തേടിവരാതിരിക്കില്ല..പുഞ്ചിരിയോടെ അന്ന് ആ വാക്കുകൾ കേട്ടുനിന്നു, കാത്തിരിപ്പിനൊടുക്കം അരുമൈക്ക് അർജുന

കോഴിക്കോട്ടുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അരുമൈനായകത്തിന്റെ മുഖത്ത് വിരിഞ്ഞ അരുമയാന പുഞ്ചിരി മറന്നിട്ടില്ല. "ഐ ലവ് യുവർ സിറ്റി", എന്റെ കൈ രണ്ടും ചേർത്തുപിടിച്ച് ഇന്ത്യയുടെ മുൻ ലെഫ്റ്റ് വിങ്ങർ പറഞ്ഞു. "ആ മണ്ണിൽ നിന്നാണ് എന്റെ എല്ലാ ഉയർച്ചയുടേയും തുടക്കം."
1961 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയിൽ മൈസൂരിന് വേണ്ടി ബൂട്ടണിയുമ്പോൾ അരുമൈക്ക് പ്രായം കഷ്ടിച്ച് ഇരുപത്. സെമിഫൈനൽ കാണാതെ മടങ്ങാനായിരുന്നു ടീമിന് യോഗം. എന്നാൽ ഇടതുവിങ്ങിലൂടെ പൊടിപറത്തി കുതിച്ച "ബേബി ടാക്സി"യുടെ പോരാട്ട വീര്യം കൊൽക്കത്തക്കാർ കാണാതെ പോയില്ല. ടൂർണമെന്റ് അവസാനിക്കും മുൻപ് മോഹൻ ബഗാൻ അരുമൈയെ റാഞ്ചിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ഉത്തുംഗ പഥങ്ങളിലേക്കുള്ള പ്രയാണത്തിന്റെ കിക്കോഫ്. ഒരു വർഷത്തിനകം ദേശീയ ടീമിൽ ഇടം നേടി അരുമൈ. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ കളിച്ചു. ഇന്ത്യയുടെ ഐതിഹാസിക സ്വർണ്ണ വിജയത്തിൽ പങ്കാളിയായി. തീർന്നില്ല: 1964 ലെ ടെൽ അവീവ് ഏഷ്യ കപ്പിൽ രണ്ടാം സ്ഥാനത്തും 1966 ലെ മെർദേക്കയിൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്ത ഇന്ത്യൻ ടീമിലുമുണ്ടായിരുന്നു അരുമൈയുടെ സാന്നിധ്യം.
"നിശ്ശബ്ദ സാന്നിധ്യം" എന്നു വേണം പറയാൻ. ഇന്ത്യൻ ടീമിന്റെ ഇടതുവിങ്ങിൽ സൈമൺ സുന്ദർരാജിന്റെ പിൻഗാമിയായി കടന്നുചെന്ന അരുമൈ ഖ്യാതി നേടിയത് അടിച്ച ഗോളുകളുടെ പേരിലല്ല, അടിക്കാൻ സഹായിച്ച ഗോളുകളുടെ പേരിലാണ്. ബെംഗളൂരു സ്വദേശിയായ ഈ വിങ്ങറുടെ പാസുകളിൽ നിന്ന് ചുനി ഗോസ്വാമിയും പി.കെ ബാനർജിയും ബലറാമും അടിച്ചുകൂട്ടിയ ഗോളുകൾ എത്രയെത്ര . "ഇത്രയൂം നിസ്വാർത്ഥനായ മറ്റൊരു കളിക്കൂട്ടുകാരനെ ഞാൻ കണ്ടിട്ടില്ല." ന്യൂഡൽഹിയിലെ ലോദി ഹോട്ടലിന്റെ ലോബിയിൽ ഇരുന്ന് അരുമൈയെ ചേർത്തുപിടിച്ചുകൊണ്ട് ചുനി പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമ്മയിൽ. ഒപ്പമുണ്ടായിരുന്ന പി.കെ ബാനർജിക്കും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. ഇന്ത്യൻ ഫുട്ബോൾ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മുപ്പത്തിയഞ്ചു വർഷം മുൻപ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ പ്രതിനിധികളായി എത്തിയതായിരുന്നു ഞങ്ങൾ.
"അത്ഭുതകരമായ ഒരു ടെലിപ്പതിക് ബന്ധം അരുമൈക്കും എനിക്കും ഇടയിൽ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്.", വർഷങ്ങളോളം ഒപ്പം കളിച്ച പി കെയുടെ ഓർമ്മ. "ലെഫ്റ്റ് വിംഗറായിരുന്നു അരുമൈ. ഞാൻ റൈറ്റ് വിംഗറും. ഒന്ന് തലയുയർത്തി നോക്കുക പോലും വേണ്ട ഞാൻ എവിടെ എന്നറിയാൻ അരുമൈക്ക്. കൃത്യമായിരിക്കും ബോക്സിലേക്കുള്ള അദ്ദേഹത്തിന്റെ ക്രോസുകളും പാസുകളും." ഉയരക്കുറവായിരുന്നു അരുമൈയുടെ ഒരേയൊരു പരിമിതി. കണിശതയാർന്ന പാസുകളിലൂടെയും തീപാറുന്ന ഷോട്ടുകളിലൂടെയുമാണ് ഈ പോരായ്മ അരുമൈ അതിജീവിച്ചതെന്ന് ചുനി.
ഭാഗ്യത്തിന്റെ ഇടപെടലുണ്ടായിരുന്നു ദേശീയ ടീമിൽ അരുമൈയുടെ അരങ്ങേറ്റത്തിന് പിന്നിൽ. ജക്കാർത്ത ഏഷ്യാഡിലെ ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടേറ്റ പരാജയത്തിന് പിന്നാലെ ടീമിൽ നിർണ്ണായകമായ ചില മാറ്റങ്ങൾ വരുത്തേണ്ടി വരുന്നു കോച്ച് എസ്.എ റഹിമിന്. പിൻവാങ്ങിക്കളിക്കുന്ന സെന്റർ ഫോർവേഡിന്റെ റോളിൽ ദയനീയമായി പരാജയപ്പെട്ട അഫ്സലിന്റെ സ്ഥാനത്ത് കഠിനാധ്വാനിയായ യൂസഫ് ഖാൻ വന്നു; ലെഫ്റ്റ് ഔട്ട് സ്ഥാനത്ത് അരുമൈനായകവും. മീശ മുളക്കാത്ത പയ്യനെ ഫസ്റ്റ് ഇലവനിൽ പരീക്ഷിക്കാൻ ആദ്യം മടി കാണിച്ചു കോച്ച്. ടീമിലെ സീനിയർ കളിക്കാരുടെ നിർബന്ധത്തിന് ഒടുവിൽ വഴങ്ങുകയായിരുന്നു റഹിം.
എന്തായാലും തായ്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ആ മാറ്റങ്ങൾ ഗുണം ചെയ്തു. 4-1 നായിരുന്നു ഇന്ത്യയുടെ തകർപ്പൻ വിജയം. രണ്ടു ഗോൾ പി കെ ബാനർജിയുടെ വക. ബാക്കി രണ്ടെണ്ണം ചുനിയുടേയും ബൽറാമിന്റേയും ബൂട്ടിൽ നിന്ന്. എല്ലാ ഗോളുകളിലും ഉണ്ടായിരുന്നു അരുമൈക്ക് പങ്ക്. ആ വിജയത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് കുതിച്ച ഇന്ത്യ ഫൈനലിൽ എത്തിയതും കൊറിയയെ കീഴടക്കി സ്വർണ്ണം നേടിയതും ഇന്ന് ചരിത്രം.
രണ്ടു വർഷം കഴിഞ്ഞു ഇസ്രായേലിൽ നടന്ന ഏഷ്യ കപ്പിലും കണ്ടു അരുമൈ മാജിക്. ഇത്തവണ ഇന്ദർ സിംഗായിരുന്നു മുന്നേറ്റനിരയിലെ പാർട്ണർ. ദക്ഷിണ കൊറിയക്കും ഹോങ്കോംഗിനുമെതിരായ ഇന്ത്യൻ വിജയങ്ങളിൽ ഇന്ദർ-അരുമൈ കൂട്ടുകെട്ട് വഹിച്ച പങ്ക് നിസ്തുലം. "സഹോദരതുല്യനാണ് എനിക്ക് ഇന്ദർ." അരുമൈ ഒരിക്കൽ പറഞ്ഞു. "പാസ് നൽകി നമുക്ക് കയ്യും കെട്ടി നോക്കിനിൽക്കാം. ബാക്കിയെല്ലാം ഇന്ദർ ആയിക്കൊള്ളും."
മൈസൂരിന് വേണ്ടി 1958ലെ നാഷണൽസിൽ അരങ്ങേറിയ അരുമൈ ഒരു വ്യാഴവട്ടക്കാലത്തിനിടെ മദ്രാസ്, ബംഗാൾ, റയിൽവേസ് ടീമുകൾക്ക് വേണ്ടിയും സന്തോഷ് ട്രോഫി കളിച്ചു. 1963 ൽ ബംഗാളിന്റെ കിരീട വിജയത്തിൽ പങ്കാളിയായി. 1961 മുതൽ 68 വരെ മോഹൻ ബഗാന്റെ മുന്നേറ്റ നിരയ്ക്ക് കരുത്തു പകർന്ന അരുമൈ സ്കോർ ചെയ്തത് 56 ഗോളുകൾ. കൊൽക്കത്ത ലീഗിൽ നാല് തവണയും ഡ്യൂറൻഡ് കപ്പിൽ മൂന്ന് തവണയും ഐഎഫ്എ ഷീൽഡിൽ രണ്ടു തവണയും. റോവേഴ്സിൽ ഒരു തവണയും ബഗാന്റെ കിരീട വിജയങ്ങളിൽ പങ്കാളിയായിരുന്നു. കളി നിർത്തിയ ശേഷം കുറച്ചു കാലം ദക്ഷിണ റയിൽവെയുടെ പരിശീലകപദവി. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആയുഷ്കാല സംഭാവനയ്ക്കുള്ള പ്രത്യേക അർജുന അവാർഡ് കഴിഞ്ഞ ദിവസം അരുമൈനായകത്തെ തേടിയെത്തിയത്.
1990 കളുടെ തുടക്കത്തിലെ മറക്കാനാവാത്ത കൂടിക്കാഴ്ച്ചക്ക് ശേഷം വിടപറയുമ്പോൾ ചുനിയും പി കെ ബാനർജിയും ഒരേ സ്വരത്തിൽ പങ്കുവെച്ച ആഗ്രഹമാണ് ഓർമ്മയിൽ: "അർജുന അവാർഡിന് ഞങ്ങളോളം തന്നെ അർഹനാണ് അരുമൈ. എന്നെങ്കിലും അത് അദ്ദേഹത്തെ തേടിവരാതിരിക്കില്ല." നിശ്ശബ്ദമായ പുഞ്ചിരിയോടെ ആ വാക്കുകൾ കേട്ടുനിന്നു അരുമൈ. എന്നിട്ട് പതുക്കെ പറഞ്ഞു: "എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. നമുക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലല്ലോ..."
ഏറെ വൈകി, എൺപത്തിനാലാം വയസ്സിൽ, അതേ ബഹുമതി തെല്ലും നിനച്ചിരിക്കാതെ തന്നെ തേടിയെത്തുമ്പോൾ ആ നേട്ടത്തിന്റെ മൂല്യം പൂർണ്ണമായി ഉൾക്കൊള്ളാവുന്ന അവസ്ഥയിലല്ല അരുമൈ എന്നതാണ് ദുഃഖകരം. മിന്നിമറയുന്ന ഓർമ്മകളെ ചൊൽപ്പടിക്ക് നിർത്താൻ കഴിയാതെ വിഷമിക്കുകയാണല്ലോ ഈ പഴയ സ്റ്റാർ വിംഗർ ഇപ്പോൾ.
Content Highlights: Arumainayagam played a crucial role in India's 1962 Jakarta Asian Games gold-medal-winning football team., He was known for his exceptional assists rather than just scoring goals, partnering with greats like Chuni Goswami and P.K. Banerjee., He won numerous titles with Mohun Bagan and played in multiple Santosh Trophy editions for different states., He received the special Arjuna Award for lifetime contribution to Indian football at the age of eighty-four.