‘മസിലുകൊണ്ടല്ല, മനസ്സുകൊണ്ടാണ് നമ്മൾ ജയിക്കുന്നത്’; സത്നാം അത് അർഹിച്ചിരുന്നു – അർജുന അവാർഡ് ജേതാവ് സജി തോമസ്

#ആദർശ് പി.ഐ.
സജി തോമസ്, സൽമാൻ ഖാനും സത്നാം സിങ്ങും | PTI
സജി തോമസ്, സൽമാൻ ഖാനും സത്നാം സിങ്ങും | PTI

ത്തർപ്രദേശുകാരൻ സൽമാൻ ഖാനും പഞ്ചാബുകാരൻ സത്നാം സിങ്ങും ചേർന്ന് തുഴഞ്ഞ് നേടിയത് ഏഷ്യൻ ഗെയിംസ് ഡബിൾ സ്കൾസിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു. ഇരുവരും വെങ്കലമെഡൽ നേട്ടത്തോടെയാണ് മടങ്ങിയത്. 2023 ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ സത്നാം ജപ്പാനിലും അതാവർത്തിച്ചു. അന്ന് ക്വാഡ്രാപ്പിളായിരുന്നെങ്കിൽ ഇന്ന് ഡബിൾ സ്കൾസ്. സത്നാം മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അത് അർഹിച്ചിരുന്നുവെന്നും അർജുന അവാർഡ് ജേതാവും സത്നാമിന്റെ മുൻ പരിശീലകനുമായ സജി തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

‘സത്‌നാം സിങ്ങിനെ ഏതാണ്ട് ഒന്നര വർഷം മുൻപാണ് പരിശീലിപ്പിച്ചത്. ആലപ്പുഴയിലെ സായ് അക്കാദമിയിൽ വെച്ചായിരുന്നു അത്. ആ പരിശീലനത്തിൽ തന്നെ സത്‌നാം കഴിവ് തെളിയിച്ചിരുന്നു. നല്ല അത്‌ലറ്റാണ്. ഇക്കുറി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ഗെയിംസിലും സത്‌നാമിന് വെങ്കലമെഡലുണ്ടായിരുന്നു. കഴിഞ്ഞ തവണ ക്വാഡ്രാപ്പിൾ സ്‌കൾസിലും ഇത്തവണ ഡബിൾ സ്‌കൾസിലുമാണ് മെഡൽ നേട്ടം. സത്‌നാം സിങ് മെഡൽ അർഹിച്ചിരുന്നു.’ - സജി തോമസ് പറഞ്ഞു.

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ സത്‌നാം സിങ് - സൽമാൻ ഖാൻ സഖ്യമാണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. നഗരഗാവ ഇന്റർനാഷണൽ റെഗാട്ട കോഴ്‌സിൽ നടന്ന മത്സരത്തിൽ 6:13.25 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് ഇന്ത്യൻ ജോഡി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസ് മെഡലാണിത്.

സത്‌നാം അന്ന് പരിശീലിക്കാനെത്തിയ വേളയിൽ തന്നെ മികവ് പുലർത്തിയതായി സജി തോമസ് ഓർത്തെടുക്കുന്നു. അന്ന് തന്നെ അതിന്റെ സൂചന ലഭിച്ചിരുന്നു. അന്ന് പരിശീലിക്കാൻ എത്തിയ സമയത്ത് പേഴ്‌സണൽ ബെസ്റ്റ് സമയം കണ്ടെത്തിയിരുന്നു. ചിട്ടയോടെ കാര്യങ്ങൾ ചെയ്യുന്നയാളായിരുന്നു സത്‌നാമെന്നും സജി തോമസ് പറഞ്ഞു.

പരിശീലിക്കാനെത്തുന്നവരോട് സജി തോമസിന് പറയാനുള്ളതിങ്ങനെ, ‘ഒരു ഡെഡിക്കേഷനും പാഷനും വേണം. മസിലുകൊണ്ടല്ല, മനസ്സുകൊണ്ടാണ് നമ്മൾ ജയിക്കുന്നത്. സ്‌പോർട്‌സെന്നല്ല എവിടെയായാലും അങ്ങനെയാണ്. ആ മനസ്സ് ഉണ്ടാവുകയെന്നത് പ്രധാനമാണ്. അതുണ്ടെങ്കിൽ മാത്രമേ റോവിങ് മേഖലയിലേക്ക് വന്നിട്ട് കാര്യമുള്ളൂ. ഒരു ടൈം പാസുപോലെ ചെയ്തിട്ട് കാര്യമില്ല.’

‘സത്‌നാമുൾപ്പെടെയുള്ളവർക്ക് മൂന്നുനേരമായിരുന്നു പരിശീലനം. രാവിലെ അഞ്ചുമണി മുതൽ 9 മണി വരെയുള്ള സമയത്താണ് ആദ്യ പരിശീലനം. പിന്നീട് 11-12.30 മണി വരെയും വൈകുന്നേരം 4.30 മണി മുതൽ 7 മണി വരെയും പരിശീലനം നടത്തും. പൊതുവെ സ്‌പോർട്‌സ് പരിശീലനങ്ങൾ പീരിഡൈസേഷൻ വെച്ചിട്ടാണ് നടത്തുന്നത്. അഞ്ചുമാസമാണ് ഒരു മത്സരത്തിന് മുൻപായി ഉള്ളതെങ്കിൽ ആ കാലയളവിനെ അഞ്ച് ഘട്ടങ്ങളായി തിരിക്കും. ജനറൽ പ്രിപ്രേറ്ററി, പ്രിപ്രേറ്ററി, പ്രീ കോംപറ്റീഷൻ, കോംപറ്റീഷൻ എന്നിങ്ങനെ പലമേഖലകളായി തിരിച്ചാണ് ഇത് ചെയ്യുന്നത്.’ - സജി തോമസ് വ്യക്തമാക്കി.

അതേസമയം പരിശീലനത്തിനായി വേണ്ടിവരുന്ന വലിയ ചെലവുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ഒളിമ്പിക് സ്റ്റാൻഡേർഡുള്ള ഒരു ബോട്ടിന് 20 ലക്ഷത്തിനടുത്ത് വിലയുണ്ട്. രണ്ട് പേർ തുഴയുന്ന ബോട്ടാണെങ്കിൽ 35 ലക്ഷത്തോളം വരും. പരിശീലനത്തിനെത്തുന്ന ഓരോ കുട്ടികൾക്കും ഓരോ ബോട്ട് നൽകാൻ സാധിക്കില്ല. സായിയോ സംസ്ഥാന സർക്കാരോ മറ്റ് വൻകിട ക്ലബ്ബുകളെയോ ഉൾക്കൊള്ളിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. സ്വന്തമായി ബോട്ട് വാങ്ങി പരിശീലനം നടത്തണമെങ്കിൽ വലിയ ചിലവ് വരും. പരിശീലനം എളുപ്പമല്ല. കുട്ടികൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തി സൽമാനെയും സത്‌നാമിനെയും ഡബിൾ സ്‌കൾസ് സഖ്യമാക്കിയത്. തുടക്കത്തിൽ ആശങ്കകളുണ്ടായെങ്കിലും വളരെ വേഗം ഇരുവരും പുതിയ കൂട്ടുകെട്ടുമായി പൊരുത്തപ്പെട്ടു. ഫൈനൽ മത്സരത്തിൽ 500 മീറ്റർ, 1000 മീറ്റർ, 1500 മീറ്റർ പോയിന്റുകളിൽ രണ്ടാം സ്ഥാനത്ത് തുടർന്ന ഇരുവരും അവസാനഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്ത് വെങ്കല മെഡൽ കഴുത്തിലണിഞ്ഞു. പഞ്ചാബിലെ മാൻസയിൽ നിന്നാണ് സത്‌നാം സിങ് വരുന്നത്. മുൻ ദേശീയ ഹാൻഡ്‌ബോൾ താരമായിരുന്ന സത്‌നാം 2018-ലാണ് റോവിങ്ങിലേക്ക് വരുന്നത്.

1994 മുതൽ റോവിങ് അത്‌ലറ്റായിരുന്ന സജി തോമസ്, റോവിങ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങളിലൊരാളാണ്. 2014-ലാണ് അർജുന അവാർഡ് ലഭിക്കുന്നത്. 2014 മുതൽ ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. ഇന്ത്യയുടെ ജൂനിയർ, സീനിയർ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. പിന്നീടാണ് സായ് അക്കാദമിയിലേക്ക് വരുന്നത്.

Content Highlights: Satnam Singh and Salman Khan secured India's first-ever Asian Games medal in the men's double sculls at the 2026 Asian Games. Arjuna Awardee Saji Thomas praised Satnam's dedication and past training at the SAI Academy