റാഫയുടെ റോജര്‍, റോജറുടെ റാഫ!; ഇനിയെന്നു കാണും ഈ ഫ്രെയിമുകൾ

#അഖിൽ തുളസീധരൻ
റോജർ ഫെഡററും റാഫേൽ നദാലും വിംബിൾഡൺ സെമി പോരാട്ടത്തിനുശേഷം.
റോജർ ഫെഡററും റാഫേൽ നദാലും വിംബിൾഡൺ സെമി പോരാട്ടത്തിനുശേഷം.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മയാമി മാസ്റ്റേഴ്സില്‍ ഇതിഹാസതാരം ഫെഡററുടെ എതിരാളി സ്പെയിനില്‍ നിന്നുള്ള ഒരു 17 വയസ്സുകാരനായിരുന്നു. നീളന്‍ തലമുടിയെ ഹെഡ് ബാന്‍ഡില്‍ ഒതുക്കിനിര്‍ത്തിയ ആ പയ്യന്‍ കരുത്തുള്ള ഷോട്ടുകളാല്‍ കളം നിറഞ്ഞുകളിച്ചു. ഒടുവില്‍ സാക്ഷാല്‍ ഫെഡററെ വീഴ്ത്തിയ ശേഷം അവന്‍ ടെന്നീസ് ലോകത്ത് തന്റെ വരവറിയിച്ചു.

''ഞാന്‍ ലോകത്തിന്റെ നെറുകയിലെന്നാണ് കരുതിയിരുന്നത്. ആദ്യമായി അവനെ നേരിടുന്നത് വരെ മാത്രം...' ഒരിക്കല്‍ ഫെഡറര്‍ അവനെക്കുറിച്ച് പറഞ്ഞു. പിന്നീടൊരു ദശാബ്ദത്തിലുമേറെക്കാലം ഫെഡറര്‍ ലോക ടെന്നീസിന്റെ വേദിയില്‍ പോരടിച്ചത് റാഫേല്‍ നദാല്‍ എന്ന അതേ 17 വയസ്സുകാരനൊപ്പമായിരുന്നു.

'ഞാന്‍ നിങ്ങളെ തോല്‍പ്പിച്ചതിലുമേറെ നിങ്ങളെന്നെ തോല്‍പ്പിച്ചിട്ടുണ്ട് . ഈ ഗെയിമിനെ കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞത് നിങ്ങളൊരാള്‍ കാരണമാണ്. പ്രിയ റാഫ, നിങ്ങള്‍ക്കായി കയ്യടിക്കാന്‍ എന്നും ഈ പഴയ സുഹൃത്ത് ഒപ്പമുണ്ടാകും..' 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഡേവിസ് കപ്പില്‍ തന്റെ അവസാന മത്സരം കളിച്ച് കോര്‍ട്ടിനോട് വിട പറഞ്ഞ നദാലിനെക്കുറിച്ച് ഫെഡറര്‍ ഇങ്ങനെയെഴുതി: ഫെഡറര്‍-നദാല്‍ റൈവല്‍റി ലോക പ്രശസ്തമാണ് എന്നാല്‍ അവരുടെ സൗഹൃദത്തിന്റെ കഥ അത്രയേറെ പറഞ്ഞുകേട്ടിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലേവര്‍ കപ്പില്‍ ഫെഡററുടെ അവസാന മത്സരത്തില്‍ ഒപ്പം റാക്കറ്റേന്തിയത് നദാലായിരുന്നു. മത്സരശേഷം ഫെഡറര്‍ക്കൊപ്പമിരുന്ന് കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു നദാല്‍. ശത്രുത കളിക്കളത്തില്‍ മാത്രമായിരുന്നു, ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ പന്താട്ടമായിരുന്നു എപ്പോഴും.

പരസ്പരം ഏറ്റുമുട്ടിയ 40 മത്സരങ്ങളില്‍ 24-ലും ജയം നദാലിനൊപ്പമായിരുന്നു. കളിമണ്‍ കോര്‍ട്ട് നദാലിന്റെയും പുല്‍ കോര്‍ട്ട് ഫെഡററുടെയും ടെറിട്ടറിയായിരുന്നു. 42 ഗ്രാന്‍സ്ലാം കിരീടങ്ങളാണ് ഇരുവരുടെയും മാത്രം പേരിലുള്ളത്. വിംബിള്‍ഡണില്‍ ഫെഡററും റോളണ്ട് ഗാരോസില്‍ നദാലും കിരീടം വെച്ച രാജാക്കന്മാര്‍ തന്നെയായിരുന്നു. 103 ട്രോഫികള്‍ ഫെഡററുടെയും 92 കിരീടങ്ങള്‍ നദാലിന്റെയും ക്യാബിനറ്റിലുണ്ട്. 1251 കരിയര്‍ ജയങ്ങള്‍ ഫെഡററുടെയും 1080 ജയങ്ങള്‍ നദാലിന്റെയും പേരിലുണ്ട്. ഫെഡറര്‍, കരിയറില്‍ 310 ആഴ്ചകള്‍ ലോക ഒന്നാം നമ്പര്‍പദം അലങ്കരിച്ചപ്പോള്‍, 209 ആഴ്ചകള്‍ നദാല്‍ ലോക ടെന്നീസിന്റെ തലപ്പത്തിരുന്നു.ഒരുമിച്ചെടുക്കുമ്പോള്‍ ടെന്നീസിലെ ഒരു യുഗം ഈ രണ്ടുപേരുകളില്‍ മാത്രം വന്നുനില്‍ക്കും

പരസ്പരം നേരിട്ട ആദ്യ മത്സരത്തില്‍ ജയം നദാലിനൊപ്പം നിന്നെങ്കില്‍ അവസാന മത്സരം സ്വന്തമാക്കിയത് ഫെഡററായിരുന്നു. 2004 മയാമി മാസ്റ്റേഴ്സില്‍ ആദ്യ രണ്ട് സെറ്റുകളും നേടിയാണ് നദാല്‍ ഫെഡററെ വീഴ്ത്തിയത്. ലോക ഒന്നാം നമ്പറായിരുന്ന ഫെഡററെ നദാല്‍ ഞെട്ടിക്കുകയായിരുന്നു. 2019 വിംബിള്‍ഡണ്‍ സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ നേടിയാണ് നദാലിനെതിരായ അവസാന മത്സരം ഫെഡറര്‍ ആഘോഷിച്ചത് എന്നാല്‍ ഫൈനലില്‍ ഫെഡററെ വീഴ്ത്തി ജോക്കോവിച്ച് കിരീടമുയര്‍ത്തിയതും ചരിത്രമാണ്.

കോര്‍ട്ടിന് പുറത്ത് റാഫയും റോജറും സൗഹൃദമായിരുന്നു സെര്‍വ് ചെയ്തിരുന്നത്. 2016-ല്‍ നദാല്‍ ടെന്നീസ് അക്കാദമി തുറന്നപ്പോള്‍ ഉദ്ഘാടകനായി ക്ഷണിച്ചത് ഫെഡററെയായിരുന്നു. പിന്നീട് നദാലിന്റെ അക്കാദമിയിലാണ് ഫെഡറര്‍ കുട്ടികളെ പരിശീലനത്തിനയച്ചതും. ടൂര്‍ണമെന്റുകളില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ഒരാള്‍ക്കൊപ്പം മറ്റൊരാളുണ്ടായിരുന്നു. 2020-ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ ചാരിറ്റിക്കായി ഇരുവരും എക്‌സിബിഷന്‍ മാച്ചില്‍ ഏറ്റുമുട്ടിയപ്പോള്‍ 51,954 പേരാണ് ആ മത്സരം കാണാനെത്തിയത്. ടെന്നീസില്‍ കാണികളുടെ എണ്ണത്തില്‍ റെക്കോഡിട്ട ആ ഒരൊറ്റ മത്സരത്തിലൂടെ 3 മില്യണ്‍ യു എസ് ഡോളറാണ് ഇരുവരും റെയ്സ് ചെയ്തത്.

ഫെഡററും നദാലും

റാഫ-റോജര്‍ സൗഹൃദത്തിന്റെ ആഴം കണ്ടത് ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തിലായിരുന്നു. 2022-ല്‍ ലേവര്‍ കപ്പ് ഡബിള്‍സ് ഫൈനലില്‍ ഇരുവരും ഒരുമിച്ച് റാക്കറ്റേന്തി.. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരാളാണ് പടിയിറങ്ങുന്നതെന്നായിരുന്നു നദാലിന്റെ ആദ്യ പ്രതികരണം. ഫെയര്‍വെല്‍ ചടങ്ങില്‍ എല്ലി ഗൂള്‍ഡിങ്ങിന്റെ പാട്ടുകേട്ട് വിങ്ങിപ്പൊട്ടിയ ഫെഡററുടെ അരികില്‍ കണ്ണീരടക്കാനാകാതെ നദാലുമുണ്ടായിരുന്നു. പുതിയ സ്‌കൂളിലേക്ക് മാറിപ്പോകുന്ന പ്രിയപ്പെട്ട കൂട്ടുകാരെപ്പോലെ ഇരുവരും പൊട്ടിക്കരഞ്ഞു. മത്സരശേഷം ഹൃദയം കൊണ്ട് കെട്ടിപ്പിടിച്ചു. നദാലിന്റെ വിരമിക്കല്‍ മത്സരത്തിന് ശേഷം റോജര്‍ എഴുതിയ വികാരനിര്‍ഭരമായ കുറിപ്പില്‍ ഇരുവരും ഒരുമിച്ച് നടത്തിയ ആ വലിയ യാത്രയുടെ കയ്പ്പും മധുരവുമെല്ലാമുണ്ടായിരുന്നു.

ഫെഡറര്‍-നദാല്‍ യുഗത്തിനുശേഷം ടെന്നീസില്‍ പുതിയ പോരാട്ടങ്ങളുടെ കാലമാണിത്. സിന്നറും സ്വരേവും അല്‍ക്കരാസുമുള്‍പ്പെടെയുള്ളവര്‍ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. എന്നാല്‍ ലാലേട്ടനെയും മമ്മൂക്കയെയും പോലെ വീണ്ടുമൊരു റാഫ-റോജര്‍ യുഗം ഇനിയുണ്ടാകുമോ എന്നറിയില്ല. കോര്‍ട്ടിലെ ശത്രുക്കള്‍ റാക്കറ്റ് താഴെ വെക്കുമ്പോള്‍ ഉറ്റമിത്രങ്ങളാകുന്ന മനോഹരമായ കാഴ്ചകള്‍ ഇനിയുമുണ്ടാകട്ടെ. ഈ ഗെയിം കൂടുതല്‍ സുന്ദരമാകട്ടെ.

Content Highlights: Federer Nadal tennis rivalry friendship Grand Slam Miami Masters Wimbledon Roland Garros Davis Cup