ഫൈനലിൽ നഖ്‌വി മുഖ്യാതിഥി?; സൂര്യകുമാറിനെപ്പോലെ ഹർമൻപ്രീതും ട്രോഫിയില്ലാതെ മടങ്ങേണ്ടി വരുമോ?

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ഇന്ത്യന്‍ ടീം ട്രോഫിയില്ലാതെ ആഘോഷിക്കുന്നു/ മൊഹ്‌സിന്‍ നഖ്‌വി | Photo: ANI/ AFP
ഇന്ത്യന്‍ ടീം ട്രോഫിയില്ലാതെ ആഘോഷിക്കുന്നു/ മൊഹ്‌സിന്‍ നഖ്‌വി | Photo: ANI/ AFP

ദുബായ്‌: ഇന്ത്യൻ പുരുഷ ടീം ഏഷ്യാ കപ്പ് ട്രോഫിയില്ലാതെ മടങ്ങിയതുപോലെ ഒരുപക്ഷേ ഇന്ത്യൻ വനിതാ ടീമിനും അത്തരമൊരു അവസ്ഥ സംഭവിച്ചേക്കാം. ഞായറാഴ്ച നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്‌സിൻ നഖ്‌വി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 2025-ലെ പുരുഷ ഏഷ്യാ കപ്പിൽ സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യൻ ടീമിന് വെറും കൈയ്യോടെ മടങ്ങേണ്ടി വന്നിരുന്നു. അന്ന് ഇന്ത്യൻ ടീം നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചതോടെ നഖ്‌വി ട്രോഫിയുമായി സ്റ്റേഡിയം വിടുകയായിരുന്നു.

സെപ്റ്റംബർ 13-ന് ദുബായിയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ പിസിബി ചെയർമാൻ പങ്കെടുക്കുമെന്നും സമാപന ചടങ്ങിലെ മുഖ്യാതിഥി അദ്ദേഹമായിരിക്കുമെന്നും ജിയോ സൂപ്പറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം ടൂർണമെന്റിലെ കിരീട ഫേവറിറ്റുകളാണ്. അവർ ഇതിനോടകം സെമിഫൈനലിലെത്തുകയും ചെയ്തിട്ടുണ്ട്്. ഇന്ത്യ കിരീടം ചൂടുകയാണെങ്കിൽ നഖ്വിയിൽ നിന്ന് ഹർമൻപ്രീതോ ടീം അംഗങ്ങളോ ട്രോഫി സ്വീകരിക്കാൻ സാധ്യതയില്ല.

ഹർമൻപ്രീത് കൗറും പാകിസ്താൻ ക്യാപ്റ്റൻ സന മിറും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് മുമ്പ് പരസ്പരം ഹസ്തദാനം പോലും ചെയ്തിരുന്നില്ല. കഴിഞ്ഞ വർഷം പുരുഷ ഏഷ്യാ കപ്പിലും സൂര്യകുമാർ യാദവും സൽമാൻ അലി ആഘയും ഹസ്തദാനം ചെയ്തിരുന്നില്ല.

അന്ന് ഫൈനലിൽ പാകിസ്താനെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യൻ ടീമിന് ട്രോഫി നൽകാനായി മൊഹ്‌സിൻ നഖ്വി അരമണിക്കൂറോളം വേദിയിൽ കാത്തുനിന്നിരുന്നു. എന്നാൽ സൂര്യകുമാറും സഹതാരങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചു. മറ്റൊരു എസിസി ഉദ്യോഗസ്ഥനിൽ നിന്ന് ട്രോഫി സ്വീകരിക്കാനായിരുന്നു ഇന്ത്യൻ ടീം ആഗ്രഹിച്ചത്.

ഈ സംഭവത്തിൽ പ്രകോപിതനായ നഖ്വി ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിക്കുകയും ട്രോഫിയുമായി തന്റെ ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയും ചെയ്തു. അന്നുമുതൽ ഈ ട്രോഫി ദുബായിലെ എസിസി ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇന്ത്യൻ ടീമിന് ഇത് ഇതുവരെ സമ്മാനിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ. നഖ്വിയുമായും എസിസിയിലെ മറ്റ് അധികാരികളുമായും ബിസിസിഐ നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

Content Highlights: PCB and ACC chairman Mohsin Naqvi is set to attend the Women's Asia Cup final on September 13 as chief guest., Fears of a repeat of the 2025 Men's Asia Cup final deadlock where India refused the trophy from Naqvi., Harmanpreet Kaur's Indian team are favorites to win the tournament and reach the final., The 2025 trophy remains in the ACC Dubai office after Naqvi took it away following the Indian team's refusal to accept it from him.