100 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച ആദ്യ മലയാളി; നേട്ടവുമായി കോഴിക്കോട്ടുകാരന്‍ ബാസില്‍

കോഴിക്കോട്: ക്രിക്കറ്റില്‍ വലിയ മേല്‍വിലാസമുണ്ടാക്കിയ മലയാളികളുടെ എണ്ണം വളരെ കുറവാണ്. ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത്, സഞ്ജു സാംസണ്‍ എന്നിവരടങ്ങുന്ന ആ പട്ടിക തീരെ ചെറുതെന്നു തന്നെ പറയാം. എങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇവരില്‍ ആരെങ്കിലും 100 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരം. പക്ഷേ ഒരു മലയാളി ക്രിക്കറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 മത്സരങ്ങള്‍ തികച്ച് കളിച്ചിട്ടുണ്ട്. അത് ഇന്ത്യയ്ക്ക് വേണ്ടിയല്ലെന്ന് മാത്രം. യുഎഇ ദേശീയ ടീമിനായി കളിക്കുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി ബാസില്‍ ഹമീദാണ് ആ മലയാളി റെക്കോഡിനുടമ.
2027 ലോകകപ്പ് ലീഗ് 2 യോഗ്യതാ റൗണ്ടില്‍ സെപ്റ്റംബര്‍ 24-ാം തീയതി യുഎസ്എയ്‌ക്കെതിരേ കളിക്കാനിറങ്ങിയപ്പോഴാണ് ബാസില്‍ ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 43 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 50 റണ്‍സെടുത്ത് ബാസില്‍ റെക്കോഡ് നേട്ടം ഭംഗിയാക്കിയെങ്കിലും യുഎഇ ടീമിന് മത്സരം അത്ര ശുഭകരമായിരുന്നില്ല. 136 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ടീം നേരിട്ടത്. പിന്നാലെ വ്യാഴാഴ്ച നമീബിയക്കെതിരേ ബാസില്‍ 101-ാം മത്സരവും കളിച്ചു. 44 ഏകദിനങ്ങളും 57 ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ബാസിലിന്റെ നേട്ടം.
2023 ഓഗസ്റ്റ് 19-ാം തീയതി ഒരു ടി20 മത്സരത്തില്‍ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച യുഎഇ ടീമിലും ബാസിലുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റ് യോഗ്യതയുള്ള ഒരു പ്രധാന രാജ്യത്തിനെതിരായ യുഎഇയുടെ ആദ്യ ജയം കൂടിയായിരുന്നു അത്. 2019 മുതല്‍ യുഎഇ ടീമിന്റെ ഭാഗമാണ് ബാസില്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ മലയാളി താരവും ഈ 32-കാരന്‍ ഓള്‍റൗണ്ടറാണ്. കേരള രഞ്ജി ട്രോഫി ടീം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഇന്ത്യയ്ക്കായി കളിക്കണമെന്ന മോഹം മാറ്റിവെച്ച് പ്രവാസിയായി, ഒടുവില്‍ യുഎഇ ക്രിക്കറ്റ് ടീമിനൊപ്പം ലോകകപ്പ് വേദിവരെയെത്തിയ താരമാണ് ബാസില്‍.
2003-ല്‍ 11-ാം വയസുമുതല്‍ തന്നെ കളിയെ കാര്യമായെടുത്തുതുടങ്ങി. ജൂനിയര്‍ തലത്തില്‍ കോഴിക്കോട് ജില്ലാ ടീമിന് വേണ്ടി കളിച്ചായിരുന്നു തുടക്കം. അണ്ടര്‍ 25 വിഭാഗത്തില്‍ വരെ കേരളത്തിനായി കളിച്ചിരുന്നു. പ്ലസ് ടു വരെ കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഡിഗ്രിക്ക് ആദ്യം കോഴിക്കോട് ദേവഗിരി കോളേജില്‍ ചേര്‍ന്നെങ്കിലും പിന്നീട് എറണാകുളം ബിപിസിഎല്‍ കെആര്‍എല്‍ ടീം അവിടെ ലീഗ് കളിക്കാന്‍ ക്ഷണിച്ചതോടെ മഹാരാജാസ് കോളേജിലേക്ക് മാറി. ബിപിസിഎല്‍ ടീമിനായി ഓള്‍ ഇന്ത്യ ടൂര്‍ണമെന്റ്, എറണാകുളം ലീഗ് തുടങ്ങിയവയില്‍ കളിച്ചു. ലീഗ് മത്സരങ്ങളിലെ പ്രകടനം അങ്ങനെ ബാസിലിനെ 2015-ല്‍ തന്റെ 23-ാം വയസില്‍ രഞ്ജി ട്രോഫി സാധ്യതാ പട്ടികയിലെത്തിച്ചു. പക്ഷേ ഇതിനിടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കേണ്ട സാഹചര്യം ബാസിലിന് വന്നു. ഒരു ജോലിയില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ് കേരളത്തിനും ഇന്ത്യയ്ക്കും വേണ്ടി കളിക്കുകയെന്ന സ്വപ്നം മാറ്റിവെച്ച് ബാസില്‍ 2015-ല്‍ സ്വയം അറബിനാട്ടിലേക്ക് പറച്ചുനടുന്നത്.
യുഎഇയില്‍ അല്‍ നബൂത എന്ന ക്ലബ്ബിലായിരുന്നു തുടക്കം. ബുഹാതിര്‍ ലീഗ്, അബുദാബി ടി20 ട്രോഫി തുടങ്ങി യുഎഇയിലെ പ്രമുഖ ആഭ്യന്തര ലീഗുകളിലെല്ലാം അല്‍ നബൂതയ്ക്കായി കളത്തിലിറങ്ങിയ ബാസില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങി.
2015-ല്‍ യുഎഇയിലെത്തിയ ബാസില്‍ 2019-ലാണ് യുഎഇ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി കളിക്കണമെങ്കില്‍ അതേ രാജ്യത്ത് നാലു വര്‍ഷത്തെ താമസക്കാരനാണെന്നുള്ള രേഖ വേണമെന്നതാണ് ഐസിസി മാനദണ്ഡം. ഈ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ട് മാസത്തില്‍ കൂടുതല്‍ സ്വന്തം നാട്ടില്‍ പോയാല്‍ അത് അയോഗ്യതയാകും. അതിനാല്‍ നാട്ടിലേക്കുള്ള വരവ് കുറയ്ക്കുക എന്നതായിരുന്നു ആദ്യ കടമ്പയെന്ന് പറയുന്നു ബാസില്‍. നിലവില്‍ യുഎഇയുടെ ഗോള്‍ഡന്‍ വിസയുള്ള താരമാണ് അദ്ദേഹം.
യുഎഇ ആഭ്യന്തര ലീഗുകളില്‍ തകര്‍ത്ത് കളിക്കുന്നതിനിടെയാണ് 2019-ല്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ റഡാറില്‍ ബാസില്‍ പതിയുന്നത്. ആദ്യം ക്യാമ്പിലേക്ക് വിളിപ്പിച്ചു. രണ്ടുമൂന്ന് ദിവസത്തെ പരിശീലനത്തിനു ശേഷം കെനിയക്കും സിംബാബ്വെയ്ക്കുമെതിരായ രണ്ട് പരിശീലന മത്സരങ്ങളില്‍ കളിപ്പിച്ചു. ആദ്യ മത്സരത്തില്‍ 36 റണ്‍സും രണ്ടാം മത്സരത്തില്‍ 80 റണ്‍സുമെടുത്തതോടെ ബാസിലിനെ തേടി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ എത്തി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലീഗ് രണ്ടിലേക്കുള്ള ടീമിലേക്കാണ് ബാസിലിനെ ആദ്യം തിരഞ്ഞെടുത്തത്. 2019 ഡിസംബര്‍ എട്ടിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യുഎസിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. സ്‌കോട്ട്ലന്‍ഡിനെതിരായ മൂന്നാം മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി യുഎഇയെ വിജയത്തിലെത്തിച്ചു, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒടുവില്‍ ഓസ്ട്രേലിയയില്‍ നടന്ന 2022-ലെ ടി20 ലോകകപ്പില്‍ യുഎഇ ടീമിനായി കളിച്ചു. ശ്രീലങ്കയും നെതര്‍ലന്‍ഡ്സും നമീബിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലായിരുന്നു യുഎഇയുടെ സ്ഥാനം. ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാകാനായിരുന്നു വിധിയെങ്കിലും നമീബിയക്കെതിരേ വിജയം നേടിയ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാനും ബാസിലിനായി. ബാറ്റിങ്ങും ബൗളിങ്ങും മാത്രമല്ല ഫീല്‍ഡില്‍ തകര്‍പ്പന്‍ ക്യാച്ചുകളെടുക്കുന്നതിലും മിടുക്കനാണ് താരം. ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ മിഡ് ഓഫില്‍ പതും നിസ്സങ്കയെ പുറത്താക്കാന്‍ എടുത്ത ക്യാച്ച് ലോകകപ്പിനിടെ വൈറലായിരുന്നു.
Content Highlights: Basil Hameed a Kerala native, has become the first Malayali to play 100 international matches