1983@40; കോരിത്തരിപ്പിച്ച വിശ്വവിജയം, ക്രിക്കറ്റിലെ മഹാത്ഭുതം, കപില്‍ ഇന്നിങ്‌സ് 'കാണാനാകാതെ' ഇന്ത്യ

'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും', 1983-ലെ ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചൂണ്ടിക്കാട്ടി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്‌സ് ഇക്കാര്യം പറഞ്ഞപ്പോള്‍ അന്ന് എണ്ണത്തില്‍ ഏറെ പിന്നിലായിരുന്ന ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ പോലും ചിരിക്കുകയാണുണ്ടായത്. അന്നുവരെ ക്രിക്കറ്റ് ഭൂപടത്തില്‍ കാര്യമായ അടയാളപ്പെടുത്തലുകളൊന്നും തന്നെ അവകാശപ്പെടാനില്ലാതിരുന്ന, അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് പറഞ്ഞാല്‍ ചിരിക്കാതെ പിന്നെങ്ങനെ?
എന്നാല്‍ 1983 ജൂണ്‍ 25-ന് ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്‌സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ, വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്‌സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ ചരിത്രഗാലറിയില്‍ കപ്പുയര്‍ത്തി. അന്നുവരെ കളിച്ച 52 ഏകദിനങ്ങളില്‍ 38 എണ്ണത്തിലും വിജയിച്ച വിന്‍ഡീസ് കരുത്തിനെയാണ് കലാശപ്പോരില്‍ കപിലും സംഘവും മറികടന്നത്.
Content Highlights: India s Historic Triumph 1983 Cricket World Cup turns 40