ്ററിലേക്ക് മാറിയതോടെയാണ് കരിയറിൽ വലിയ മാറ്റമുണ്ടായത്.

ഏഷ്യൻ ഗെയിംസ് 400 മീറ്റർ പുരുഷ റിലേയിൽ വെങ്കലവും, മിക്‌സഡ് റിലേയിൽ വെള്ളിയും നേടി നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് ഈ അഭിമാന താരം. ഒളിമ്പിക്‌സ് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയെക്കുറിച്ചും ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തെക്കുറിച്ചും മനു മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.

കുടുംബത്തിനായി തുടങ്ങിയ ഓട്ടം, റോഡിൽ നിന്നും ട്രാക്കിലേയ്ക്ക്

കായികരംഗത്തേക്ക് വരുമ്പോൾ എന്റെ ഏറ്റവും വലിയ ലക്ഷ്യം മെഡലുകളായിരുന്നില്ല. എങ്ങനെയെങ്കിലും ഒരു ജോലി നേടണം, കുടുംബത്തിന് ഒരു സാമ്പത്തിക പിന്തുണയാകണം എന്നതായിരുന്നു മനസിൽ. രാവിലെ പരിശീലനത്തിന് പോകുമ്പോൾ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു, 'ഇത്ര നേരത്തെ എഴുന്നേറ്റ് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഓടുന്നത്?' എന്ന്. പക്ഷേ എന്റെ മനസ്സിൽ കുടുംബത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം, അവർക്ക് ഒരു സാമ്പത്തിക പിന്തുണ നൽകണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിൽ നിന്ന് വലിയ സാമ്പത്തിക പിന്തുണ ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് പഠനത്തിനും പരിശീലനത്തിനുമൊപ്പം കിട്ടുന്ന സമയത്തെല്ലാം പാർട്ട് ടൈം ജോലിക്ക് പോകുമായിരുന്നു. പെയിന്റിങ് പണിക്ക് ഒരുപാട് പോയിട്ടുണ്ട്. കാറ്ററിങ്, കൺസ്ട്രക്ഷൻ വർക്ക് തുടങ്ങി കിട്ടുന്ന ജോലികളൊക്കെ ചെയ്തു.

ഒരു സ്‌പൈക്‌സ് വാങ്ങണമെങ്കിൽ തന്നെ ഏകദേശം 12,000 രൂപ ചെലവ് വരും. നല്ലൊരു ഷൂവിന് 10,000 രൂപയോളം വരും. അതിനുള്ള പണം വീട്ടിൽ നിന്ന് കിട്ടാനുള്ള സാഹചര്യമില്ലായിരുന്നു. അതുകൊണ്ട് രാവിലെ പരിശീലനം കഴിഞ്ഞ് കോളേജിൽ പോകും. കോളേജ് ഇല്ലാത്ത ദിവസങ്ങളിൽ പാർട്ട് ടൈം ജോലിക്ക് പോകും. ആ സമയത്ത് ശരിയായ റിക്കവറിയോ ഭക്ഷണക്രമമോ ഒന്നും ഉണ്ടായിരുന്നില്ല. പരിശീലനം കഴിഞ്ഞ് ജോലിക്ക് പോയാലും അവിടെയും കഠിനമായ ശാരീരിക അധ്വാനമാണ്. തുടക്കകാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് അതുകൊണ്ടാണ്.

കാക്കിയും പരിശീലനവും, കഠിനമായ കാലഘട്ടം

സ്‌പോർട്‌സ് ക്വാട്ടയിൽ പോലീസിൽ ജോലി കിട്ടിയതിന് ശേഷമാണ് സാമ്പത്തികമായി കുറച്ച് ആശ്വാസമായത്. സ്വന്തമായി വരുമാനം കിട്ടാൻ തുടങ്ങിയപ്പോൾ മാത്രമാണ് പ്രോട്ടീനും മറ്റു സപ്ലിമെന്റുകളും എടുക്കാൻ കഴിഞ്ഞത്. പക്ഷേ പോലീസ് ഡ്യൂട്ടിയും പരിശീലനവും ഒരുമിച്ച് കൊണ്ടുപോകുന്നത് എളുപ്പമായിരുന്നില്ല. ശബരിമല ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. തൃശ്ശൂർ പൂരം ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. അങ്ങനെ നിരവധി ഡ്യൂട്ടികൾ ചെയ്തിട്ടുണ്ട്.

കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം പരിശീലനത്തിന്റെ ഇടയിൽ പെട്ടെന്ന് ഡ്യൂട്ടിയിലേക്ക് മാറേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരു മത്സരത്തിനായി കൃത്യമായ പ്രോഗ്രാമിൽ പരിശീലനം ചെയ്ത് ഒരു ലെവലിലേക്ക് എത്തുന്നതിനിടെയായിരിക്കും ചിലപ്പോൾ പെട്ടെന്ന് ഡ്യൂട്ടിക്ക് പോകേണ്ടിവരുന്നത്. അങ്ങനെ ഡ്യൂട്ടിക്ക് പോകുമ്പോൾ അതുവരെ ചെയ്ത വർക്കൗട്ടും നേടിയെടുത്ത സ്‌ട്രെങ്തും കണ്ടീഷനും ബാധിക്കും. റിക്കവറിയും ഭക്ഷണക്രമവും എല്ലാം തകരും. പിന്നീട് തിരികെയെത്തിയ ശേഷം വീണ്ടും പഴയ പരിശീലന നിലവാരത്തിലേക്ക് എത്താൻ സമയം വേണ്ടിവരും.

തിരുവനന്തപുരം സായ് പരിശീലനകേന്ദ്രത്തിലെത്തിയതിന് ശേഷമാണ് ഡ്യൂട്ടി സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഇല്ലാതെ പൂർണമായി പരിശീലനത്തിൽ ഫോക്കസ് ചെയ്യാൻ കഴിഞ്ഞത്. ഇപ്പോൾ മുഴുവൻ ശ്രദ്ധയും വർക്കൗട്ടിലാണ്.

കഴിഞ്ഞ തവണത്തെ വെള്ളി ഇത്തവണ സ്വർണമാക്കണം എന്നാഗ്രഹിച്ചിരുന്നു

18-ാം വയസ്സിലാണ് ഞാൻ സ്‌പോർട്‌സ് കരിയർ തുടങ്ങുന്നത്. അതിന് മുൻപ് സ്‌കൂൾ, യൂണിവേഴ്‌സിറ്റി തലത്തിൽ മത്സരിച്ച അനുഭവമൊന്നുമില്ലായിരുന്നു. ആർമിയിൽ ചേരണം എന്ന ആഗ്രഹത്തിലാണ് ആദ്യം ഫിസിക്കൽ ട്രെയിനിങ് തുടങ്ങിയത്. ആദ്യം റോഡിലൂടെ ഓടുകയും കുറച്ച് ഫിസിക്കൽ ആക്ടിവിറ്റീസ് ചെയ്യുകയും മാത്രമായിരുന്നു പരിശീലനം. പിന്നീട് സത്യൻ സാറിന്റെ അടുത്തെത്തിയപ്പോഴാണ് അത്ലറ്റിക്‌സിൽ ഒരു ഇവന്റ് കിട്ടുന്നത്. അദ്ദേഹം ആദ്യം തന്നത് 800 മീറ്ററായിരുന്നു.

19-ാം വയസ്സിൽ അണ്ടർ-20 സംസ്ഥാന മീറ്റിൽ 800 മീറ്ററിൽ ഗോൾഡ് നേടി. അതേ സമയത്ത് ദേശീയതലത്തിലും നേട്ടമുണ്ടായി. പിന്നീടാണ് 800 മീറ്ററിൽ നിന്ന് 400 മീറ്ററിലേക്ക് മാറുന്നത്. അതിന് ശേഷം പ്രകടനം വളരെ വേഗത്തിൽ മെച്ചപ്പെട്ടു. സംസ്ഥാന, ദേശീയ തലങ്ങളിൽ മെഡലുകൾ ലഭിച്ചു.

തിരുവനന്തപുരത്ത് രാജ്‌മോഹൻ സാറിന്റെ കീഴിൽ പരിശീലനം തുടങ്ങിയതാണ് കരിയറിലെ വലിയ മാറ്റം. ഇവിടെ വരുമ്പോൾ 400 മീറ്ററിൽ ഞാൻ 47 സെക്കൻഡ് നിലവാരത്തിലായിരുന്നു. ഇപ്പോൾ 45 സെക്കൻഡ് നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടാൻ കഴിഞ്ഞു. ഈ വർഷം ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകളും ലഭിച്ചു.

മിക്‌സഡ് റിലേയിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെള്ളിയായിരുന്നു. ഇത്തവണ അത് സ്വർണമാക്കണം എന്ന വലിയ ലക്ഷ്യം ടീമിനുണ്ടായിരുന്നു. അതിനായി എല്ലാവരും ഒരുപാട് ശ്രമിച്ചു. സ്വർണം നേടാനാകാത്തതിൽ ചെറിയൊരു വിഷമമുണ്ട്. എന്നാൽ വെള്ളി നിലനിർത്താൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്.

കുടുംബത്തിന്റെ ആശങ്കയും കോച്ചിന്റെ പിന്തുണയും

ഞാൻ സ്‌പോർട്‌സിലേക്ക് പൂർണമായി തിരിഞ്ഞ സമയത്ത് വീട്ടിൽ നിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. അതിന് കാരണം അവർക്ക് സ്‌പോർട്‌സിനോട് താത്പര്യമില്ലാത്തത് കൊണ്ടല്ല. വീട്ടിലെ സാമ്പത്തിക സാഹചര്യം അത്ര നല്ലതായിരുന്നില്ല. എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണം, കുടുംബം ഒന്ന് സ്ഥിരതയിലാകണം എന്നതായിരുന്നു വീട്ടുകാരുടെ ഏറ്റവും വലിയ ആഗ്രഹം.

ആർമിയിൽ പോകാതെ സ്‌പോർട്‌സുമായി മുന്നോട്ട് പോകാനാണ് ഞാൻ തീരുമാനിച്ചതെന്ന് പറഞ്ഞപ്പോൾ അവർക്ക് കുറച്ച് വിഷമമുണ്ടായിരുന്നു. സ്‌പോർട്‌സ് തിരഞ്ഞെടുത്താൽ ഭാവി എന്താകും എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു.

ആ സമയത്ത് എന്റെ കോച്ച് സത്യൻ സാറാണ് വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയത്. സ്‌പോർട്‌സിൽ എനിക്ക് നല്ലൊരു ഭാവിയുണ്ടെന്നും അതുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം അവരെ ബോധ്യപ്പെടുത്തി. കോച്ചിന്റെ ആ പിന്തുണയാണ് സ്‌പോർട്‌സിൽ തന്നെ തുടരാൻ എനിക്ക് വലിയ ആത്മവിശ്വാസമായത്. പിന്നീട് ഞാൻ നേടിയ നേട്ടങ്ങൾ കണ്ടപ്പോൾ വീട്ടുകാരുടെ ചിന്തയും മാറി. ഇപ്പോൾ മെഡൽ നേട്ടങ്ങൾക്ക് ശേഷം വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുമ്പോൾ അവരുടെ സന്തോഷം കാണുന്നതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്.

വീട്ടിലേക്ക് പോലും പോകാതെ പരിശീലനം

400 മീറ്റർ റിലേയിൽ ബാറ്റൺ എക്‌സ്‌ചേഞ്ച് പ്രധാനമാണ്. പക്ഷേ അതിലുപരി 400 മീറ്ററിന്റെ അടിസ്ഥാന പരിശീലനമാണ് പ്രധാനമായിട്ടുള്ളത്. കഴിഞ്ഞ നവംബർ മുതൽ തുടർച്ചയായി പരിശീലനത്തിലാണ്. ഞായറാഴ്ച ഒഴികെ ബാക്കി എല്ലാ ദിവസവും റെഗുലർ വർക്കൗട്ടുണ്ട്. ഈ കാലയളവിൽ വീട്ടിലേക്ക് പോലും പോകാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിന് പോകും, മത്സരം കഴിഞ്ഞ് തിരികെയെത്തും, വീണ്ടും പരിശീലനം തുടങ്ങും. അങ്ങനെയാണ് ജീവിതം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പോളണ്ടിലും ചെക്ക് റിപ്പബ്ലിക്കിലും പരിശീലനം നടത്താൻ അവസരം ലഭിച്ചു. ഓരോ സ്ഥലത്തും ഓരോ കാലാവസ്ഥയാണ്. പക്ഷേ ഒരു അത്ലറ്റെന്ന നിലയിൽ ഏത് സാഹചര്യമായാലും മത്സരിക്കാനും മികച്ച പ്രകടനം നടത്താനും കഴിയണം.

'സ്‌പോർട്‌സ് കൊണ്ട് ഒന്നും നേടാനാവില്ലെന്ന് പറഞ്ഞവരുണ്ട്'

സ്‌പോർട്‌സ് ചെയ്തുകൊണ്ടിരുന്നാൽ ജീവിതത്തിൽ എവിടെയും എത്തില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇത്രയും വർക്കൗട്ട് ചെയ്ത് ശരീരം തളർത്തുന്നതല്ലാതെ ഒന്നും നേടാനാവില്ലെന്ന തരത്തിലുള്ള കമന്റുകളും ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും കേട്ട് ക്വിറ്റ് ചെയ്യണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ ലക്ഷ്യത്തിലേക്ക് മുന്നോട്ട് പോകണം എന്നതായിരുന്നു മനസ്സിൽ.

ഞാൻ തുടക്കത്തിൽ അനുഭവിച്ച അതേ ബുദ്ധിമുട്ടുകളിലൂടെ ഇപ്പോഴും ഒരുപാട് കുട്ടികൾ കടന്നുപോകുന്നുണ്ടാകും. ഷൂ വാങ്ങാനും സ്‌പൈക്‌സ് വാങ്ങാനും പരിശീലനച്ചെലവ് കണ്ടെത്താനുമായി പാർട്ട് ടൈം ജോലി ചെയ്യുന്ന കുട്ടികൾ കേരളത്തിൽ ഇപ്പോഴും ഉണ്ടാകും. അവരോട് പറയാനുള്ളത് ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ കാരണം നിങ്ങളുടെ സ്‌പോർട്‌സ് ഉപേക്ഷിക്കരുത് എന്നതാണ്. ഒരുപാട് ഹാർഡ് വർക്ക് ചെയ്താൽ ഒരു ദിവസം നല്ലൊരു നിലയിലെത്താൻ കഴിയും.

സായ് പോലുള്ള പരിശീലനകേന്ദ്രങ്ങളിൽ ഒരുപാട് മികച്ച സൗകര്യങ്ങളുണ്ട്. പക്ഷേ അത്തരം അവസരങ്ങളെക്കുറിച്ച് പല കുട്ടികൾക്കും അറിയില്ല. കഴിവുള്ള പലരും അതുകൊണ്ട് സ്‌പോർട്‌സിൽ നിന്ന് മാറിപ്പോകുന്നുണ്ട്. ലഭ്യമായ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. സ്‌പോർട്‌സിലൂടെ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടാൻ കഴിയുമെന്നതിന് എന്റെ യാത്ര തന്നെ ഒരു ഉദാഹരണമാണ്.

ഇനി ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പും ഒളിമ്പിക്‌സും

ഇനി എന്റെ അടുത്ത ലക്ഷ്യം 2027-ലെ ലോക ചാമ്പ്യൻഷിപ്പാണ്. അതിലേക്ക് യോഗ്യത നേടണം. അതിന് ശേഷം 2028-ലെ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കായി മത്സരിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ഒരിക്കൽ സ്‌പൈക്‌സ് വാങ്ങാനുള്ള പണം കണ്ടെത്താൻ പാർട്ട് ടൈം ജോലികൾ ചെയ്താണ് മുന്നോട്ട് പോയത്. ഇന്ന് ഏഷ്യൻ വേദിയിൽ രാജ്യത്തിനായി മെഡൽ നേടാൻ കഴിഞ്ഞു. ഇനി മുന്നിലുള്ള ഏറ്റവും വലിയ സ്വപ്നം ഒളിമ്പിക്‌സാണ്.

Content Highlights: Overcame extreme financial hardships and worked odd jobs like painting and catering to fund his training., Started his athletic career late at age 18, transitioning from road running to track events., Won dual medals (bronze in men's 400m relay and silver in mixed relay) at the Asian Games., Set sights on the 2027 World Championships and the 2028 Olympics.