ടിക്കി ടാക്ക കാലം പിന്നിട്ട് സ്‌പെയിന്‍; യൂറോ ചാമ്പ്യന്‍മാരെ കാത്തിരിപ്പുണ്ട് മെസ്സിപ്പട

Photo: Getty Images
Photo: Getty Images

സ്‌പെയിനിന്റെ രാത്രിയായിരുന്നു അത്, സ്‌പെയിന്‍ നിറഞ്ഞുനിന്ന മത്സരവും. കേവലം ഫൈനല്‍ ദിവസം മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം കാളപ്പോരിന്റെ നാട്ടുകാര്‍ നിറഞ്ഞുനിന്ന ടൂര്‍ണമെന്റായിരുന്നു ജര്‍മനിയിലേത്. കഴിഞ്ഞ ലോകകപ്പില്‍ പോലും പാസിങ് ഗെയിമിന്റെ പേരില്‍ പഴിയേറെ കേട്ടിരുന്നു സ്പാനിഷ്‌നിര. എതിരാളികള്‍ക്ക് പന്തുനല്‍കാതെ കുറിയ പാസുകളിലൂടെ മുന്നേറുന്ന അവരുടെ ടിക്കി ടാക്ക ശൈലിക്കെതിരേ ആരാധകരടക്കം രംഗത്തെത്തി. വിന്‍സെന്റ് ഡെല്‍ബോസ്‌കും ജുലെന്‍ ലോപ്റ്റെഗുയിയും ലൂയിസ് എന്റിക്വെയുമെല്ലാം കളിപഠിപ്പിച്ച സ്‌പെയിനിന്റെ കടിഞ്ഞാണ്‍ ലൂയിസ് ഡെലാ ഫുഎന്‍ഡെയിലേക്കെത്തിയപ്പോള്‍ ടീം അടിമുടി മാറി. ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ അതില്‍ ആര്‍ക്കും തന്നെ അതിശയമൊന്നുമുണ്ടായില്ല, ആരുടെയും നെറ്റി ചുളിഞ്ഞുമില്ല. കാരണം ക്രൊയേഷ്യയും ഇറ്റലിയും ജര്‍മനിയും ഫ്രാന്‍സുമെല്ലാം ടൂര്‍ണമെന്റില്‍ ഇതിനോടകം തന്നെ സ്പാനിഷ് ഫുട്‌ബോളിന്റെ മാറ്റം കളിക്കളത്തില്‍ അനുഭവിച്ചറിഞ്ഞിരുന്നു. കാലത്തിനൊത്ത് കോലം മാറ്റിയ സ്പാനിഷ് സംഘത്തിന് ഇനി അടുത്ത് മറ്റൊരു കിരീടപ്പോര് കൂടിയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ഫൈനലിസിമ പോരാട്ടത്തില്‍ കോപ്പ അമേരിക്ക ജേതാക്കളായ അര്‍ജന്റീനയാണ് സ്‌പെയിനിന്റെ എതിരാളികള്‍.

ഫൈനല്‍ പോരാട്ടത്തിന്റെ തുടക്കത്തില്‍ സ്‌പെയിന്‍ ടീമിനെ കണ്ട എല്ലാവരും ഒന്ന് സംശയിച്ചിരുന്നു. മുന്‍ മത്സരങ്ങളിലെ വേഗവും താളവും വിങ്ങുകളിലൂടെയുള്ള കടന്നാക്രമണവുമെല്ലാം ടീം മാറ്റിവെച്ചിരുന്നു, ഒരു പരിധിവരെ. ഒടുവില്‍ രണ്ടാം പകുതിയിലാണ് ആ സംശയത്തിന് ഉത്തരം കിട്ടിയത്. ഇംഗ്ലീഷ് ടീമിനെ ആദ്യ 45 മിനിറ്റും പഠിക്കുകയായിരുന്നു ഫുഎന്‍ഡെയും കുട്ടികളും. ഇംഗ്ലണ്ട് താരങ്ങള്‍ പന്ത് റാഞ്ചാന്‍ എത്താതിരുന്നതോടെ അത് കൈവശം വെച്ച് ടീം ആദ്യ പകുതിയിലുടനീളം ഇംഗ്ലീഷ് ടീമിനെ പഠിച്ചു.

Content Highlights: euro cup 2024 a second spanish revolution in world football is underway

Continue reading