ബാറ്റിങ്ങിനെ കുറിച്ച് ഉപദേശിക്കാന്‍ ചെന്നു; യൂനുസ് എന്റെ കഴുത്തില്‍ കത്തിവെച്ചു- ഗ്രാന്റ് ഫ്ളവര്‍

ലണ്ടൻ: ബാറ്റിങ്ങിനെ കുറിച്ച് ഉപദേശിക്കാൻ ചെന്നപ്പോൾ പാകിസ്താന്റെ മുൻ ക്യാപ്റ്റൻ യൂനുസ് ഖാൻ തന്റെ കഴുത്തിൽ കത്തിവെച്ചെന്ന് വെളിപ്പെടുത്തി പാകിസ്താന്റെ മുൻ ബാറ്റിങ് പരിശീലകനും സിംബാബ്വേയുടെ മുൻ താരവുമായ ഗ്രാന്റ് ഫ്ളവർ. 2016-ൽ പാകിസ്താൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനിടേയാണ് സംഭവം. അന്നത്തെ മുഖ്യ പരിശീലകൻ മിക്കി ആർതർ ഇടപെട്ടാണ് യൂനുസ് ഖാനെ പിടിച്ചുമാറ്റിയതെന്നും ഗ്രാന്റ് ഫ്ളവർ വ്യക്തമാക്കുന്നു. 2014 മുതൽ 2019 വരെ പാക് ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു ഗ്രാന്റ് ഫ്ളവർ. നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനാണ്.
സിംബാബ്വെ ടീമിൽ സഹതാരവും സഹോദരനുമായ ആൻഡി ഫ്ളവർ, അവതാരകൻ നീൽ മാൻതോർപ്പ് എന്നിവരോടൊപ്പം 'ഫോളോവിങ് ഓൺ ക്രിക്കറ്റ് പോഡ്കാസ്റ്റ്' എന്ന ലൈവ് ചാറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗ്രാന്റ് ഫ്ളവർ. ഈ ലൈവ് ചാറ്റിനിടെ പരിശീലക കാലയളവിൽ കൈകാര്യം ചെയ്യേണ്ടിവന്നിട്ടുള്ള വ്യത്യസ്ത സ്വഭാവക്കാരനായ താരങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് യൂനുസ് ഖാനുമായി ബന്ധപ്പെട്ട സംഭവം ഗ്രാന്റ് ഫ്ളവർ പങ്കുവെച്ചത്.
'ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ ഒരു ടെസ്റ്റ് മത്സരത്തിനിടെ നടന്ന സംഭവം ഓർക്കുന്നു. ടെസ്റ്റിന്റെ ഇടവേളയുടെ സമയത്ത് യൂനുസ് ഖാന് ബാറ്റിങ്ങിനെക്കുറിച്ച് ഞാൻ ചില നിർദേശങ്ങൾ നൽകി. പക്ഷേ അതൊന്നും യൂനുസ് ഒരു പരിശീലകൻ പറഞ്ഞുതരുന്നതു പോലെയല്ല എടുത്തത്. അയാൾ ദേഷ്യത്തോടെ ഒരു കത്തിയെടുത്ത് എന്റെ കഴുത്തിൽവെച്ചു. മുഖ്യ പരിശീലകൻ മിക്കി ആർതർ ആ സമയത്ത് ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ടാണ് യൂനുസിനെ പിന്തിരിപ്പിച്ചത്.'-ഗ്രാന്റ് ഫ്ളവർ ഓർത്തെടുക്കുന്നു.
ഇപ്പോൾ ഓർക്കുമ്പോൾ രസകരമായ സംഭവമായിട്ടാണ് അതെല്ലാം തോന്നുന്നത്. ഇതൊക്കെ പരിശീലക ജോലിയുടെ ഭാഗമാണ്. ഇപ്പോഴും ഒരുപാട് കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്. എന്നിട്ടും നല്ല നിലയിൽ എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഗ്രാന്റ് ഫ്ളവർ കൂട്ടിച്ചേർത്തു.
2016-ൽ ബ്രിസ്ബെയ്നിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ യൂനുസ് ഖാൻ പൂജ്യത്തിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ 65 റൺസെടുത്തു. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ യൂനുസ് പുറത്താകാതെ 175 റൺസ് അടിച്ചുകൂട്ടി. യൂനുസ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മൂന്നു ടെസ്റ്റുകൾ ഉൾപ്പെട്ട ആ പരമ്പരയിൽ പാകിസ്താൻ 3-0ന് പരാജയപ്പെട്ടു.
Content Highlights: