ഇന്ത്യക്കും കിവീസിനും വൻ തിരിച്ചടി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ മാറ്റം

#സ്പോർട്സ് ഡെസ്ക്
ഇന്ത്യ-കിവീസ് മത്സരത്തിനിടെ | AFP
ഇന്ത്യ-കിവീസ് മത്സരത്തിനിടെ | AFP

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി. പോയന്റ് ശതമാനം കുറഞ്ഞ ഇന്ത്യ പട്ടികയിൽ നാലാമത് തുടരുകയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേറ്റു. അതേസമയം കിവീസും പോയന്റ് പട്ടികയിൽ താഴോട്ടിറങ്ങി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാൻ ഇന്ത്യക്ക് നിർണായകമായിരുന്നു കിവീസിനെതിരായ വെല്ലിങ്ടൺ ടെസ്റ്റ്. മത്സരത്തിന് മുൻപ് 51.52 ശതമാനത്തോടെ നാലാമതായിരുന്നു ഇന്ത്യ. വെല്ലിങ്ടണിൽ കിവീസിനെ വീഴ്ത്താനാവാതെ വന്നതോടെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. ടെസ്റ്റ് സമനിലയിലായതോടെ പോയന്റ് ശതമാനത്തിൽ ഇടിവുണ്ടായി. നിലവിലെ പോയന്റ് ശതമാനം 50 ആണ്. അതേസമയം ഗില്ലും സംഘവും പട്ടികയിൽ നാലാമതുതന്നെ തുടരുകയാണ്. 12 മത്സരങ്ങളിൽ അഞ്ചുജയവും നാല് തോൽവിയും മൂന്ന് സമനിലയുമാണ് ടീമിനുള്ളത്.

ടെസ്റ്റ് സമനില കിവീസിനും തിരിച്ചടിയാണ് സമ്മാനിച്ചത്. രണ്ടാമതുണ്ടായ ന്യൂസീലൻഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. 72.22 പോയന്റ് ശതമാനത്തിൽ നിന്ന് 66.67 ആയി കുറഞ്ഞു. കിവീസ് ഏഴുമത്സരങ്ങളിൽ നാലെണ്ണത്തിൽ ജയിച്ചു. ഒരു മത്സരം തോറ്റപ്പോൾ രണ്ട് ടെസ്റ്റ് സമനിലയിലായി. കിവീസിനെ മറികടന്ന് ഓസീസ് രണ്ടാമതെത്തി. 69.23 ആണ് ഓസീസിന്റെ പോയന്റ് ശതമാനം.

പട്ടികയിൽ ദക്ഷിണാഫ്രിക്കയാണ് തലപ്പത്ത്. 75 പോയന്റ് ശതമാനത്തോടെയാണ് ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുമത്സരങ്ങളിൽ നിന്നായി ആറുജയവും രണ്ട് തോൽവിയുമുണ്ട്. അടുത്തിടെ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് കീഴടക്കി തകർപ്പൻ ജയം സ്വന്തമാക്കിയതാണ് പ്രോട്ടീസിന് നേട്ടമായത്. 12 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തിയിരുന്നു.

വെല്ലിങ്ടൺ ടെസ്റ്റിന്റെ അഞ്ചാംദിനം മൂന്നാം സെഷനിലും കിവീസ് നിലയുറപ്പിച്ചതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടാമിന്നിങ്സിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 239 റൺസെന്ന നിലയിലായിരുന്നു ആതിഥേയർ. ഡാരിൽ മിച്ചലും(49) ഗ്ലെൻ ഫിലിപ്‌സുമാണ്(26) ക്രീസിലുണ്ടായിരുന്നത്. മൂന്നാം സെഷനിൽ ശേഷിക്കുന്ന അഞ്ചുവിക്കറ്റ് വീഴ്ത്തി മത്സരം ജയിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യയെങ്കിലും കിവീസിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനായില്ല. അതോടെ ടെസ്റ്റ് സമനിലയിലായി.

Content Highlights: India drops to 50% points after drawing the Wellington Test against New Zealand