ഇതാ വന്നു മലപ്പുറം എഫ്.സി.; കാലം കാത്തിരുന്ന ടീം

സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സി.യുടെ തകര്‍പ്പന്‍ അരങ്ങേറ്റം കണ്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നു നിറഞ്ഞത് മിഴിവാര്‍ന്ന ഒരു ചിത്രമാണ്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ചിത്രം.
ഇരമ്പിയാര്‍ക്കുന്ന സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയം. ദേശീയ ഫുട്‌ബോള്‍ ലീഗിലെ തീപ്പൊരിപ്പോരാട്ടത്തിന്റെ കിക്കോഫിനായി വീര്‍പ്പടക്കി കാത്തിരിക്കുന്ന പതിനായിരങ്ങള്‍. കാതടപ്പിക്കുന്ന ആ ശബ്ദഘോഷത്തിനിടയില്‍ നിന്ന് തെല്ലും നിനച്ചിരിക്കാതെ ഒരു വിളി ഒഴുകിയെത്തുന്നു:
'രവ്യേട്ടാ...... '
നേര്‍ത്ത ശബ്ദത്തിലെങ്കിലും കാതുകള്‍ എളുപ്പം പിടിച്ചെടുത്തു ആ വിളി. അടുത്ത നിമിഷം തള്ളിക്കളയുകയും ചെയ്തു. ഏയ്, എന്നെയാവില്ല. തീര്‍ച്ച. ഇവിടെ ഈ കൊല്‍ക്കത്താ നഗരപ്രാന്തത്തിലെ വിവേകാനന്ദ യുവഭാരതി ക്രീഡാംഗണില്‍ എഫ് സി കൊച്ചിനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള കിടിലന്‍ പോരാട്ടം കാണാന്‍ കാത്തിരിക്കുന്ന ഒരു ലക്ഷത്തോളം കളിഭ്രാന്തന്മാരില്‍ നമ്മളെ അറിയുന്ന ആരുണ്ടാവാന്‍? ഉണ്ടെങ്കില്‍ തന്നെ പേരെടുത്തു വിളിക്കാന്‍ ആര്‍ക്കുണ്ട് സമയവും സാവകാശവും?
തോന്നലാകാം, അല്ലെങ്കില്‍ കേട്ടതിന്റെ പ്രശ്‌നമാകാം.
മുന്നിലെ ടീം ലൈനപ്പിലേക്ക് വീണ്ടും ശ്രദ്ധതിരിച്ചപ്പോള്‍ വീണ്ടുംവരുന്നു അതേ വിളി; ഇത്തവണ കുറച്ചുകൂടി ഉച്ചത്തില്‍: 'രവ്യേട്ടാ..... '
ഇത്തവണ തൊട്ടടുത്തിരുന്ന ആനന്ദ് ബസാര്‍ പത്രികയുടെ ലേഖകന്‍ രൂപായന്‍ ഭട്ടാചാര്യ പറഞ്ഞു: 'ഇറ്റ് സീംസ് ഹി ഈസ് കോളിങ് യു...'
ശരിയായിരുന്നു. പക്ഷേ ആളെ കാണാന്‍ മാര്‍ഗമില്ല. അത്രയ്ക്കുണ്ട് തിരക്കും ബഹളവും. പിന്നീടാ വിളി കേട്ടതുമില്ല. ഈസ്റ്റ് ബംഗാളിന്റെ 'റെഡ് ആന്‍ഡ് ഗോള്‍ഡ്' നിറച്ചാര്‍ത്തില്‍ മുങ്ങിനില്‍ക്കുകയാണ് ഗാലറികള്‍. അധികം വൈകാതെ കിക്കോഫ് വിസില്‍ മുഴങ്ങുന്നു. സ്റ്റേഡിയം ഇളകിമറിയുന്നു. ബൈച്ചുങ് ബൂട്ടിയയുടെ കൊല്‍ക്കത്ത ടീമിനൊപ്പം ആവേശപൂര്‍വം ഓടിത്തുടങ്ങുന്നു കാണികളില്‍ സിംഹഭാഗവും. ഐ എം വിജയന്റെ കാലില്‍ പന്തുകിട്ടുമ്പോള്‍ മാത്രം കഥയല്പം മാറും. വൈരം മറന്ന് എഫ് സിക്ക് വേണ്ടി ആര്‍ത്തുവിളിക്കും ചിലര്‍: 'ബിജോയന്‍ദാ, കമോണ്‍...'
പൊരിഞ്ഞ പോരാട്ടമായിരുന്നു ആദ്യ പകുതിയില്‍. ഇടവേളയ്ക്ക് പിരിയുമ്പോള്‍ കൊച്ചിന്‍ മുന്നിലാണെന്നാണ് ഓര്‍മ്മ. ഫ്‌ലഡ്ലൈറ്റ് വെളിച്ചത്തില്‍ ആദ്യ പകുതിയുടെ റിപ്പോര്‍ട്ട് എഴുതിത്തുടങ്ങാനൊരുങ്ങുമ്പോള്‍ അപ്രതീക്ഷിതമായി വീണ്ടും അതേ വിളി: 'രവ്യേട്ടാ.'
ഇത്തവണ കുറച്ചുകൂടി അടുത്തുനിന്നാണ്; പ്രസ് ബോക്‌സിനു തൊട്ട് താഴെ നിന്ന്. ജിജ്ഞാസയോടെ ചെന്ന് നോക്കിയപ്പോള്‍ കഥാപുരുഷന്‍ താഴെയുണ്ട്. ഗ്രൗണ്ടിലേക്കുള്ള വഴിയുടെ ഓരങ്ങളിലായി കൂടിനില്‍ക്കുന്ന കാണികള്‍ക്കും സംഘാടകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇടയില്‍നിന്ന് മുകളിലേക്കുയര്‍ന്ന മെലിഞ്ഞ കൈകളുടെ ഉടമക്ക് ഏതാണ്ട് ഇരുപത് വയസ്സ്. കാഴ്ച്ചയില്‍ പയ്യന്‍സ്. ഹെഡ് ബാന്‍ഡ് കൊണ്ട് കെട്ടിവരിഞ്ഞു നിര്‍ത്തിയ നീണ്ട മുടി.
'എന്താ, ആരാ?' വെളുക്കെ ചിരിച്ചു നിന്ന പയ്യനോട് ആംഗ്യഭാഷയില്‍ ചോദിച്ചു. മറുപടി ഉറക്കെയായിരുന്നു: 'രവ്യേട്ടാ ങ്ങള് എടരിക്കോട്ടല്ലേ? മ്മള് മലപ്പൊര്‍ത്താ.'
പത്തു മിനിറ്റോളം നീണ്ട ഒരു 'ദീര്‍ഘദൂര' സംഭാഷണത്തിന്റെ കിക്കോഫ്. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ: മലപ്പുറത്തുനിന്ന് ഇഷ്ടതാരം വിജയേട്ടന്റെ കളി കാണാന്‍ സ്ലീപ്പര്‍ ടിക്കറ്റെടുത്തു വണ്ടികയറി വന്നതാണ് സക്കീര്‍. (അതോ സഹീറോ, സഗീറോ?) തലേന്നാണ് വന്നിറങ്ങിയത്. ഉറക്കം ഹൗറ സ്റ്റേഷനില്‍. കളി കഴിഞ്ഞയുടന്‍ സ്റ്റേഷനിലേക്ക് വെച്ചുപിടിക്കണം. നാട്ടില്‍ ഇറച്ചിക്കടയിലാണ് പണി. പന്ത് കളിക്കാറില്ല. പക്ഷേ, കൊടികുത്തിയ ആരാധകനാണ്.
'ന്റെ കാക്കേന്റെ ഫ്രണ്ട് ആണ് പോലീസിന്റെ ജാബിര്‍ക്ക. ജാബിര്‍ക്ക പറഞ്ഞു ങ്ങളെപ്പറ്റി നന്നായി അറിയാം. മൂപ്പര് ങ്ങളെ വീട്ടിലും ബന്നിട്ടുണ്ടല്ലോ. പിന്നെ ങ്ങള് സ്‌പോര്‍ട്‌സ് മാസികേല് എഴുതുന്നതൊക്കെ വായിക്കും. ഇങ്ങനെങ്കിലും കാണാന്‍ പറ്റിലോ...' അവന്‍ പറഞ്ഞു. ഉറക്കെയുള്ള ഞങ്ങളുടെ ആശയവിനിമയം കൗതുകത്തോടെ കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു ബംഗാളികള്‍. കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു അവന്‍: 'ങ്ങള് വിജയേട്ടനെ പറ്റി എഴുതീത് സൂപ്പറായീന് ട്ടാ.. മൂപ്പര് കിംഗല്ലേ.'
ഇടവേള കഴിഞ്ഞു രണ്ടാം പകുതിയുടെ വിസില്‍ മുഴങ്ങിയതും ആള്‍ കണ്‍വെട്ടത്തുനിന്ന് അപ്രത്യക്ഷനായതും ഒപ്പം.
അവസാന വിസിലിന് പിന്നാലെ സക്കീര്‍ വന്നു യാത്ര പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ വന്നില്ല. നാട്ടിലേക്കു വണ്ടി പിടിക്കാനുള്ള തത്രപ്പാടില്‍ ശ്വാസം മുട്ടിക്കുന്ന ആള്‍ത്തിരക്കിലൂടെ നൂണ്ട് പുറത്തുകടക്കാനുള്ള ശ്രമത്തിലായിരുന്നിരിക്കും അവന്‍. പിന്നീടൊരിക്കലും ആ വിളി കേട്ടിട്ടുമില്ല. എങ്കിലും ശബ്ദവും മുഖവും ഇന്നുമുണ്ട് ഓര്‍മ്മയില്‍; കാല്‍ നൂറ്റാണ്ടിനിപ്പുറവും.
മലപ്പുറത്തിന്റെ മായം ചേര്‍ക്കാത്ത കളിക്കമ്പത്തെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം സക്കീറിന്റെ മുഖം മനസ്സില്‍ തെളിയും. രവ്യേട്ടാ എന്ന ആ വിളിയും. ഫുട്‌ബോള്‍ ലഹരി ചോരയില്‍ അലിഞ്ഞുചേര്‍ന്ന ജനത. ഒരു മലപ്പുറംകാരനെങ്കിലുമില്ലാത്ത ഏതെങ്കിലും ഫുട്‌ബോള്‍ സ്റ്റേഡിയം ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ? സംശയമാണ് എന്നാവും ഉത്തരം. അതിശയോക്തിയല്ല. 'ബെസ്റ്റാ ഡീല്‍ഡ് കാര്‍ലാ' എന്നറിയപ്പെടുന്ന ഐസ്ലന്‍ഡിലെ ആഭ്യന്തര ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്ന റെയിക്യവിക്കിലെ ലോയര്‍ടാല്‍സ് വോളീര്‍ സ്റ്റേഡിയത്തില്‍ വെച്ച് യാദൃച്ഛികമായി ഒരു തിരൂരങ്ങാടിക്കാരനെ പരിചയപ്പെട്ട അനുഭവം സുഹൃത്തായ മറീന്‍ എഞ്ചിനീയര്‍ അദ്ഭുതത്തോടെ പങ്കുവെച്ചതോര്‍മയുണ്ട്. ഐസ്ലന്‍ഡിലെ മുന്‍നിര ക്ലബ് ടീമുകളിലൊന്നിന്റെ 'ഫാന്‍ ബോയ്' ആയിരുന്നുവത്രെ ആ ചെറുപ്പക്കാരന്‍.
നാടായ നാടുകളിലേക്കെല്ലാം കളിക്കമ്പക്കാരെ മുറയ്ക്ക് കയറ്റുമതി ചെയ്തുപോരുന്ന മലപ്പുറത്തിന് എന്നിട്ടും ഇത്രകാലവും ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് ഉണ്ടായില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം. പാകിസ്ഥാന്‍ ദേശീയ ടീമിനെ നയിച്ച ഇരുമ്പന്‍കുട്ടി മുതല്‍ ആഷിക് കുരുണിയന്‍ വരെ പ്രതിഭാശാലികളായ പടക്കുതിരകളുടെ നിരവധി തലമുറകളെ തന്നെ പടച്ചുവിട്ട ജില്ലക്ക് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഫുള്‍-ഫ്‌ലഡ്ജ്ഡ് സ്റ്റേഡിയം പോലുമില്ല എന്ന അറിവും ഹൃദയഭേദകം. ഈ ശൂന്യതയിലേക്കാണ് മലപ്പുറത്തെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായ എം.എഫ്.സി.യുടെ വരവ്. മലപ്പുറംകാരന്‍ കൂടിയായ എന്നിലെ പന്തുകളി പ്രേമിക്ക് ആഹ്ലാദിക്കാന്‍ വേറെന്ത് വേണം?
ഒരര്‍ഥത്തില്‍ കാലത്തിന്റെ കാവ്യനീതിയാണ് മലപ്പുറം എഫ്.സി. അനിവാര്യമായ ഒരു ജന്മം. മലപ്പുറം മൊയ്തീന്‍കുട്ടിയും ഡിക്രൂസും ചേക്കുവും അസീസും കുഞ്ഞനും കൊറ്റനും ഷറഫലിയും ജാബിറും മമ്പാട് റഹ്‌മാനും സുരേന്ദ്രനും ബഷീര്‍ അഹമ്മദും ഹമീദും അന്‍വറും ഹബീബ് റഹ്‌മാനും ആസിഫ് സഹീറും സക്കീറും തൊട്ട് അനസ് എടത്തൊടിക വരെ സുവര്‍ണതാരങ്ങളുടെ ഒരു പടയെത്തന്നെ സംഭാവന ചെയ്തിട്ടുള്ള മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മധുരോദാരമായ അധ്യായമായി മാറട്ടെ എം.എഫ്.സി. ഒപ്പം വരാനിരിക്കുന്ന ഒരു വിപ്ലവത്തിന്റെ തുടക്കവും.
Content Highlights: malappuram fc professional football team