ഇന്ത്യക്കും ഓസീസിനും വരെ നേടാനാവാത്ത റെക്കോഡ്, ചരിത്രം കുറിച്ച് സിംബാബ്വെ

ഷാർജ: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് സിംബാബ്വെ ക്രിക്കറ്റ് ടീം. രണ്ട് ഇന്നിങ്സുകളിലും അഞ്ഞൂറിലധികം റൺസ് നേടുന്ന ആദ്യടീമെന്ന ചരിത്രനേട്ടമാണ് സിംബാബ്വെ സ്വന്തമാക്കിയത്. അഫ്ഗാനെതിരായ ആദ്യ ടെസ്റ്റിലാണ് റെക്കോഡ് പിറന്നത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ ടീം ഒന്നാമിന്നിങ്സിൽ 504 റൺസാണ് അടിച്ചെടുത്തത്. ബ്രണ്ടൻ ടെയ്ലർ, ബ്രയാൻ ബെന്നറ്റ് എന്നിവരുടെ സെഞ്ചുറിയാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനും അഞ്ഞൂറിലധികം റൺസ് നേടി. 514 റൺസിന് അഫ്ഗാൻ ആദ്യഇന്നിങ്സിൽ ഓൾഔട്ടായി. മൂന്ന് താരങ്ങളാണ് അഫ്ഗാൻ നിരയിൽ സെഞ്ചുറി നേടിയത്. റഹ്മത് ഷാ(173), റഹ്മാനുള്ള സദ്രാൻ(113), സെദിറുള്ള അതൽ(105) എന്നിവർ സെഞ്ചുറി നേടി.
രണ്ടാമിന്നിങ്സിലും സിംബാബ്വെ ബാറ്റർമാർ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ടീം കൂറ്റൻ സ്കോർ കണ്ടെത്തി. കളിയവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 523 റൺസെന്ന നിലയിലായിരുന്നു സിംബാബ്വെ. അതോടെയാണ് രണ്ട് ഇന്നിങ്സുകളിലും അഞ്ഞൂറിലധികം റൺസ് നേടുന്ന ആദ്യടീമെന്ന ചരിത്രനേട്ടം സിംബാബ്വെ സ്വന്തമാക്കിയത്. മത്സരത്തിലാകെ 1541 റൺസാണ് പിറന്നത്. 25 വിക്കറ്റുകളും വീണു.
രണ്ടാം ഇന്നിങ്സിൽ ക്രെയ്ഗ് ഇർവിന്റെ ഇരട്ട സെഞ്ചുറിയും വെസ്ലി മാധവെറെയുടെ സെഞ്ചുറിയുമാണ് ടീമിനെ തുണച്ചത്. 41-ാം വയസ്സിലാണ് ഇർവിന്റെ ഇരട്ട സെഞ്ചുറി നേട്ടം. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന പ്രായം കൂടിയ താരങ്ങളിലൊരാളാണ് സിംബാബ്വെ ബാറ്റർ.
Content Highlights: Zimbabwe became the first team to score over 500 runs in both innings of a Test match