ആ സ്വിങ്ങിനു മുന്നിൽ ബാറ്റർമാർക്ക് ഇന്നും ഉത്തരമില്ല; 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ഭുവി തിരിച്ചെത്തുമ്പോൾ...

ന്യൂസീലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചത് ഒക്ടോബർ ആറാം തീയതിയാണ്. ആ നിമിഷംതൊട്ട് ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെയെല്ലാം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും നിറയുന്ന ഒരു മുഖമുണ്ട്, അയാളുടെ സുന്ദരമായ പന്തുകളുടെ ദൃശ്യങ്ങളുണ്ട്, ആ പന്തുകളുടെ ചലനം മനസിലാക്കാൻ സാധിക്കാതെ ക്രീസിൽ നിസ്സഹായരായി പോകുന്ന ബാറ്റർമാരുടെ നിരാശയുണ്ട്. നാലു വർഷത്തോളം ടീമിന് പുറത്തു നിർത്തിയ ഒരാളെ, അയാളുടെ 36-ാം വയസിൽ തിരികെ വിളിക്കുമ്പോൾ ഇന്ത്യൻ ടീമും സെലക്ടർമാരും തിരിച്ചറിയുന്ന ഒരു കാര്യമുണ്ട്. അയാളുടെ പന്തുകളുടെ മൂർച്ചയ്ക്ക് പകരംവെയ്ക്കാൻ പോന്ന ഒരാളെയും ഇക്കാലത്തിനിടയ്ക്ക് ഇന്ത്യൻ ടീമിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പറഞ്ഞുവരുന്നത് ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഭുവനേശ്വർ കുമാറിനെ കുറിച്ചുതന്നെ.

ഒരു പേസ് ബൗളറുടെ കൈയിൽ നിന്ന് പന്ത് പുറപ്പെടുമ്പോൾ ബാറ്റർക്ക് മുന്നിൽ രണ്ട് സാധ്യതകളാണുള്ളത്. ഒന്ന് ഇൻസ്വിങ് ചെയ്ത് പന്ത് അകത്തേക്ക് വരാം, അല്ലെങ്കിൽ ഔട്ട്‌സ്വിങ് ചെയ്ത് പന്ത് പുറത്തേക്ക് പോകാം. അവസാന നിമിഷംവരെ അതിന്റെ ദിശ തിരിച്ചറിയാനായില്ലെങ്കിൽ ലോകോത്തര ബാറ്റർമാർക്കുപോലും പിഴയ്ക്കാം. വേഗത്തേക്കാൾ പന്തിന്റെ ചലനത്തെ ആയുധമാക്കിയ, സ്വിങ് ബൗളിങ്ങിന്റെ ഈ സൗന്ദര്യം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയ താരമാണ് ഭുവി.

അങ്ങനെ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭുവി വീണ്ടും ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയാണ്. ഒക്ടോബർ 22-ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിനുള്ള ടി20 ടീമിലാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 നവംബർ 22-ന് ന്യൂസീലൻഡിനെതിരേ തന്നെയായിരുന്നു ഭുവിയുടെ അവസാന അന്താരാഷ്ട്ര മത്സരവും.

Photo: Getty Images

2026 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 28 വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനമാണ് ഭുവിയുടെ ഈ തിരിച്ചുവരവിന് വഴിമരുന്നായത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യൻ ടീമിൽ അനുഭവസമ്പത്തിന് ഇപ്പോഴും ഇടമുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഭുവനേശ്വറിന്റെ തിരഞ്ഞെടുപ്പ്.

എന്നാൽ ഈ തിരിച്ചുവരവ് ഒരു പ്രധാന ചോദ്യം കൂടി ഉയർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച പേസ് ബൗളിങ് നിരകളിലൊന്നായി മാറിയ ഇന്ത്യയ്ക്ക് ഭുവനേശ്വറിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ അതേ സവിശേഷതകളുള്ള മറ്റൊരു ബൗളറെ വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നോ?

2012 ഡിസംബർ 25-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - പാകിസ്താൻ ടി20 ആയിരുന്നു ഭുവിയുടെ അരങ്ങേറ്റ മത്സരം. എന്നാൽ അരങ്ങേറ്റത്തിന്റെ പരിഭ്രമമൊന്നും അന്ന് ആദ്യമായി പന്തെറിയാനെത്തിയ ആ 22-കാരനിൽ ഉണ്ടായിരുന്നില്ല. പന്ത് ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിച്ചുകൊണ്ട് പാകിസ്താൻ മുൻനിരയെ അദ്ദേഹം തകർത്തു. നാസിർ ജംഷേദിനെയും അഹമ്മദ് ഷെഹ്‌സാദിനെയും ഉമർ അക്മലിനെയും പുറത്താക്കിയ ഭുവി നാല് ഓവറിൽ വെറും ഒമ്പത് റൺസ് വഴങ്ങി അന്ന് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഒരു പുതിയ സ്വിങ് ബൗളറുടെ വരവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. ഇന്ത്യയിലെ പേസ് ബൗളിങ് പ്രതിഭകൾക്ക് വേഗം മാത്രമല്ല, കൃത്യതയും പന്തിന്റെ ചലനവുംകൊണ്ടും മത്സരങ്ങൾ നിയന്ത്രിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ചു. പിന്നാലെ പാകിസ്താനെതിരായ ഏകദിന അരങ്ങേറ്റത്തിൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഹഫീസിന്റെ കുറ്റിതെറിപ്പിച്ചുകൊണ്ടാണ് താരം വരവറിയിച്ചത്. മത്സരത്തിൽ ഒമ്പത് ഓവറുകളെറിഞ്ഞ ഭുവി, മൂന്നെണ്ണം മെയ്ഡനാക്കി. വെറും 27 റൺസിന് രണ്ടു വിക്കറ്റുകളായിരുന്നു ആ മത്സരത്തിൽ ഭുവിയുടെ പേരിൽ കുറിക്കപ്പെട്ടത്.

ഭുവനേശ്വറിന്റെ കരിയറിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് 2014-ലെ ഇംഗ്ലണ്ട് പര്യടനമായിരുന്നു. ലോർഡ്‌സിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ 82 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അലസ്റ്റർ കുക്ക്, സാം റോബ്‌സൺ, ഗാരി ബാലൻസ്, ഇയാൻ ബെൽ, ബെൻ സ്റ്റോക്‌സ് തുടങ്ങിയ ഇംഗ്ലീഷ് ബാറ്റർമാർ അദ്ദേഹത്തിന്റെ ഇരകളായി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി പന്ത് ഇരുവശങ്ങളിലേക്കും ചലിപ്പിക്കാനുള്ള ഭുവനേശ്വറിന്റെ മികവ് ആ മത്സരത്തിൽ പ്രകടമായി. രണ്ടാം ഇന്നിങ്‌സിൽ ബാറ്റുകൊണ്ട് 52 റൺസും അദ്ദേഹം സംഭാവന ചെയ്തു.

2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനവും ഭുവനേശ്വറിന്റെ ടെസ്റ്റ് കരിയറിലെ പ്രധാനപ്പെട്ട അധ്യായമാണ്. ജൊഹാനസ്ബർഗിലെ മൂന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകളും ബാറ്റിങ്ങിൽ നിർണായക സംഭാവനയും നൽകി അദ്ദേഹം ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലെ സ്വിങ് മികവ് മാത്രമല്ല. ട്വന്റി20 ക്രിക്കറ്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ബൗളിങ്ങിൽ മാറ്റം വരുത്താനുള്ള കഴിവും ഭുവിയെ വ്യത്യസ്തനാക്കുന്നു. പവർപ്ലേയിൽ പുതിയ പന്തുകൊണ്ട് വിക്കറ്റ് വീഴ്ത്തുന്ന ബൗളറായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ അവസാന ഓവറുകളിൽ യോർക്കറുകളും സ്ലോ ബോളുകളും കൃത്യമായ ലെങ്ത് മാറ്റങ്ങളും ഉപയോഗിക്കുന്ന ഡെത്ത് ഓവർ ബൗളറായും വളർന്നു.

2022 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്താനെതിരേ നാല് ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളെടുത്തത് അദ്ദേഹത്തിന്റെ ടി20 കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്. അതേ വർഷം ഇംഗ്ലണ്ടിനെതിരായ ബർമിങ്ങാം ടി20-ക്കിടെ പവർപ്ലേയിൽ 500 ഡോട്ട് ബോളുകൾ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടവും ഭുവി സ്വന്തമാക്കി. 2022 കലണ്ടർ വർഷത്തിൽ മാത്രം 37 ടി20 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഭുവനേശ്വർ നേടിയത്. ഇന്ത്യൻ ടി20 ബൗളർമാരുടെ അക്കാലത്തെ റെക്കോഡായിരുന്നു അത്.

പന്ത് റിലീസ് ചെയ്യുന്ന സമയത്തെ സീമിന്റെ നിലയും കൈത്തണ്ടയുടെ നിയന്ത്രണവുമാണ് ഭുവിയുടെ പന്തുകളുടെ ചലനത്തെ സ്വാധീനിക്കുന്നത്. ഒരേപോലുള്ള ബൗളിങ് ആക്ഷനിൽനിന്ന് വ്യത്യസ്ത ദിശകളിലേക്ക് പന്ത് ചലിപ്പിക്കാനുള്ള ഈ കഴിവാണ് ബാറ്റർമാർക്ക് വെല്ലുവിളിയാകുന്നത്. ഇനി പന്ത് സ്വിങ് ചെയ്യാത്ത സാഹചര്യങ്ങളിലും ലെങ്ത് മാറ്റിയും സ്ലോ ബോളുകളും യോർക്കറുകളും ഉപയോഗിച്ചും റൺനിരക്ക് നിയന്ത്രിക്കാൻ ഭുവനേശ്വറിന് കഴിയും.

സ്വിങ് ലഭിക്കാത്ത സാഹചര്യങ്ങളിൽ ബൗളിങ് ലെങ്ത് മാറ്റേണ്ടിവരുമെന്ന് 2017-ലെ ചാമ്പ്യൻസ് ട്രോഫിക്കിടെ ഭുവനേശ്വർ തന്നെ വിശദീകരിച്ചിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ബൗളിങ്ങിൽ മാറ്റം വരുത്താനുള്ള ശേഷിയാണ് അദ്ദേഹത്തിന്റെ ദീർഘകാല കരിയറിന്റെ മറ്റൊരു അടിസ്ഥാനം.

Photo: Getty Images

2018-നുശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഭുവിക്ക് അവസരങ്ങൾ ലഭിച്ചില്ല. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവിധ ഫോർമാറ്റുകളിലെ ടീമിന്റെ മാറുന്ന മുൻഗണനകളും അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. 2022 നവംബറോടെ പരിമിത ഓവർ ടീമുകളിലെയും സ്ഥാനം താരത്തിന് നഷ്ടമായി.

പക്ഷേ, ഭുവനേശ്വർ പുറത്തുപോയതോടെ ഇന്ത്യൻ പേസ് ബൗളിങ് ദുർബലമായി എന്ന വിലയിരുത്തൽ ശരിയാവില്ല. ജസ്പ്രീത് ബുംറ ലോകത്തിലെ ഏറ്റവും മികച്ച പേസർമാരിലൊരാളായി വളർന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്ത്യയുടെ പ്രധാന ബൗളർമാരായി മാറി. അർഷ്ദീപ് സിങ് ടി20-യിൽ പുതിയ പന്തുകൊണ്ടും അവസാന ഓവറുകളിലും മികവ് തെളിയിച്ചു. എന്നാൽ ഭുവിയിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടെയെല്ലാം ബൗളിങ് ശൈലി.

ബുംറയുടെ കരുത്ത് വ്യത്യസ്തമായ ബൗളിങ് ആക്ഷനും കൃത്യതയും യോർക്കറുകളും പേസിലെ വൈവിധ്യവുമാണ്. ഷമി സീം പൊസിഷനും പിച്ചിൽനിന്നുള്ള ചലനവും ഉപയോഗിച്ച് ബാറ്റർമാരെ പരീക്ഷിക്കുന്നു. സിറാജ് ആക്രമണോത്സുകമായ ലെങ്തും സീം മൂവ്‌മെന്റും ഉപയോഗിക്കുന്നു. അർഷ്ദീപ് പന്ത് സ്വിങ് ചെയ്യിക്കാൻ കഴിവുള്ള ഇടംകൈയൻ പേസറാണ്. ഇവർക്കെല്ലാം പന്ത് സ്വിങ് ചെയ്യിക്കാനാകുമെങ്കിലും, പന്തിനെ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിപ്പിക്കാൻ സാധിക്കും എന്നതായിരുന്നു ഭുവിയുടെ മികവ്.

പിന്നെയും ദീപക് ചാഹറായിരുന്നു ഭുവനേശ്വറിന്റെ ശൈലിയോട് ഏറെ സാമ്യമുള്ള ബൗളർമാരിലൊരാൾ. പുതിയ പന്ത് സ്വിങ് ചെയ്യിക്കുന്നതിലും പവർപ്ലേയിൽ വിക്കറ്റെടുക്കുന്നതിലും ചാഹർ മികവ് തെളിയിച്ചിരുന്നു. പക്ഷേ തുടർച്ചയായ പരിക്കുകൾ പിൽക്കാലത്ത് ചാഹറിന് തിരിച്ചടിയായി.

ഭുവനേശ്വറിനെപ്പോലെ പുതിയ പന്ത് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുകയും മത്സരത്തിന്റെ അവസാന ഓവറുകളിൽ ഫലപ്രദമായി പന്തെറിയാൻ സാധിക്കുകയും ചെയ്യുന്ന മറ്റൊരു ബൗളറെ സ്ഥിരമായി വളർത്തിയെടുക്കാൻ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നുവേണം പറയാൻ. ടി20യിൽ വേഗത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും പവർപ്ലേയിൽ വിക്കറ്റ് നേടുന്നതും റൺനിരക്ക് നിയന്ത്രിക്കുന്നതും ഒരുപോലെ നിർണായകമാണ്. ഈ രണ്ട് ഉത്തരവാദിത്വങ്ങളും ഒരുമിച്ച് നിറവേറ്റാൻ ഭുവനേശ്വറിന് കഴിഞ്ഞിരുന്നു.

2022-ൽ ദേശീയ ടീമിൽനിന്ന് പുറത്തായെങ്കിലും ഭുവി വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ചുകൊണ്ട് താരം തന്റെ ബൗളിങ് മികവ് നിലനിർത്താൻ ശ്രമിച്ചു. 2025-ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി 17 വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്. 2026-ൽ അത് 28 വിക്കറ്റുകളായി ഉയർന്നു.

ദേശീയ ടീമിൽനിന്നുള്ള ഒഴിവാക്കൽ മാനസികമായി തളർത്തിയെങ്കിലും ഭുവി പരിശീലനത്തിൽ വിട്ടുവീഴ്ച വരുത്തിയില്ല. ഫിസിയോതെറാപ്പിസ്റ്റ് രമ്‌നീഷ് വോഹ്‌റയുടെ സഹായത്തോടെ ഫിറ്റ്‌നസിന് കൂടുതൽ പ്രാധാന്യം നൽകി. ഭക്ഷണക്രമത്തിൽ പഞ്ചസാര, ഗ്ലൂട്ടൻ, ലാക്ടോസ് എന്നിവ ഒഴിവാക്കുകയും കഠിനമായ പരിശീലനം തുടരുകയും ചെയ്തു. ദിവസവും ആറുമണിക്കൂർവരെ പരിശീലനം നടത്തിയ അദ്ദേഹം ശരീരത്തിലെ കൊഴുപ്പിന്റെ അനുപാതം 19 ശതമാനത്തിൽനിന്ന് 14 ശതമാനമായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്. 36-ാം വയസിലും ഉയർന്ന നിലവാരത്തിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു ഈ മാറ്റങ്ങൾ. ആ കഠിനാധ്വാനത്തിനുള്ള ഫലമെന്നോണം ഇപ്പോഴിതാ ടീമിലേക്കുള്ള വിളിയും.

ന്യൂസീലൻഡിൽ നടക്കുന്ന മത്സരങ്ങളിലേക്ക് ഭുവിയെ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ ബൗളിങ് മികവ് കാരണം തന്നെയാണ്. സ്വിങ് ബൗളിങ്ങിന് അനുയോജ്യമായ സാഹചര്യങ്ങൾ ലഭിക്കുന്ന ഇടമാണ് ന്യൂസീലൻഡ്. അന്തരീക്ഷ സാഹചര്യങ്ങളും പിച്ചിലെ ഈർപ്പവും പന്തിന്റെ നിലയും അനുകൂലമായാൽ പുതിയ പന്തിലെ സ്വിങ് ബാറ്റർമാർക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കാൻ പോകുന്നത്.

കിവീസിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പര ഒക്ടോബർ 22-ന് ക്രൈസ്റ്റ്ചർച്ചിലാണ് ആരംഭിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിൽ അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മായങ്ക് യാദവ് എന്നിവർക്കൊപ്പമാണ് ഭുവനേശ്വറിന്റെ തിരിച്ചുവരവ്.

Photo: Getty Images

അതേസമയം 36-ാം വയസിലെ ഈ തിരിച്ചുവരവ് വെല്ലുവിളികൾ നിറഞ്ഞതാണ്. തുടർച്ചയായി മത്സരങ്ങൾ കളിക്കാനുള്ള ഫിറ്റ്‌നസ്, ബൗളിങ് വേഗം, ഫീൽഡിലെ വേഗത, അവസാന ഓവറുകളിലെ പ്രകടനം എന്നിവയെല്ലാം വിലയിരുത്തപ്പെടും. 2026 ഐ.പി.എല്ലിലെ മികവ് അന്താരാഷ്ട്ര തലത്തിലും ആവർത്തിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

അതേസമയം ഭുവനേശ്വറിന്റെ തിരിച്ചുവരവ് ടി20 ടീമിലേക്കാണെങ്കിലും ചർച്ചകൾ 2027-ലെ ഏകദിന ലോകകപ്പിലേക്കും നീളുകയാണ്. മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ, ലോകകപ്പിൽ ബുംറയും ഭുവനേശ്വറും ഒരുമിച്ച് കളിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏകദിന പരമ്പരയ്ക്കിടെ വെസ്റ്റിൻഡീസ് രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരേ 405 റൺസ് അടിച്ചെടുത്തതും മൂന്നാം ഏകദിനത്തിൽ 352 റൺസ് വിജയലക്ഷ്യം ചേസ് ചെയ്തതുമെല്ലാം ബുംറയില്ലാത്ത ഇന്ത്യൻ ബൗളിങ് നിരയുടെ ദൗർബല്യം വെളിപ്പെടുത്തുന്നതായിരുന്നു.

എന്നാൽ ടി20-യിൽ പുറത്തെടുക്കുന്ന മികവ് മാത്രം ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിന് മതിയാകില്ല. പത്ത് ഓവർ ബൗൾ ചെയ്യാനുള്ള ശേഷിയും ദൈർഘ്യമേറിയ സ്‌പെല്ലുകൾ എറിയാനുള്ള മികവും ഏകദിന ക്രിക്കറ്റിൽ നിർണായകമാണ്. 2022 ജനുവരിയിലാണ് ഭുവനേശ്വർ അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്.

മറുവശത്ത്, ഫോമും ഫിറ്റ്‌നസുമുള്ള താരങ്ങളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവഗണിക്കരുതെന്ന വാദവും ശക്തമാണ്. മുൻ ഇന്ത്യൻ താരം വസീം ജാഫർ ഭുവനേശ്വറിന്റെ തിരിച്ചുവരവിനെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പായാണ് വിശേഷിപ്പിച്ചത്.

140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന ബൗളർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും 130 കിലോമീറ്ററിനടുത്ത് വേഗത്തിൽ പന്തെറിഞ്ഞ് ബാറ്ററെ കുഴപ്പത്തിലാക്കാൻ കഴിയുന്നവർക്കും ക്രിക്കറ്റിൽ സ്ഥാനമുണ്ട്. പുതിയ പന്തിന്റെ സ്വിങ്, കൃത്യമായ ലെങ്ത്, സാഹചര്യങ്ങൾ വായിക്കാനുള്ള കഴിവ്, അവസാന ഓവറുകളിലെ പരിചയസമ്പത്ത് എന്നിവയെല്ലാം ഭുവനേശ്വറിന്റെ കരുത്താണ്.

Content Highlights: Bhuvneshwar Kumar returns to the Indian T20 squad after a 4-year hiatus at age 36., His comeback was fueled by a stellar 28-wicket performance in the 2026 IPL for RCB., He remains one of India's finest swing bowlers, filling a unique tactical gap in the pace attack., The upcoming New Zealand T20 series begins on October 22, 2026, in Christchurch.