ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഹാജരായില്ല, വിശദീകരണവുമില്ല; ജയ്‌സ്വാളും ഷഫാലിയും കുരുക്കിൽ

#സ്പോർട്സ് ഡെസ്ക്
യശസ്വി ജയ്സ്വാൾ | Instagram.com/yashasvijaiswal28
യശസ്വി ജയ്സ്വാൾ | Instagram.com/yashasvijaiswal28

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പങ്കെടുക്കാത്തതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാൾ, ഷഫാലി വർമ എന്നിവർക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ)യുടെ നോട്ടീസ്. കഴിഞ്ഞ വർഷമാണ് നിശ്ചയിച്ച പരിശോധനയ്ക്ക് താരങ്ങൾ ഹാജരാകാതിരുന്നത്. കൃത്യമായ വിശദീകരണം നൽകാതിരുന്നതോടെ നാഡ നോട്ടീസയക്കുകയായിരുന്നു. നാഡയുടെ രജിസ്‌റ്റേർഡ് ടെസ്റ്റിങ് പൂളിന്റെ (ആർടിപി) ഭാഗമാണ് ഇരുവരും.

താരങ്ങൾക്ക് നോട്ടീയച്ചതായും വിവരം ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അറിയിപ്പ് ലഭിച്ചതായി ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പങ്കെടുക്കാത്ത സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് പരിശോധിക്കുമെന്നും തുടർന്ന് ഇതാവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ആർടിപിയുടെ ഭാഗമായ ഓരോ കായികതാരവും അവരുടെ വിവരങ്ങൾ നാഡയ്ക്ക് നൽകണം. മാത്രമല്ല, ഓരോ ദിവസവും പരിശോധനയ്ക്ക് ഹാജരാകുന്ന സമയം അറിയിക്കണം. നിശ്ചയിച്ചിട്ടുള്ള ഈ സമയങ്ങളിൽ ഡോപിങ് കൺട്രോൾ ഓഫീസർ വന്ന് സാംപിളുകൾ ശേഖരിക്കുകയാണ് ചെയ്യുക. ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിക്കാനായി വന്ന സമയത്ത് ജയ്‌സ്വാളും ഷഫാലിയും സ്ഥലത്തുണ്ടായിരുന്നില്ല. നാഡ വിശദീകരണം ചോദിച്ചെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് പരിശോധനയിൽ പങ്കെടുത്തില്ലെന്ന് കാണിച്ച് നോട്ടീസയച്ചത്. ഏഴു ദിവസത്തിനകം ഇവർ വിശദീകരണം നൽകണം.

12 മാസത്തിനിടയ്ക്ക് മൂന്ന് തവണ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയമാകാതെ ഒഴിവായാൽ അത് ചട്ടലംഘനമായി കണക്കാക്കും. താരങ്ങൾക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാവാതെ വരുകയും ചെയ്താൽ രണ്ടുവർഷം വരെ വിലക്ക് വന്നേക്കാം. ജയ്‌സ്വാളിനെയും ഷഫാലിയെയും സംബന്ധിച്ച് ഇതാദ്യത്തെ സംഭവമാണ്.

Content Highlights: Jaiswal and Verma failed to appear for mandatory NADA doping tests., Both players are part of the Registered Testing Pool (RTP)., Players must provide a 7-day explanation to avoid further disciplinary action., Three missed tests within 12 months can lead to a two-year ban., BCCI and ICC have been formally notified of the situation.