റെഡ്‌ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ചാഹൽ

ന്യൂഡൽഹി: റെഡ്‌ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ. ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിക്കാത്ത ചാഹൽ നോർത്താംപ്ടൺഷെയറിന് വേണ്ടിയാണ് റെഡ്‌ബോൾ ക്രിക്കറ്റിൽ അവസാനമത്സരം കളിച്ചത്. അതേസമയം വൈറ്റ്‌ബോൾ ക്രിക്കറ്റിൽ കളി തുടരുമെന്നും ചാഹൽ വ്യക്തമാക്കി.
"ഞാൻ കയ്യിൽ പിടിച്ച ആദ്യത്തെ ക്രിക്കറ്റ് പന്ത് ഒരു ചുവന്ന പന്തായിരുന്നു. എനിക്ക് 10 വയസ്സായിരുന്നു പ്രായം, ഈ കളിയുമായി ഞാൻ ഇത്രയധികം പ്രണയത്തിലാകുമെന്ന് എനിക്കപ്പോൾ യാതൊരു ധാരണയുമുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം റെഡ്-ബോൾ ക്രിക്കറ്റ് ഒരിക്കലും മറ്റൊരു ഫോർമാറ്റ് മാത്രമായിരുന്നില്ല. ക്ഷമ, വ്യക്തിത്വം എന്നിവയുടെ അർഥം കൂടിയായിരുന്നു. മണിക്കൂറുകളോളം അവിടെ നിന്ന് ഓരോ റണ്ണിനും ഓരോ വിക്കറ്റിനും വേണ്ടി പോരാടുന്നതിലെ ആനന്ദം ഞാൻ പഠിച്ചത് അവിടെ നിന്നാണ്."- ചഹൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തിൽ 121 വിക്കറ്റുകളും ടി20യിൽ 96 വിക്കറ്റുകളുമെടുത്തു. 2023 ഓഗസ്റ്റിൽ വിൻഡീസിനെതിരായ ടി20 മത്സരത്തിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2024 ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല.
Content Highlights: Yuzvendra Chahal has officially retired from red-ball cricket