അന്ന് അച്ഛനെ സഹായിക്കാൻ കറവക്കാരൻ, ഇന്ന് നീരജിന്റെ പിൻഗാമിയായി മെഡൽ ജേതാവ്

ഉത്തർപ്രദേശിലെ മിർസാപുരിന് നാളിതുവരെ പറയാനുണ്ടായിരുന്നത് കൊള്ളകളുടെയും പിടിച്ചുപറിയുടെയുമൊക്കെ നാണംകെട്ട കഥകളായിരുന്നു. എന്നാലിപ്പോൾ നാട്ടുകാർക്ക് നെഞ്ചുവിരിച്ചു പറയാൻ ഒരു വീരഗാഥയുണ്ട്. അഭിമാനത്തോടെ പറയാൻ ഒരു വീരനായകനും. ആശിഷ് യാദവ്. വലിയ സ്‌റ്റേഡിയങ്ങളോ ആധുനിക ട്രാക്കുകളോ കാര്യമായി അവകാശപ്പെടാനില്ലാത്ത യു.പിയിലെ ഈ പട്ടണം ഇന്നൊരു ലോകചാമ്പ്യനെയാണ് രാജ്യത്തിന് സംഭാവന ചെയ്തിരിക്കുന്നത്. ലോക അണ്ടർ-20 അത്‌ലറ്റിക്‌സിന്റെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയാണ് ആശിഷ് ജന്മനാടിനും രാജ്യത്തിനും അഭിമാനതാരമായത്.
പത്ത് വർഷം മുൻപ് ഇതേ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിക്കൊണ്ടായിരുന്നു ലോക അത്‌ലറ്റിക്‌സിലേയ്ക്കുള്ള നീരജ് ചോപ്രയുടെ വരവ്. അതിനുശേഷം ഒരു ജൂനിയർ ലോക മെഡലിനുവേണ്ടിയുള്ള ഇന്ത്യയുടെ പത്ത് വർഷത്തെ കാത്തിരിപ്പിനാണ് ആശിഷ് വിരാമമിട്ടത്. ടോക്യോ ഒളിമ്പിക്‌സിലെ ചരിത്രം കുറിച്ച നീരജിന്റെ സ്വർണമെഡൽ നേട്ടത്തിന്റെ സ്മരണയ്ക്കായി രാജ്യം ജാവലിൻ ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് ഏഴിനായിരുന്നു ആശിഷിന്റെ മെഡൽ നേട്ടം എന്നത് മറ്റൊരു യാദൃച്ഛികതയായി. എല്ലാം കൊണ്ടും നീരജിന്റെ പിൻഗാമിയാവാനുള്ള ലക്ഷണങ്ങളത്രയും ഒത്തുചേർന്നതായിരുന്നു ആശിഷിന്റെ ഓറിഗോണിലെ വെള്ളിനേട്ടം. ഒരു നീരജ് ചോപ്രയിൽ ഒതുങ്ങിനിൽക്കില്ല ഇന്ത്യയുടെ ജാവലിൻ വിപ്ലവം എന്നതിന്റെ സൂചന കൂടിയായി ഈ മെഡൽ നേട്ടം.
ചരിത്രം കുറിച്ച നേട്ടമാണ് ആശിഷ് സ്വന്തമാക്കിയതെങ്കിലും യൂജിൻ വരെയുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. മിർസാപുർ മവായിയിലെ ഒരു സാധാരണ ക്ഷീരകർഷകന്റെ മകന് സ്വപ്‌നം കാണാവുന്നതിന് അപ്പുറത്തായിരുന്നു ലോക ചാമ്പ്യൻഷിപ്പും അതിലെ മെഡൽനേട്ടവും. കായികരംഗത്തേയ്ക്ക് ഇറങ്ങുംവരെ അച്ഛനെ സഹായിച്ചുവരികയായിരുന്നു. പുലർച്ചെ എഴുന്നേറ്റ് വീടുകളിൽ പോയി പശുക്കളെയും എരുമകളെയും കറക്കണം. പാൽ കൊണ്ടുപോയി വിൽക്കണം. ഇതിനിടയിലാണ് രണ്ട് വർഷം മുൻപ് നീരജിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ജാവലിനിൽ ഒരു കൈനോക്കാനുള്ള മോഹം ഉള്ളിൽ ഉദിച്ചത്. തുടക്കത്തിൽ മരം കൊണ്ടുള്ള ജാവലിനായിരുന്നു ആശ്രയം. അതിന് കാരണക്കാരനായത് ദേശീയ ഡിസ്‌ക്കസ് ത്രോ മെഡൽ ജേതാവ്കൂടിയായ അമ്മാവൻ ധർമ്മരാജായിരുന്നു. മരുമകൻ പഠനത്തിലും കായികരംഗത്തും ഒരുപോലെ ഉഴപ്പുന്നത് കണ്ട് ഒരു ദിവസം അമ്മാവൻ ക്ഷുഭിതനായി. അങ്ങനെയാണ് 1200 രൂപ വില വരുന്ന ഒരു മരത്തിന്റെ ജാവലിൻ വാങ്ങിക്കൊടുത്തത്. ജാവലിൻ കിട്ടിയെങ്കിലും പരിശീലനം നടത്താൻ ഗ്രാമത്തിൽ നല്ല കളിക്കളങ്ങളോ തുറസ്സായ സ്ഥലങ്ങളോ ഇല്ലായിരുന്നു. അങ്ങനെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള ഒരു കുളമായിരുന്നു ആശ്രയം. വേനൽക്കാലമായാൽ കുളം വറ്റിവരളും. ആ മണൽപ്പരപ്പിലായിരുന്നു ആശിഷിന്റെ പരിശീലനം.
അമ്മാവൻ മാത്രമായിരുന്നില്ല കുടുംബത്തിലെ കായികതാരം. 2018 ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ സ്വർണവും 2014 ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയ പൂനം യാദവ് അമ്മയുടെ സഹോദരിയാണ്. അതുകൊണ്ട് തന്നെ അസൗകര്യങ്ങൾക്കിടയിലും ആശിഷിന് കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടിയിരുന്നത്.
ആശിഷിന്റെ വേഗതയിൽ ആകൃഷ്ടനായ കോച്ച് അരവിന്ദ് കുമാറാണ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹിസാർ കേന്ദ്രത്തിൽ പ്രവേശനം തരപ്പെടുത്തിക്കൊടുത്തത്. പരിശീലനത്തിലും വ്യായാമത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം ശ്രദ്ധിച്ചുതുടങ്ങുന്നത് അതുമുതലാണ്.
ഇക്കഴിഞ്ഞ മേയിൽ ഹോങ് കോങ്ങിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു ആശിഷിന്. ഈ നഷ്ടമാണ് ആശിഷ് ഓറിഗോൺ ലോക അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലോടെ നികത്തിയത്. ആശിഷിന് മുന്നിലുള്ള ട്രാക്ക് ദൈർഘ്യമേറിയതാണ്. നീരജ് ചോപ്രയിലേയ്‌ക്കെത്താൻ ജാവലിൻ ഇനിയും ദൂരേയ്ക്ക് പായിക്കേണ്ടതുണ്ട്. പക്ഷേ, അത് അസാധ്യമല്ല. യൂജിൻ തരുന്ന ലക്ഷണം അതാണ്.
Content Highlights: Ashish Yadav won silver at the U-20 World Athletics Championships in Javelin., First Indian to win a junior world medal in Javelin since Neeraj Chopra 10 years ago., Overcame humble beginnings as a dairy farmer's son in Mirzapur., Trained in challenging conditions, including practice in a dry pond bed., Mentored by his uncle Dharmaraj and supported by a family of athletes.