ടെന്നീസ് കോര്‍ട്ടിലെ ബാലെ നര്‍ത്തകന്‍

Photo: AP
Photo: AP

കഴിഞ്ഞ 20 വര്‍ഷത്തിലധികമായി റോജര്‍ ഫെഡററുടെ മത്സരങ്ങള്‍ കവര്‍ ചെയ്യുന്ന, അദ്ദേഹവുമായി അഭിമുഖം നടത്തുന്ന പ്രശസ്ത ടെന്നീസ് എഴുത്തുകാരനാണ് ക്രിസ്റ്റഫര്‍ ക്ലേറി. അദ്ദേഹം എഴുതിയ റോജര്‍ ഫെഡറററുടെ ആത്മകഥയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ മാസ്റ്റര്‍'. 2012 ഡിസംബറില്‍ അര്‍ജന്റീനയില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കാന്‍ പോയ ഫെഡററെ അഭിമുഖം ചെയ്യാനായി കോര്‍ട്ടിനുപുറത്ത് കാറില്‍ കാത്തിരിക്കുന്നതിനെക്കുറിച്ച് ക്ലേറി പുസ്തകത്തിന്റെ തുടക്കത്തില്‍ എഴുതുന്നുണ്ട്. ബ്യൂണസ് അയേഴ്സിലെ ടിഗ്രെ പട്ടണത്തില്‍ ഡിസംബറിലെ ഒരു വൈകുന്നേരമാണ് മത്സരം. അര്‍ജന്റീനക്കാരുടെ സ്വന്തം താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഫെഡററുടെ എതിരാളി. പക്ഷേ കളികാണാനെത്തിയ 20,000ലധികം കാണികളില്‍ ഭൂരിഭാഗവും ആര്‍ത്തു വിളിക്കുന്നത് ഫെഡറര്‍ക്കുവേണ്ടിയാണ്. 

മത്സരം കഴിഞ്ഞ്  സ്റ്റേഡിയം വിട്ട ഫെഡററെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ഫ്ളാഷ് ലൈറ്റുകള്‍ മിന്നിച്ച്, അദ്ദേഹത്തില്‍ നിന്നും ഒരു പുഞ്ചിരി സ്വീകരിക്കാന്‍ ആവേശത്തോടെ പിന്തുടരുന്ന ജനക്കൂട്ടം. ക്ലേറിയുടെ കാറിനടുത്തുവരെ ജനം ഫെഡററുടെ കൂടെയെത്തുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം ഒരു ടെന്നീസ് താരം ഇതുപോലെ സ്നേഹിക്കപ്പെടണമെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയിരിക്കണം. അവിടെയാണ് റോജര്‍ ഫെഡറര്‍ കായിക ലോകത്തെ ഇതിഹാസമാകുന്നത്.

ടെന്നീസിലെ മഹാനായ താരമായി ഗണിക്കപ്പെടുന്നത്  നേടിയ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ കണക്കുവച്ചാണെങ്കില്‍ ഫെഡററെ മഹാനായി കരുതാനാവില്ല.  അതല്ലല്ലോ യഥാര്‍ത്ഥ മഹത്വത്തിന്റെ മാനദണ്ഡം. ഇപ്പോള്‍ 23 കിരീടങ്ങളുമായി ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തില്‍  മുന്നില്‍ നൊവാക് ജോക്കോവിച്ചാണ്. 22 കിരീടങ്ങളുമായി റാഫേല്‍ നദാല്‍ തൊട്ടു പിന്നിലുണ്ട്. ഫെഡററര്‍ക്ക് 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളേയുള്ളൂ. ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമ്പോള്‍ ജോക്കോയായിരിക്കും ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടത്തില്‍ മുന്നില്‍. ജോക്കോയും നദാലും ഒരിക്കലും പറയില്ല ഫെഡററെക്കാള്‍ മികച്ച താരമാണ് അവരെന്ന്. കായിക ലോകത്തിനും ടെന്നീസ് പണ്ഡിതന്‍മാര്‍ക്കും കായിക പ്രേമികള്‍ക്കും നദാലിന്റെയും ജോക്കോവിച്ചിന്റെയും കടുത്ത ആരാധകര്‍ക്കുപോലും മറിച്ചൊരഭിപ്രായമുണ്ടാകില്ല. അതാണ് ഫെഡറര്‍ ബാക്കിവച്ചു പോകുന്ന പാരമ്പര്യം.

2001- 03 പുരുഷ ടെന്നീസിലെ പരിവര്‍ത്തന കാലമാണ്. പീറ്റ് സാംപ്രസ്, ആന്ദ്രെ അഗാസി തുടങ്ങിയ  അതികായര്‍ ചുവടുകള്‍ പിന്നോട്ടുവച്ചു തുടങ്ങുന്ന കാലം. 2001-ലെ ലെ യു.എസ്.ഓപ്പണ്‍ കിരീടം നേടി ഓസ്ട്രേലിയക്കാരന്‍ ലെയ്ട്ടണ്‍ ഹ്യുയിറ്റ് വരവറിയിച്ചു. ഇരുപതാം വയസില്‍ വൈകാതെ പ്രായം കുറഞ്ഞ ഒന്നാം നമ്പറുമായി. അടുത്ത വര്‍ഷം വിംബിള്‍ഡണ്‍ കിരീടവും നേടിയതോടെ പുരുഷ ടെന്നീസില്‍ ഇനി ഹ്യുയിറ്റിന്റെ നാളുകളായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. അപ്പോഴാണ് 2003ലെ വിംബിള്‍ഡണില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും വന്ന ഒരു സ്വര്‍ണമുടിക്കാരന്‍ പയ്യന്‍ തന്റെ സുന്ദര ടെന്നീസിലൂടെ കായിക പ്രേമികളെ കയ്യിലെടുത്തത്. കോര്‍ട്ടില്‍ ബാലെ നര്‍ത്തകന്റെ ചലനങ്ങളുമായി നിറഞ്ഞാടിയപ്പോള്‍  21-ാം വയസില്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയതിനൊപ്പം ടെന്നീസ് പ്രേമികളുടെ  ഹൃദയംകൂടി  കവര്‍ന്നുകൊണ്ടാണ് അവന്‍ ലണ്ടനില്‍ നിന്നും മടങ്ങിയത്.

ഫെഡററുടെ പിന്നാലെയെത്തിയ അടിമുടി പോരാളിയായ നദാലും ഒരു റോബോട്ടിനെപ്പോലെ അഞ്ചു സെറ്റും കളിച്ച് വിജയവുമായി മടങ്ങുന്ന ജോക്കോവിച്ചും ഫെഡററുടെ സിംഹാസനം ഇളക്കുന്നുണ്ട്. ബിഗ് ത്രീ എന്ന പേരില്‍ രണ്ടു ദശാബ്ദത്തിനടുത്ത് മുടിചൂടാമന്നന്‍മാരായി മൂവരും വാഴുകയും ചെയ്തു. അപ്പോഴും നദാലിനെക്കാളും ജോക്കോയേക്കാളും ഒരു പണത്തൂക്കം എപ്പോഴും മുന്നില്‍ നിന്നു ഫെഡറര്‍. മറ്റു രണ്ടു പേരും അതംഗീകരിക്കുകയും ചെയ്തു. കായിക ലോകവും.

കളിക്കളത്തിനകത്തുമാത്രമല്ല പുറത്തും ജനം ഫെഡററെ നെഞ്ചേറ്റി. വീറുറ്റ പോരാട്ടങ്ങള്‍ക്കൊടുവില്‍ നദാലിനോടും ജോക്കോയൊടുമൊക്കെ തോല്‍ക്കുമ്പോള്‍ കോര്‍ട്ടില്‍ വിങ്ങിപ്പൊട്ടുന്ന ഫെഡററെയും പലതവണ കണ്ടിട്ടുണ്ട്. അന്നൊക്കെ ഫെഡറര്‍ക്കൊപ്പം കാണികളും സങ്കടപ്പെട്ടു. ഒരു ജേതാവിനൊത്ത വീര പരിവേഷത്തോടെ അവര്‍ അയാളെ യാത്രയാക്കി. 2018 ഓസ്ട്രേലിയന്‍ ഓപ്പണാണ് ഫെഡറര്‍ അവസാനമായി നേടിയ ഗ്രാന്‍ഡ് സ്ലാം കിരീടം. 2019 ലെ വിംബിള്‍ഡണിന്റെ ഇതിഹാസ ഫൈനലില്‍ ജോക്കോയോട് കപ്പിനും ചുണ്ടിനുമിടയില്‍ വിജയം കൈവിട്ട ഫെഡറര്‍ക്ക് പിന്നെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്താനായില്ല. പരിക്കും മങ്ങിയ ഫോമുമെല്ലാം തിരിച്ചുവരവിന് വിലങ്ങു തടിയായി. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാതിരുന്ന ഇക്കാലഘട്ടത്തിലും റോജര്‍ ഫെഡറര്‍ എന്ന പേര് എതിരാളികളും ആരാധകരും ഒരു പോലെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരുന്നു. കാരണം ആ പേരാണല്ലോ ഓരോ ടൂര്‍ണമെന്റിന്റെയും അളവുകോല്‍.

ഫെഡററെ കായിക പ്രേമികള്‍ നെഞ്ചേറ്റാനുള്ള കാരണം മുന്‍ ലോക ഒന്നാം നമ്പറും ഇപ്പോള്‍ ടെന്നീസ് കമന്റററേറ്റുമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ താരം ജോണ്‍ മക്കെന്‍ റോ വ്യക്തമാക്കുന്നുണ്ട് 'ഏറ്റവും സുന്ദരമായി ടെന്നീസ് കളിക്കുന്ന പുരുഷന്‍ റോജര്‍ ഫെഡററാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായി ടെന്നീസ് കളിക്കുന്നയാള്‍ . ഫെഡററുടെ  ചലനങ്ങളും കലാവൈഭവും റാക്കറ്റും രൂപവും എല്ലാം കൂടിച്ചേരുമ്പോള്‍ അദ്ദേഹം എല്ലാം നേടിയിരിക്കുന്നു '. ഒരു ബാലെ നര്‍ത്തകനെപ്പോലെയാണ് കോര്‍ട്ടില്‍ ഫെഡററുടെ ചലനങ്ങളെന്നാണ്  പ്രശസ്ത  ചെക് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റാഡ്ജ ലൈറ്റ്മെരിറ്റ് പറയുന്നത് ' റോജര്‍ അത്രമാത്രം പെര്‍ഫക്റ്റാണ്. അദ്ദേഹത്തിന്റെ കളി പകര്‍ത്തുന്നത് ഒരു അനുഭവമാണ്' ടെന്നീസില്‍ നിന്നേ റോജര്‍ ഫെഡറര്‍ വിരമിക്കുന്നുള്ളു. ആരാധകരുടെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ടാകും. അവിടെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണത്തിന്റെ കണക്കെടുപ്പിനല്ലല്ലോ സ്ഥാനം.          

Content Highlights: article based on the career of tennis legend roger federer