2024-ലെ തോൽവിക്ക് പകരംവീട്ടി ഇന്ത്യ; ലങ്കയെ തകർത്ത് സ്വന്തമാക്കിയത് 8-ാം വനിതാ ഏഷ്യകപ്പ് കിരീടം

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: Getty Images
Photo: Getty Images

ദുബായ്: എട്ടാം വനിതാ ഏഷ്യകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ദുബായിൽ നടന്ന ഏഷ്യകപ്പ് ട്വന്റി-20 ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. രണ്ടു വർഷം മുമ്പ് നടന്ന ഫൈനലിൽ ശ്രീലങ്കയോട് നേരിട്ട തോൽവിക്ക് പകരംവീട്ടാനും ഇന്ത്യയ്ക്കായി.

ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കൻ വനിതകൾ 20 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധികാരികമായിരുന്നു ഇന്ത്യയുടെ പ്രകടനം.

നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയാണ് ലങ്കയെ തകർത്തത്. ദീപ്തി ശർമ 19 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, ഷഫാലി വർമ, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

32 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവാണ് ലങ്കയുടെ ടോപ് സ്‌കോറർ. നിലാക്ഷിക സിൽവ 16 പന്തിൽ നിന്ന് 22 റൺസെടുത്തു. വിഷ്മി ഗുണരത്‌നെ 22 പന്തിൽ 20 റൺസ് നേടി. പിന്നീടാർക്കും ലങ്കൻ നിരയിൽ രണ്ടക്കം കാണാനായില്ല.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്.

ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ ടീമിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും 77 പന്തിൽ നിന്ന് ഈ സഖ്യം 129 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും സ്‌കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല.

39 പന്തിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 68 റൺസെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 39 പന്തുകൾ നേരിട്ട സ്മൃതി മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 59 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വിളിയിൽ ഇല്ലാത്ത റണ്ണിനോടി സ്മൃതി റണ്ണൗട്ടാകുകയായിരുന്നു.

ഹർമൻപ്രീത് കൗർ (14 പന്തിൽ 14), റിച്ച ഘോഷ് (13 പന്തിൽ 17), ദീപ്തി ശർമ (5) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗുണലൻ കമാലിനി അഞ്ചു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.

Content Highlights: India scored 183/5 in 20 overs against Sri Lanka in the Women's Asia Cup T20 Final., Openers Smriti Mandhana (59) and Shafali Verma (68) built a massive 129-run partnership., The middle-order failed to capitalize on the strong start, falling short of the 200-run mark.