കാല്‍മുട്ടിലെ തരുണാസ്ഥികള്‍ നശിച്ച് വിരമിക്കലിന്റെ വക്കില്‍; രക്ഷയ്‌ക്കെത്തിയ അയ്യങ്കാര്‍ യോഗ

പ്രായം 44-ല്‍ എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ രോഹന്‍ മച്ചാണ്‍ഡ ബൊപ്പണ്ണയ്ക്ക് ബാക്കിയുള്ളൂ. ഒരു കായിക താരം വിരമിക്കലൊക്കെ പിന്നിട്ട് കുടുംബവുമായി വിശ്രമം നയിക്കേണ്ടുന്ന പ്രായം. പക്ഷേ ബൊപ്പണ്ണ ഇപ്പോഴും റാക്കന്റേന്തി പുതിയ കിരീടവിജയങ്ങളിലേക്കുള്ള യാത്രയിലാണ്. ശനിയാഴ്ച മെല്‍ബണിലെ റോഡ് ലാവര്‍ അരീനയില്‍ കരുത്തുറ്റ എയ്‌സുകളും ബാക്ക്ഹാന്‍ഡ് സ്മാഷുകളും ചിപ്പുകളും ഡ്രൈവ് വോളികളുമായി കളംനിറഞ്ഞുകളിച്ചത് ഒരു 43-കാരനാണെന്ന് നാമെങ്ങനെ വിശ്വസിക്കും. ശാരീരികമായി ഏറെ അധ്വാനം ആവശ്യമുള്ള റാക്കറ്റ് ഗെയിമുകളില്‍ പ്രായമെന്നത് ഒരു ഘട്ടത്തില്‍ ഒരു വിലങ്ങുതടിതന്നെയാണ്. 47 വയസുവരെ കളിച്ച ലിയാണ്ടര്‍ പെയ്‌സിനെ മറക്കുന്നില്ല. എങ്കിലും ഗ്രാന്‍ഡ്സ്ലാം പോലെ കടുത്ത പോരാട്ടം നടക്കുന്ന വേദിയില്‍ 43 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഞെട്ടിക്കുകയാണ് ബൊപ്പണ്ണ. ശനിയാഴ്ച ഇറ്റാലിയന്‍ ജോഡികളായ സൈമണ്‍ ബൊലെലി - ആന്ദ്രേ വാവസ്സോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6 (70), 7-5) കീഴടക്കി ബൊപ്പണ്ണയും പങ്കാളി പങ്കാളി ഓസ്ട്രേലിയയുടെ മാത്യു എബ്ദെനും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടമുയര്‍ത്തുമ്പോള്‍ പിറന്നത് ചരിത്രമായിരുന്നു. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ പുരുഷതാരമെന്ന നേട്ടം.
കഴിഞ്ഞ ദിവസം പദ്മശ്രീയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തിയതിനു പിന്നാലെ എടിപി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും സ്വന്തമാക്കിയതിനു പിന്നാലെ ഇരട്ടി മധുരം സമ്മാനിച്ച നേട്ടം. എന്നാല്‍ നാലുവര്‍ഷം മുമ്പ് ഇരു കാല്‍മുട്ടിലെയും തരുണാസ്ഥികള്‍ നശിച്ച് കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്ന ഘട്ടത്തില്‍ നിന്നായിരുന്നു ബൊപ്പണ്ണയുടെ തിരിച്ചുവരവെന്നത് ഏവരെയും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്.
രക്ഷയ്‌ക്കെത്തിയ അയ്യങ്കാര്‍ യോഗ
2019-ലാണ് കടുത്ത കാല്‍മുട്ടു വേദന ബൊപ്പണ്ണയെ അലട്ടിയത്. പരിശോധനയില്‍ ഇരു കാല്‍മുട്ടിലെയും തരുണാസ്ഥികള്‍ നശിച്ചതായി കണ്ടെത്തി. പിന്നീട് വേദനസംഹാരികള്‍ ഉപയോഗം നിറഞ്ഞ നാളുകള്‍.
''എന്റെ കാല്‍മുട്ടുകളില്‍ തരുണാസ്ഥി ഇല്ല. അവ രണ്ടും തേയ്മാനം മൂലം നശിച്ച് പോയതാണ്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ക്ക് എവിടെയും പോയി തരുണാസ്ഥി വാങ്ങാന്‍ കഴിയില്ല. അന്നൊക്കം ദിവസം രണ്ടോ മൂന്നോ വേദനസംഹാരികള്‍ കഴിച്ചു കഴിയേണ്ട അവസ്ഥയിലായിരുന്നു ഞാന്‍. 2019-ന്റെ അവസാനം ഞാന്‍ ശരിക്കും മോശം അവസ്ഥയിലായി. പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ (പിആര്‍പി), ഹൈലുറോണിക് ഇഞ്ചക്ഷന്‍ തുടങ്ങിയവ പരീക്ഷിച്ചെങ്കിലും അതൊന്നും ഫലം ചെയ്തില്ല.'' - ഒരു അഭിമുഖത്തില്‍ ബൊപ്പണ്ണ പറഞ്ഞതാണിത്.
അടുത്ത വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ വന്നതോടെ ബൊപ്പണ്ണയുടെ കാര്യത്തില്‍ അത് ഊര്‍വശി ശാപം ഉപകാരമെന്ന പോലെയായി. ആ സമയത്താണ് അദ്ദേഹം അയ്യങ്കാര്‍ യോഗയെ കൂട്ടുപിടിക്കുന്നത്. സാധാരണ യോഗയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നതാണ് അയ്യങ്കാര്‍ യോഗ. അത് തന്നിലുണ്ടാക്കിയ മാറ്റം വളരെവലുതായിരുന്നുവെന്ന് ബൊപ്പണ്ണ പറയുന്നു. അയ്യങ്കാര്‍ യോഗ തന്റെ കാലുകള്‍ക്കും ശരീരത്തിനും കരുത്ത് പകര്‍ന്നതിനൊപ്പം എപ്പോഴും ശാന്തനായിരിക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
2022-ലാണ് മാത്യു എബ്ദെനും ബൊപ്പണ്ണയും ഒന്നിച്ച് മത്സരിക്കാനാരംഭിച്ചത്. തുടക്കത്തില്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മാസ്റ്റേഴ്‌സ് 1000 ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. ഇന്ത്യന്‍ വെല്‍സില്‍ കിരീടവും നേടി. തുടര്‍ന്നായിരുന്നു യുഎസ് ഓപ്പണില്‍ ഫൈനല്‍ വരെയെത്തിയ പോരാട്ടം. കഴിഞ്ഞ വര്‍ഷം സാനിയ മിര്‍സയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലിലെത്താനും ബൊപ്പണ്ണയ്ക്കായി. പിന്നാലെ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സ് സ്വര്‍ണവും നേടി. ഒടുവിലിതാ 43-ാം വയസില്‍ ഗ്രാന്‍സ്ലാം കിരീടവുമുയര്‍ത്തി ടെന്നീസ് ചരിത്രത്തിലെ പ്രായമേറിയ കിരീടജേതാവിലേക്ക്. 2022-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ 40 വയസ്സും 284 ദിവസവും പ്രായമുണ്ടായിരുന്ന ഡച്ച് താരം ജീന്‍ ജൂലിയന്‍ റോജറുടെ റെക്കോഡാണ് താരം മറികടന്നത്. ലോക ഒന്നാം നമ്പറായതോടെ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിന്റെ യോഗ്യതയ്ക്കരികില്‍ കൂടിയാണ് ബൊപ്പണ്ണ.
Content Highlights: iyengar yoga helped rohan bopanna become oldest grand slam champion