സജന പറയുന്നു ഡബ്ല്യു.പി.എല്‍. അല്ല; ഇന്ത്യൻ ടീമാണ് ലക്ഷ്യം

കൃഷ്ണഗിരി : വനിതാ പ്രീമിയര്‍ലീഗിലെ താരം സജന സജീവന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ വയനാട് ക്രിക്കറ്റ് അസോസിയേഷന്റെ ഊഷ്മളസ്വീകരണം. കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിക്കുന്ന കുട്ടിത്താരങ്ങളും അധികൃതരും ചേര്‍ന്ന് സജനയെ പൂച്ചെണ്ടുനല്‍കി സ്വീകരിച്ചു. ഡബ്ല്യു.പി.എല്‍. ലക്ഷ്യംവെച്ചല്ല താന്‍ ക്രിക്കറ്റില്‍ വന്നതെന്നും ഇന്ത്യന്‍ ടീമിലിടംനേടുകയാണ് ലക്ഷ്യമെന്നും അതിലേക്കുള്ള വഴിയാണ് ഡബ്ല്യു.പി.എലെന്നും സജന പറഞ്ഞു.
''മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ച അവസാനപന്തിലെ ആ സിക്സര്‍ കഴിവുതെളിയിക്കാന്‍ ദൈവം നല്കിയ അവസരമായിരുന്നു. ടീമില്‍ ഇടംനേടിയപ്പോള്‍ ഫിനിഷറായിട്ടായിരിക്കും ഇറക്കുകയെന്ന് പരിശീലകര്‍ പറഞ്ഞിരുന്നു. പത്തോ പന്ത്രണ്ടോ പന്ത് കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു പന്തില്‍ അഞ്ചുറണ്‍സ് വേണമെന്ന അവസ്ഥയില്‍ ടീമിന്റെ ജയംമാത്രം മനസ്സില്‍ക്കണ്ട് ആത്മവിശ്വാസത്തോടെ കളിച്ചു. അതാണ് ആ സിക്സര്‍'' -സജന പറഞ്ഞു. ''ഡബ്ല്യു.പി.എലിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ ഓരോരുത്തര്‍ക്കും നല്കുന്ന പരിഗണനയും പിന്തുണയും എടുത്തുപറയേണ്ടതാണ്.
കൃഷ്ണഗിരിസ്റ്റേഡിയത്തില്നിന്നാണ് ഞാന്‍ തുടങ്ങിയത്. ഇവിടെ ആദ്യംവന്നപ്പോള്‍ എനിക്ക് ഭക്ഷണമെടുത്തുനല്കിയ ബാബുവേട്ടന്മുതല് ഇവിടെയുള്ള ഓരോരുത്തരുടെയും വീട്ടുകാരുടെയും പിന്തുണയാണെന്റെ ജീവിതവും വിജയവും. കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ വെച്ചുതന്നെ സ്വീകരണം ഏറ്റുവാങ്ങാനായത് ഭാഗ്യമായി കരുതുന്നു.
ക്രിക്കറ്റിലേക്ക് കൈപിടിച്ചുയര്‍ത്തിയ എല്‍സമ്മ ടീച്ചര്‍, പരിശീലകരായ ഷാനവാസ് സാര്‍, അനുമോള്‍ ചേച്ചി, ദീപ്തി ചേച്ചി അങ്ങനെ ഓരോരുത്തരും കേരളാ ക്രിക്കറ്റ് അസോസിയേഷനുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ആരെയും മറക്കില്ല, കൃഷ്ണഗിരിസ്റ്റേഡിയത്തെയും'' -സജന പറഞ്ഞു. സജനയുടെ അച്ഛന് സജീവനും അമ്മ ശാരദയും ഒപ്പമുണ്ടായിരുന്നു.
സ്വീകരണയോഗത്തില്‍ വയനാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എം.കെ. അബ്ദുള്‍ സമദ് അധ്യക്ഷനായി. വയനാട് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നാസിര്‍ മച്ചാന് സജനയ്ക്ക് ഉപഹാരം നല്കി. കെ.സി.എ. പരിശീലകനും മുന്‍ ഇന്ത്യന്താരവുമായ വെങ്കിട് രമണ, രാജഗോപാല്‍, കെ.സി.എ. അംഗം ജാഫര്‍ സേട്ട്, ടി.ആര്. ബാലകൃഷ്ണന്, ബ്രിജേഷ്, ബോബി സെബാസ്റ്റ്യന്‍, എ.എം. നൂര്‍ഷ, പി.പി. ഡേവിഡ്, ടി.കെ. നിസാര്‍, സലിം കടവന്‍, പരിശീലകരായ കെ.പി. ഷാനവാസ്, ജസ്റ്റിന് ഫെര്‍ണാണ്ടസ്, ടി. ദീപ്തി തുടങ്ങിയവര്‍ പങ്കെടുത്തു.
അവള് നിങ്ങളുടെയും മകള്‍ -ശാരദാ സജീവന്
സജന ഇപ്പോള്‍ തന്റെ മാത്രം മകളല്ലെന്നും വയനാടിന്റെയും ക്രിക്കറ്റ് അസോസിയേഷന്റെയും കേരളത്തിന്റെയും മകളാണെന്നും സജനാ സജീവന്റെ അമ്മ ശാരദാ സജീവന് സ്വീകരണയോഗത്തില്‍ പറഞ്ഞു. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അവളുടെ പ്രയത്നവുമാണ് വിജയത്തിനുപിന്നില്‍. അതിനിയും ഉണ്ടാവണം. ഒരു പന്തില്‍ അഞ്ചുറണ്‍സ് വേണമെന്നുള്ളപ്പോള്‍ സജന ഇറങ്ങിയിട്ട് എന്താക്കാനാണെന്നാണ് ഞാന്‍ കരുതിയത്. ജയം ഞാന്‍ പ്രതീക്ഷിച്ചതേയില്ല. അവളുടെ സിക്സറും മുംബൈ ഇന്ത്യന്‍സിന്റെ ജയവും എല്ലാവരും ആഘോഷിച്ചു. ആ സന്തോഷം വാക്കുകള്‍ക്കപ്പുറമാണ്. മിന്നു മണിയും സജനയും നാടിന് അഭിമാനമായതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ശാരദാ സജീവന് പറഞ്ഞു. ടീമിന്റെ വിജയം മനസ്സില്‍ക്കണ്ട് കളിച്ചു. അതാണ് ആ സിക്സര്സജന സജീവന് കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ ഊഷ്മള സ്വീകരണം
Content Highlights: wpl player sajna sajeevan in wayand