‘പന്തിൽ കൃത്രിമം കാണിച്ചാൽ ബൗളർക്ക് അത് എളുപ്പം മനസിലാകും’; കമ്മിൻസിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി അക്രം

ഇസ്ലാമാബാദ്: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു 2018-ലെ പന്തുചുരണ്ടൽ വിവാദം. അടുത്തിടെ പുറത്തിറങ്ങിയ മുൻ ഓസീസ് താരം ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ പരാമർശങ്ങൾ ആ വിവാദത്തെ വീണ്ടും ചർച്ചയാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ കമ്മിൻസിന്റെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ വസീം അക്രം.
പന്തിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ച് കൃത്രിമം കാണിച്ചാൽ അനുഭവസമ്പത്തുള്ള ഒരു ബൗളർക്ക് അത് ഉടൻ തന്നെ തിരിച്ചറിയാൻ സാധിക്കുമെന്നും, സാൻഡ്പേപ്പർ കൊണ്ടുള്ള പോറലുകൾ സാധാരണ പന്തിലുണ്ടാകുന്ന പോറലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും അക്രം വ്യക്തമാക്കി.
ഉസ്മാൻ ഖവാജയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ തള്ളിക്കളഞ്ഞുകൊണ്ട് കമ്മിൻസ് നടത്തിയ 68 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിന് പിന്നാലെയാണ് അക്രത്തിന്റെ പ്രതികരണം. പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കമ്മിൻസ് വ്യക്തമാക്കിയത്. കമ്മിൻസിന്റെ ഈ വാക്കുകളെ അക്രം പൂർണമായി തള്ളിക്കളഞ്ഞില്ലെങ്കിലും, പന്തിന്റെ അവസ്ഥ കണ്ട് ബൗളർമാർക്ക് കാര്യം മനസിലാകുമെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അക്രം കാര്യങ്ങൾ വിശദീകരിച്ചത്. അഞ്ചാമത്തെ ഓവറിലായാലും പത്താമത്തെ ഓവറിലായാലും 50-ാമത്തെ ഓവറിലായാലും ഒരു പഴയ പന്ത് ബൗളറുടെ കയ്യിൽ എത്തുമ്പോൾ അതിന്റെ അവസ്ഥ കൃത്യമായി മനസിലാക്കാൻ കഴിയും. വരണ്ട പിച്ചിൽ പന്ത് തട്ടി വീഴുമ്പോൾ ഉണ്ടാകുന്ന സാധാരണ പോറലുകളും സാൻഡ്പേപ്പർ ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്ന പോറലുകളും വ്യത്യസ്തമാണെന്ന് അക്രം ചൂണ്ടിക്കാട്ടി.
താൻ ആരുടെയും പക്ഷം പിടിക്കുന്നില്ലെന്നും ഒരു ബൗളർ എന്ന നിലയിലുള്ള തന്റെ അനുഭവമാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൈതാനത്തിനകത്തും പുറത്തുമുള്ള ഓസ്ട്രേലിയൻ ടീമിന്റെ തുറന്ന സമീപനങ്ങളെ പ്രശംസിച്ച അക്രം, എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഈ വിഷയം ചർച്ചയാകുന്നതിലുള്ള പ്രയാസം പ്രകടിപ്പിക്കുകയും കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
Content Highlights: Wasim Akram responded to Pat Cummins' recent press conference regarding the 2018 ball-tampering controversy., Akram stated that experienced bowlers can easily differentiate between natural wear and artificial tampering like sandpaper marks., The controversy was reignited following revelations in Usman Khawaja's autobiography., Cummins had earlier denied any prior knowledge of the 2018 tampering plot during a 68-minute press conference.