പൂജാരയെപ്പോലെ കളിച്ചിരുന്നവനെ പന്തിനെ പോലെയാക്കി; ബെയര്‍സ്റ്റോയെ പ്രകോപിപ്പിച്ച കോലിക്ക് ട്രോള്‍

എജ്ബാസ്റ്റണ്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ബാറ്റിങ്ങില്‍ തിളങ്ങിയത് ജോണി ബെയര്‍സ്‌റ്റോയായിരുന്നു. അഞ്ചിന് 84 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്. ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 140 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു.
എന്നാല്‍ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പതറിയ ബെയര്‍സ്റ്റോ പിന്നീട് തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇതിന് കാരണമായതോ വിരാട് കോലിയും. കോലി സ്ലെഡ്ജ് ചെയ്തതിനെ തുടര്‍ന്ന് പ്രകോപിതനായ ബെയര്‍സ്റ്റോ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ബെയര്‍സ്റ്റോ പതറുന്നതിനിടെയാണ് കോലി താരത്തെ പ്രകോപിപ്പിക്കുന്നത്.
ഇതിനു പിന്നാലെ കോലിയെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തന്നെ രംഗത്തെത്തി. കോലി സ്ലെഡ്ജ് ചെയ്യുന്നതിന് മുമ്പ് ബെയര്‍സ്റ്റോയുടെ സ്‌ട്രൈക്ക് റേറ്റ് 21, ശേഷം 150. പൂജാരയെ പോലെ കളിച്ചിരുന്നയാളെ സ്ലെഡ്ജ് ചെയ്ത് (ഋഷഭ്) പന്തിനെ പോലെയാക്കിയെന്ന് സെവാഗ് ട്വീറ്റ് ചെയ്തു.
കോലി പ്രകോപിപ്പിക്കുമ്പോള്‍ 61 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്റ്റോ നേടിയിരുന്നത്. അതിന് ശേഷം താരം ആക്രമിച്ച് കളിക്കുകയായിരുന്നു.
നേരത്തെ ഇന്ത്യയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഋഷഭ് പന്തിന്റെ ബാറ്റിങ്ങിനോട് ബെയര്‍സ്റ്റോയുടെ ഇന്നിങ്‌സിനെ താരതമ്യപ്പെടുത്തിയായിരുന്നു സെവാഗിന്റെ ട്വീറ്റ്.
Content Highlights: Virender Sehwag Trolls Virat Kohli for Sledging Jonny Bairstow