409 പന്തുകള്‍ നേരിട്ട മാരത്തണ്‍ കൂട്ടുകെട്ട്; കോട്ടകെട്ടി ഗ്രീവ്സ്-റോച്ച് സഖ്യം, വിന്‍ഡീസിന് ജയത്തോളം പോന്ന സമനില

ക്രൈസ്റ്റ്ചര്‍ച്ച്: പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരേ പൊരുതി സമനില നേടി വെസ്റ്റിന്‍ഡീസ്. കിവീസ് ഉയര്‍ത്തിയ 531 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് ഷായ് ഹോപ്പിനൊപ്പവും കെമാര്‍ റോച്ചിനൊപ്പവും ജസ്റ്റിന്‍ ഗ്രീവ് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളാണ് ജയത്തോളം പോന്ന സമനില സമ്മാനിച്ചത്. സ്‌കോര്‍: ന്യൂസീലന്‍ഡ് - 231/10, 466/8 ഡി, വെസ്റ്റിന്‍ഡീസ് - 167/10, 457/6.
അവസാന രണ്ടു ദിവസത്തില്‍ 163.3 ഓവറുകള്‍ പിടിച്ചുനിന്നാണ് വിന്‍ഡീസ് സമനില പൊരുതി നേടിയത്. ഇരട്ട സെഞ്ചുറി നേടിയ ഗ്രീവ്‌സാണ് വിന്‍ഡീസ് പോരാട്ടം നയിച്ചത്. 388 പന്തുകള്‍ നേരിട്ട ഗ്രീവ്‌സ് 202 റണ്‍സോടെ പുറത്താകാതെ നിന്നു. 19 ബൗണ്ടറികളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
531 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ജോണ്‍ കാമ്പെല്‍ (15), തഗനരെയ്ന്‍ ചന്ദ്രപോള്‍ (6), അലിക് അതാനസെ (5), ക്യാപ്റ്റന്‍ റോസ്റ്റന്‍ ചേസ് (4) എന്നിവരെ നഷ്ടമായി നാലിന് 72 റണ്‍സെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ടതായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഗ്രീവ്‌സ് - ഷായ് ഹോപ്പ് സഖ്യം കിവീസിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 382 പന്തുകള്‍ പിടിച്ചുനിന്ന ഇരുവരും 196 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
സെഞ്ചുറി നേടിയ ഹോപ്പ് ഒടുവില്‍ സ്‌കോര്‍ 268-ല്‍ നില്‍ക്കേ മടങ്ങിയതോടെ വിന്‍ഡീസ് വീണ്ടും പ്രതിസന്ധിയിലായി. 234 പന്തില്‍ നിന്ന് രണ്ടു സിക്‌സും 15 ഫോറുമടക്കം 140 റണ്‍സായിരുന്നു ഹോപ്പിന്റെ സമ്പാദ്യം. പിന്നാലെ വന്നപാടെ ടെവിന്‍ ഇംലാച്ചും (4) ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയതോടെ തോല്‍വി വിന്‍ഡീസിനെ തുറിച്ചുനോക്കി.
എന്നാല്‍ എട്ടാമന്‍ കെമാര്‍ റോച്ചിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ കിവീസിന് മറുപടിയുണ്ടായിരുന്നില്ല. ഗ്രീവ്‌സിനൊപ്പം 409 പന്തുകള്‍ പ്രതിരോധിച്ച റോച്ച് 180 റണ്‍സിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 233 പന്തുകളില്‍ നിന്ന് 58 റണ്‍സുമായി റോച്ച് പുറത്താകാതെ നിന്നു.
Content Highlights: West Indies fights back for a heroic draw against New Zealand in the first Test. Greaves` double century and Roach`s resilience save the match.