കളിയില്‍ ഉയര്‍ന്നപ്പോഴും താന്‍ കളിച്ചുവളര്‍ന്ന ചെറുടീമുകളെ മറക്കാതിരുന്ന ദേവാനന്ദ്

1973-ല്‍ കേരള ഫുട്ബോളില്‍ ചരിത്രം സൃഷ്ടിച്ച ചാമ്പ്യന്‍ ടീമിലെ പല കളിക്കാരേയും അപേക്ഷിച്ച് ബി. ദേവാനന്ദ് ചുരുങ്ങിയ കാലമേ കേരളത്തില്‍ കളിക്കുകയുണ്ടായുളളൂ. എങ്കിലും ഡിഫന്‍സില്‍ മെല്ലിച്ചു നീണ്ട, ഈ കളിക്കാരന്‍ നടത്താറുളള 'വൃത്തി'യുളള പ്രകടനം എളുപ്പമൊന്നും മറക്കാന്‍ വയ്യ.
1975-ല്‍ ടാറ്റാസില്‍ ചേര്‍ന്ന ദേവാനന്ദിന്റെ കളി പിന്നീട് നമ്മുടെ ശ്രദ്ധയില്‍ നിന്ന് മറഞ്ഞു. ടാറ്റാസ്, നിസാം ഗോള്‍ഡ് കപ്പും ബന്ദോദ്കര്‍ ട്രോഫിയും വിറ്റല്‍ ട്രോഫിയും ലീഗ് ചാമ്പ്യന്‍ഷിപ്പും നേടുമ്പോള്‍ ദേവാനന്ദ് ടീമിനോടൊപ്പമുണ്ടായിരുന്നു. 1975-ല്‍ മഹാരാഷ്ട്ര ടീമിനോടൊപ്പം സന്തോഷ് ട്രോഫി കളിക്കാന്‍ കോഴിക്കോട്ട് എത്തുകയുണ്ടായി. പക്ഷേ, കളിക്കാന്‍ കഴിഞ്ഞില്ല. 1982-ല്‍ രംഗം വിടുകയും ചെയ്തു.
1973-ലെ ടീമംഗങ്ങളോടൊപ്പം, 19993-ലെ കേരളത്തിന്റെ ഉദ്ഘാടന മത്സരം കാണാന്‍ ദേവാനന്ദും ഉണ്ടായിരുന്നു. സന്തോഷ് ട്രോഫിക്കു പുറമെ, കേരളത്തിനു പുറത്തുവെച്ച് ആദ്യമായി ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍മാര്‍ക്കുളള അശുതോഷ് മുഖര്‍ജി ഷീല്‍ഡ് നേടിയ കലിക്കറ്റ് സര്‍വകലാശാലാ ടീമിലും 1972-ല്‍ ബി.സി. റോയ് ട്രോഫി നേടിയ ടീമിലും 1974-ല്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമിലും ഈ കണ്ണൂര്‍ സ്വദേശി അംഗമായിരുന്നു.
1974-ല്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ ഇറാനുമായി പങ്കുവെയ്ക്കുകയായിരുന്നു. ആ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഒരേയൊരു നേട്ടവും അതുതന്നെ. അന്ന് സ്വര്‍ണമെഡലുകള്‍ ഇരുടീമുകള്‍ക്കും പങ്കുവെച്ച് നല്‍കുകയായിരുന്നു. 16 സ്വര്‍ണമെഡലുകള്‍ ഇരുടീമുകള്‍ക്കുമായി പങ്കുവെച്ചു. ബാക്കി വെളളിയും. ആദ്യം ദേവാനന്ദിനു കിട്ടിയത് സ്വര്‍ണമായിരുന്നു. പിന്നീട് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും സ്വര്‍ണം നീക്കിവെച്ച് ബാക്കി പങ്കുവെയ്ക്കാന്‍ നറുക്കെടുത്തപ്പോള്‍ കിട്ടിയത് വെളളി.
കളിയില്‍ ഉയര്‍ന്നപ്പോഴും ദേവാനന്ദ് താന്‍ കളിച്ചുവളര്‍ന്ന ചെറുടീമുകളെ മറക്കുകയുണ്ടായില്ല. 1973-ല്‍ സന്തോഷ് ട്രോഫി ടീമിന്റെ അവസാനത്തെ ട്രയല്‍സില്‍ പങ്കെടുത്താണ് കണ്ണൂര്‍ എസ്.എന്‍ കോളേജിനു വേണ്ടി ഇന്റര്‍ കൊളീജിയറ്റ് സോണല്‍ മത്സരം കളിക്കാന്‍ കണ്ണൂരിലേക്ക് വണ്ടികയറിയത്. അശുതോഷ് മുഖര്‍ജി ടൂര്‍ണമെന്റിനു പോയതുകാരണം തുടക്കത്തിലേ ക്യാമ്പില്‍ ചെല്ലാനും കഴിഞ്ഞില്ല. അതുകൊണ്ടൊക്കെ ടീമിലുണ്ടാവുമോ എന്നായിരുന്നു സംശയം. ഏതായാലും തിരിച്ചുചെന്ന് കളിച്ചു. ആ ദിവസമായിരുന്നു ടീം പ്രഖ്യാപനം. കളി കഴിഞ്ഞപ്പോള്‍ കോളേജിന്റെ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ദാമോദരന്‍ സാര്‍ പറഞ്ഞു ദേവാനന്ദ് ടീമിലുണ്ടെന്ന്.
അതിനു മുമ്പത്തെ വര്‍ഷവും ദേവാനന്ദ് ഗോവയില്‍ കേരളത്തിനുവേണ്ടി ജേഴ്സിയണിഞ്ഞിരുന്നു. കേരളം മികച്ച കളി പുറത്തെടുത്ത ടൂര്‍ണമെന്റായിരുന്നു അത്. ലീഗില്‍ ബംഗാളിനോട് സമനില (1-1) പാലിച്ച കേരളം സെമിയില്‍ എത്തേണ്ടതായിരുന്നു. പക്ഷേ അവസാന മത്സരത്തില്‍ മഹാരാഷ്ട്ര, തമിഴ്നാടിനോട് തോറ്റതോടെ കേരളം കണക്കുകൂട്ടലില്‍ പുറത്ത്. രണ്ടാം നിരയെ ഇറക്കിയ മഹാരാഷ്ട്ര കളി തോല്‍ക്കുകയായിരുന്നു. അവരുടെ മലയാളി താരങ്ങള്‍ നടരാജനും സുകുമാരനും മറ്റും കേരളത്തെ രക്ഷിക്കാന്‍ നോക്കി. പക്ഷേ എന്തുകാര്യം.
ബംഗാളിനെതിരേയുളള മത്സരവും ദേവാനന്ദിന് മറക്കാന്‍ വയ്യാത്തതാണ്. അവരുടെ മികച്ച വിംഗര്‍ സ്വപന്‍സെന്‍ ഗുപ്തയുടെ പിന്നാലെ ഓടിയോടി, പകുതിയായപ്പോഴേക്കും അദ്ദേഹം തളര്‍ന്നു. കോച്ചിനോട് ഇനി വയ്യ, തന്നെ മാറ്റണം എന്ന് പറഞ്ഞു. സുഖക്കേട് മനസിലാക്കിയ കോച്ച് ദേവസ്സിക്കുട്ടി അതിന് അനുവദിച്ചില്ല. സ്വപനെ നേരിടാനാണ് പറഞ്ഞത്. രണ്ടാമത്തെ 'ടാക്കിളി'ല്‍ സ്വപന്‍ വീണുപുറത്ത്. പിന്നെ വന്നത് ഭൗമിക്ക്. പിന്നീട് ദേവാനന്ദ് ഭൗമിക്കിനെ പന്ത് തൊടീക്കുകയുണ്ടായില്ല. കാണികള്‍ ഒന്നടങ്കം കേരളത്തിന്റെ ഭാഗത്തായിരുന്നു. ഒടുവില്‍ കേരളം ഗോള്‍ മടക്കി. ആവേശത്തളളിച്ചയില്‍ കാണികള്‍ എഴുന്നേറ്റപ്പോള്‍ ഒരു ഭാഗത്തെ ഗ്യാലറി അമര്‍ന്നു.
കണ്ണൂര്‍ ബ്രദേഴ്സിനെക്കുറിച്ചും കോച്ച് ചട്ടവാസുവിനെക്കുറിച്ചും പറഞ്ഞപ്പോള്‍ ദേവാനന്ദിന് ഇതേ ആവേശം തന്നെ. ബ്രദേഴ്സ് 'ബി' ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെടുന്നത് തടഞ്ഞത് ദേവാനന്ദ് അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. അടിമുടി ബ്രദേഴ്സുകാരനായ ദേവാനന്ദ് 'എ' ഡിവിഷനില്‍ അവര്‍ക്കുവേണ്ടി ഏതാനും മത്സരങ്ങള്‍ കളിച്ചതും ആ തവണ മാത്രമായിരുന്നു.
പഠിക്കുമ്പോള്‍ ഫുട്ബോളിനു പുറമെ ക്രിക്കറ്റും ഷട്ടിലും ഇഷ്ടവിനോദങ്ങളായിരുന്നു. ഷട്ടിലില്‍ യൂണിവേഴ്സിറ്റി ടീമില്‍ കടന്നുകൂടാമായിരുന്നു. അന്ന് കളിച്ചിരുന്നുവെങ്കില്‍ അക്കാലത്ത് പ്രതിനിധീകരിച്ചിരുന്ന സാക്ഷാല്‍ പ്രകാശ് പദുക്കോണിനോട് കളിക്കാനും അവസരം കിട്ടുമായിരുന്നുവെന്ന് ഒരല്‍പം നഷ്ടബോധത്തോടെ തന്നെ ദേവാനന്ദ് ഓര്‍ത്തു. ഫുട്ബോളിന് തടസ്സമാവുന്നതുകൊണ്ട് അധികൃതര്‍ തന്നെ ദേവാനന്ദിനെ പിന്തിരിപ്പിച്ചതായിരുന്നു.
ക്ലബ്ലിന്റെ അച്ചടക്കനിയമങ്ങള്‍ അനുസരിച്ചു പോന്നിട്ടുളള ദേവാനന്ദ്, കൂട്ടുകാരില്‍ പലരും സെവന്‍സിലേക്ക് തിരിഞ്ഞിട്ടും അങ്ങോട്ടു നോക്കുകയുണ്ടായില്ല. റോഡിലൂടെ പോവുമ്പോള്‍ മൈക്ക് വെച്ച കാറില്‍ നിന്ന് താന്‍ ഇന്നിടത്ത് കളിക്കുന്നു എന്ന അനൗണ്‍സ്മെന്റ് കേട്ട് അന്തംവിട്ടുപോയിട്ടുണ്ട് ദേവാനന്ദ്.
(മുന്‍പ് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Devanand did not forget the small teams he grew up playing in