'ഈ ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്താനാണ്'-ഇന്ത്യയോട് 55 റൺസിന് പുറത്തായതിന് പിന്നാലെ പാക് കോച്ച്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌ | Photo: Getty Images
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തില്‍ നിന്ന്‌ | Photo: Getty Images

ദുബായ്: ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ വിചിത്ര പ്രസ്താവനയുമായി പാകിസ്താൻ ടീം പരിശീലകൻ വഹാബ് റിയാസ്. നിലവിലുള്ള വനിതാ ഏഷ്യാ കപ്പ് ടൂർണമെന്റിൽ പാകിസ്താൻ തന്നെയാണ് മികച്ച ടീം എന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നു എന്നായിരുന്നു മത്സരശേഷം വഹാബ് റിയാസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഇന്ത്യക്കെതിരെ 55 റൺസിന് പാകിസ്താൻ പുറത്തായിരുന്നു. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 8.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു.

ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ പാകിസ്താന് ഇന്ത്യയോട് പിടിച്ചുനിൽക്കാനായില്ല. ശ്രീ ചർണി, ദീപ്തി ശർമ, പ്രേമ റാവത്ത് എന്നിവർ യഥാക്രമം 3, 2, 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷഫാലി വർമ ഒരു വിക്കറ്റും നേടി. അങ്ങനെ 18.1 ഓവറിൽ 55 റൺസിന് പാകിസ്താൻ പുറത്തായി. പാകിസ്താൻ നിരയിൽ ഓപ്പണിങ് ജോഡികളായ മുനീബ അലി, ഷാവൽ സുൽഫിക്കർ എന്നിവർ ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. എന്നിട്ടും വനിതാ ഏഷ്യാ കപ്പ് 2026-ൽ തന്റെ ടീം ആണ് ഏറ്റവും മികച്ചത് എന്നാണ് കോച്ച് വഹാബ് റിയാസ് കരുതുന്നത്.

'ഞങ്ങളുടെ ടീമിലെ എല്ലാ കളിക്കാരും വളരെ കഴിവുള്ളവരാണെന്നും അവർ തങ്ങളിൽ തന്നെ വിശ്വസിക്കേണ്ടതുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ്. ഞങ്ങൾ തിരികെ പോയി ഇന്ത്യക്കെതിരെ എവിടെയാണ് പിഴവുകൾ സംഭവിച്ചതെന്ന് ചർച്ച ചെയ്യും. അതേ തെറ്റുകൾ ആവർത്താതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായതിനാൽ, ട്രോഫി ഉയർത്താൻ ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ടീം പാകിസ്താൻ ആണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു'- റിയാസ് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറുവശത്ത്, ടീമിന്റെ തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ചുള്ള റിയാസിന്റെ നിലപാടിൽ നിന്ന് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് പാകിസ്താൻ ക്യാപ്റ്റൻ സന മിറിനുള്ളത്. വനിതാ ഏഷ്യാ കപ്പിനുള്ള ടീമിൽ പ്രത്യേകിച്ച് ഏഴ് കളിക്കാരെ ഒഴിവാക്കിക്കൊണ്ട് വലിയ തോതിൽ മാറ്റങ്ങൾ വരുത്തിയ മാനേജ്‌മെന്റിനെ അവർ വിമർശിച്ചു. സനയുടെ ഈ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ക്യാപ്റ്റന്റെ അഭിപ്രായവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിയാസ് പറഞ്ഞു.

'സന മിറിന് അവരുടേതായ അഭിപ്രായമുണ്ട്. ആ അഭിപ്രായവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഭാവിയെ മുൻനിർത്തിയാണ് ഞങ്ങൾ മാറ്റങ്ങൾ വരുത്തിയത്. മുമ്പ് കളിച്ചിരുന്ന താരങ്ങൾ ധാരാളം ലോകകപ്പുകളും ഏഷ്യാ കപ്പുകളും കളിച്ചിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് അതിന്റെ ഫലം ലഭിച്ചില്ല. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി ടീമിനെ കെട്ടിപ്പടുക്കുന്നതിന് പുതിയ മുഖങ്ങളെ ഉൾപ്പെടുത്തേണ്ട സമയമായിരുന്നു അത്'- റിയാസ് പറഞ്ഞു.

'നാം ആരെ ഒഴിവാക്കി എന്നതല്ല വിഷയം. യാഥാർത്ഥ്യം നാം തിരിച്ചറിയണം. ഒഴിവാക്കപ്പെട്ട താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു'- അദ്ദേഹം വ്യക്തമാക്കി.

ഇനി ഏഷ്യാ കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടുക എന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്.

Content Highlights: Pakistan suffered a crushing defeat, bowled out for 55 against India in the Women's Asia Cup 2026., Coach Wahab Riaz shockingly claimed Pakistan is still the best team in the tournament., Riaz defended the team management's decision to include new faces despite captain Sana Mir's criticism., Pakistan faces a must-win situation in their upcoming match against Hong Kong to keep semifinal hopes alive.