ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ട് അർധസെഞ്ചുറികൾനേടി വിൻഡീസ് ബാറ്റർ, 1978 ന് ശേഷം ഇതാദ്യം

#സ്പോർട്സ് ഡെസ്ക്
കെവിൻ വിക്കം | AFP
കെവിൻ വിക്കം | AFP

ധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് വെസ്റ്റിൻഡീസ് ബാറ്റർ കെവിൻ വിക്കം. ടെസ്റ്റ് അരങ്ങേറ്റത്തിൽ രണ്ട് അർധസെഞ്ചുറികൾ നേടുന്ന വിൻഡീസ് താരങ്ങളുടെ പട്ടികയിൽ കെവിൻ വിക്കമും ഇടംപിടിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് വിൻഡീസ് ബാറ്ററുടെ നേട്ടം.

ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ നാലാമനായി ഇറങ്ങിയ വിക്കം 61 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്‌സിൽ താരം 78 റൺസും അടിച്ചെടുത്തു. അതോടെയാണ് അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറികൾ നേടുന്ന താരമായി വിക്കം മാറിയത്. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറികൾ നേടുന്ന എട്ടാമത്തെ വിൻഡീസ് താരമാണ് കെവിൻ. എന്നാൽ 1978 ന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ വിൻഡീസ് ബാറ്റർ കൂടിയാണ്.

അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് സ്യൂ ശിവ്‌നരെയ്‌നാണ്. 1978 ൽ ഓസ്‌ട്രേലിയക്കെതിരായ അരങ്ങേറ്റത്തിലാണ് രണ്ട് അർധസെഞ്ചുറികളോടെ ശിവ്‌നരെയ്ൻ തിളങ്ങിയത്. അതിന് ശേഷം 48 വർഷത്തോളം മറ്റൊരു വിൻഡീസ് ബാറ്ററും ഈ നേട്ടം സ്വന്തമാക്കിയിരുന്നില്ല. അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറികൾ നേടുന്ന ആദ്യ വിൻഡീസ് ബാറ്റർ ഫ്രാങ്ക് ഡി കയേഴ്‌സാണ്. 1930ൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു റെക്കോഡ് കുറിച്ച ഇന്നിങ്‌സ് പിറന്നത്.

അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ ഒരേയൊരു വിൻഡീസ് താരം ലോറൻസ് റോവാണ്. 1972ൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ 214 റൺസും രണ്ടാമിന്നിങ്‌സിൽ 100 റൺസുമെടുത്തു. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും ലോറൻസിന്റെ പേരിലാണ്.

Content Highlights: Kevin Wickham scored twin fifties on his Test debut against Bangladesh