പതിനാറാം കോപ്പയുടെ സന്തോഷമല്ല, കളമൊഴിയുന്ന ആ പതിനൊന്നിന്റെ സങ്കടമാണ് ഉള്ളില്‍; നന്ദി എയ്ഞ്ചല്‍

കരഞ്ഞുതളര്‍ന്ന് കളി നിര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്ത് വീട്ടിലെത്തിയ എയ്ഞ്ചലിനോട് രാത്രി കരിപിടിച്ച വീട്ടിലെ അരണ്ട വെളിച്ചത്തില്‍ അരികിലിരുന്ന് അച്ഛന്‍ മിഗ്വെല്‍ ഡി മരിയ പറഞ്ഞു: 'എയ്ഞ്ചല്‍, നിന്റെ മുന്നില്‍ മൂന്ന് വഴികളുണ്ട്. ഒന്നുകില്‍ എന്റെ കൂടെ കരിയുണ്ടാക്കാന്‍ വരിക. അല്ലെങ്കില്‍ കളി ഉപേക്ഷിച്ച് പഠിത്തം തുടരുക. രണ്ടുമല്ലെങ്കില്‍ ഒരു വര്‍ഷം കൂടി ഫുട്ബോള്‍ പരീക്ഷിച്ചുനോക്കാം. അത് നടന്നില്ലെങ്കില്‍ നീ എന്റെ കൂടെ പണിക്ക് വരണം.' ഒഴിഞ്ഞ പാത്രങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കപ്പുറത്ത് ഏയ്ഞ്ചല്‍ എന്തു പറയണമെന്നറിയാതെ നിസ്സഹായനായി അച്ഛന്റെ കണ്ണില്‍ തന്നെ നോക്കിയിരുന്നു. വീട്ടിലെ പട്ടിണി അവന് അറിയാത്തതല്ല, കരിപ്പണി പുതിയ കാര്യവുമല്ല. വീട്ടില്‍ അടുപ്പ് പുകയാതായ കാലത്തൊക്കെ സഹോദരിക്കൊപ്പം അച്ഛന് കൂട്ടുപോയിട്ടുണ്ട്. വിറക് കത്തിച്ച് കരിയാക്കി, പൊരിവെയിലില്‍ അത് പെറുക്കിയെടുത്ത് ചാക്കിലാക്കി ലോറികളില്‍ വലിച്ചുകയറ്റിയിട്ടുണ്ട്. എന്നിട്ടും വിശപ്പും ദുരിതവുമായിരുന്നു വീട്ടില്‍ മിച്ചം. ഒരു മിഠായിക്ക് പോലും ഏതെങ്കിലും കരിവണ്ടിക്ക് കാത്തിരിക്കേണ്ടിവന്ന കാലം. നുള്ളിപ്പെറുക്കിയാണ് അന്ന് അവനൊരു ബൂട്ട് സ്വന്തമാക്കിയത്. അടിമുടി കരിപുരണ്ട വീട്ടില്‍, പൊട്ടിയ ബൂട്ട് അമ്മ പിന്നെയും പിന്നെയും പശ തേച്ചൊട്ടിക്കുന്നത് കണ്ണീരടക്കി കണ്ടുനിന്നിട്ടുണ്ട്. അവന്‍ പിന്നെയും ഉത്തരമില്ലാതെ ദയനീയമായി അച്ഛന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിയിരുന്നു. ഒടുവില്‍ അമ്മ തന്നെ മൗനം ഭഞ്ജിച്ചു. 'അവന്‍ പോയി ഒരു കൊല്ലം കൂടി ഫുട്ബോള്‍ കളിച്ചുനോക്കട്ടെ.'
അതായിരുന്നു വഴിത്തിരിവ്. ഒരു കൊല്ലമല്ല, രണ്ടു പതിറ്റാണ്ട് കഴിഞ്ഞാണ് പിന്നെയവന്‍ ആ കളിക്കളത്തില്‍ നിന്നു തിരിച്ചുകയറിയത്. അപ്പൊഴേയ്ക്കും നൂഡില്‍സ് പോലെ മെലിഞ്ഞുനീണ്ടവന്‍ എന്ന അര്‍ഥത്തിലുള്ള ഫിഡിയോ വിളി മാറി അവന്‍ ഫുട്‌ബോള്‍ ഉണ്ടുറങ്ങി ജീവിച്ച നാടിന്റെ കാവല്‍മാലാഖയായി മാറിക്കഴിഞ്ഞിരുന്നു. അവന്റെ പെരുമ റൊസാരിയോയും കടന്ന് ലോകത്തിന്റെ നെറുകയിലെത്തിക്കഴിഞ്ഞിരുന്നു. ഇക്കാലം കൊണ്ടവന്‍ കീഴടക്കാത്ത ലോകങ്ങളില്ല. മുത്തമിടാത്ത കിരീടങ്ങളില്ല. ലോകകപ്പോ ഒളിമ്പിക്സോ കോപ്പയോ ഏതുമാവട്ടെ, കലാശപ്പോരില്‍ അവന്റെ സാന്നിധ്യമുള്ളപ്പോഴെല്ലാം അര്‍ജന്റീന കിരീടമധുരം നുണഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അര്‍ജന്റീന നേടിയ അഞ്ച് കിരീടങ്ങളിലും ലയണല്‍ മെസ്സിയുടെ വലംകൈയായി നിന്ന ഡി മരിയയുടെ സാന്നിധ്യമുണ്ടായിരുന്നു. നാലിലും ആ കാലുകളില്‍ നിന്നു പിറന്ന ഗോളുകള്‍ക്ക് പങ്കുണ്ടായിരുന്നു. 2022 ഖത്തര്‍ ലോകകപ്പ്, 2022ല്‍ യൂറോപ്പും ലാറ്റിനമേരിക്കയും ഏറ്റുമുട്ടുന്ന ഫൈനലിസ്സിമ. 2008ല്‍ ഒളിമ്പിക്‌സ് സ്വര്‍ണം, 2021ല്‍ കോപ്പ അമേരിക്ക. വല കുലുക്കാനായില്ലെങ്കിലും നൂറ്റിപതിനാറാം മിനിറ്റ് വരെ കളിച്ച 2024 കോപ്പ. കൊളംബിയയ്‌ക്കെതിരായ ഫ്‌ളോറിഡയിലെ ഫൈനലിന്റെ നൂറ്റിപതിനാറാം മിനിറ്റില്‍ ഒട്ടാമന്‍ഡിക്ക് പകരം കളത്തില്‍ നിന്നു കയറുമ്പൊഴേയ്ക്കും ലൗട്ടേറ മാര്‍ട്ടിനസിന്റെ ഗോളില്‍ അര്‍ജന്റീന കിരീടം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അവന്‍ കരഞ്ഞ് പുറത്തിരുന്നപ്പോഴെല്ലാം അവര്‍ ദുരന്തം രുചിച്ച് തല കുമ്പിട്ടുമടങ്ങുകയും ചെയ്തു. 2018ലെ ലോകകപ്പ് ഫൈനല്‍ പോലെ.
Content Highlights: angel di maria, argentina soccer team, lional messi, real madrid, fifa world cup