‘അത് റണ്ണെടുക്കാമായിരുന്നു’; ജയ്സ്വാളിന്റെ പുറത്താകലിൽ മഞ്ജരേക്കർ

#സ്പോർട്സ് ഡെസ്ക്
ജയ്സ്വാൾ റണ്ണൗട്ടാകുന്നു | AP
ജയ്സ്വാൾ റണ്ണൗട്ടാകുന്നു | AP

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായ സംഭവത്തിൽ പ്രതികരിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. താരം പുറത്താകുമ്പോൾ കമന്ററി ബോക്‌സിൽ നിന്നാണ് സഞ്ജയ് പ്രതികരണം നടത്തിയത്. ഇന്ത്യക്ക് അത് റൺ നേടാമായിരുന്നുവെന്നാണ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടത്. ഒന്നാമിന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. കെ.എൽ. രാഹുലും ജയ്‌സ്വാളും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടിലേക്ക് നയിച്ചത്. 32 റൺസാണ് താരത്തിന്റെ സമ്പാദ്യം.

ആദ്യ ഇന്നിങ്‌സിൽ മികച്ച നിലയിൽ ഇന്ത്യ ബാറ്റ്ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജയ്‌സ്വാൾ പുറത്താവുന്നത്. 11-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. കേശാര നുവാന്ത എറിഞ്ഞ പന്ത് സിംഗിളെടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മിഡ് ഓണിലേക്ക്‌ഷോട്ടടിച്ചയുടനെ തന്നെ രാഹുൽ ഓടി. എന്നാൽ പന്ത് തടയാൻ ശ്രമിച്ച ബൗളർ ജയ്‌സ്വാളുമായി കൂട്ടിയിടിച്ചു. അതോടെ ജയ്‌സ്വാൾ മൈതാനത്ത് വീണു. താരത്തിന് ആദ്യഘട്ടത്തിൽ ഓടാനായില്ല. കുറച്ചുസമയത്തിന് ശേഷം എഴുന്നേറ്റുവന്ന് ഓടാനായി ശ്രമിച്ചു. ഫീൽഡർ പന്ത് കീപ്പർക്ക് കൈമാറിയതോടെ തിരിഞ്ഞോടാനായിരുന്നു ജയ്‌സ്വാൾ ശ്രമിച്ചത്. അപ്പോഴേക്കും രാഹുൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ എത്തിയിരുന്നു.രണ്ടുപേരും ഒരേ ക്രീസിൽ ബാറ്റ് കുത്തി. എന്നാൽ ആദ്യം ക്രീസിലെത്തിയ രാഹുൽ രക്ഷപ്പെട്ടു. ജയ്‌സ്വാൾ പുറത്തായി. പന്ത് കിട്ടിയ ലങ്കൻ കീപ്പർ ഒന്നാലോചിച്ച ശേഷമാണ് ബെയിൽ ഇളക്കിയത്. ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ അനുമതി നൽകുകയും ചെയ്തു. ആ ഘട്ടത്തിൽ ഇന്ത്യയുടെ സ്‌കോർ 47 ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.

ജയ്‌സ്വാൾ പുറത്തായത് രാഹുലിനും ഇന്ത്യൻ ക്യാംപിലും ഞെട്ടലുണ്ടാക്കി. ജയ്‌സ്വാളാകട്ടെ നിരാശയോടെയാണ് കളംവിട്ടത്. ജയ്‌സ്വാളിന് അത് ഓടിയെടുക്കാമെന്നാണ് കമന്ററി ബോക്സിൽ നിന്ന് മഞ്ജരേക്കർ പറഞ്ഞത്. ‘അത് റണ്ണെടുക്കാവുന്ന ഒന്നായിരുന്നു. രാഹുൽ വളരെ സുരക്ഷിതമായി ക്രീസിലെത്തി. ജയ്‌സ്വാൾ ആശയക്കുഴപ്പത്തിലായിപ്പോയെന്നും’ മഞ്ജരേക്കർ വ്യക്തമാക്കി. അതേസമയം ലങ്കൻ നായകന് വേണമെങ്കിൽ ജയ്‌സ്വാളിനെ തിരികെ വിളിക്കാമായിരുന്നു. ബൗളറുമായി കൂട്ടിയിടിച്ച് വീണതിനാൽ സാധാരണ ക്യാപ്റ്റൻമാർ ബാറ്റർമാരെ തിരികെവിളിക്കാറുമുണ്ട്. എന്നാൽ ഇക്കുറി അതുണ്ടായില്ല.

Content Highlights: Yashasvi Jaiswal got run out after a mix-up with KL Rahul during the match against Sri Lanka., Sanjay Manjrekar stated from the commentary box that the run was easily achievable