കോലി കൈവിട്ടു; വാടക കുടിശ്ശിക 2 കോടിയിലേറെ; ബെംഗളൂരുവിലെ വൺ8 കമ്മ്യൂൺ റെസ്റ്റോറന്റ് പൂട്ടി

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പ്രശസ്തമായ 'വൺ8 കമ്മ്യൂൺ' റെസ്റ്റോറന്റ്, വാടക അടയ്ക്കാത്തതു കാരണം കോടതി ഉത്തരവിനെത്തുടർന്ന് അടച്ചുപൂട്ടി. രണ്ടു കോടിയിലധികം രൂപ കിടിശ്ശിക വന്നതോടെയാണ് റെസ്റ്റോറന്റ് പൂട്ടാൻ കോടതി ഉത്തരവിട്ടത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മുമ്പ് ഈ റെസ്‌റ്റോറന്റ് ശൃംഖലയുടെ സഹ ഉടമയായിരുന്നു.
ഏകദേശം രണ്ടു കോടി രൂപയിലധികം വാടക ഇനത്തിൽ കുടിശ്ശിക വന്നതിനെത്തുടർന്നാണ് കെട്ടിട ഉടമ കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസത്തോളമായി വാടകയും മെയിന്റനൻസ് ചാർജുകളും വരുമാനത്തിന്റെ പങ്കും നൽകുന്നതിൽ റെസ്റ്റോറന്റ് വീഴ്ചവരുത്തിയിരുന്നു.
നേരത്തേതന്നെ ഈ റെസ്‌റ്റോറന്റ് ശൃംഖലയുമായുള്ള ബന്ധം കോലി അവസാനിപ്പിക്കുകയും തന്റെ ബ്രാൻഡ് നെയിം പിൻവലിക്കുകയും ചെയ്തിരുന്നു. റെസ്റ്റോറന്റ് നേരിട്ടിരുന്ന തുടർച്ചയായ നിയമപ്രശ്‌നങ്ങളും നോട്ടീസുകളുമാണ് കോലിയെ ഈ സ്ഥാപനത്തിൽനിന്ന് അകറ്റിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും തീപിടുത്ത നിയന്ത്രണ നിയമങ്ങളുടെ ലംഘനവും കാരണം ഈ ഔട്ട്ലെറ്റിന് മുമ്പ് നിരവധി തവണ അധികൃതരിൽനിന്ന് നോട്ടീസ് ലഭിച്ചിരുന്നു. ഫയർ സേഫ്റ്റി ലംഘനങ്ങൾ, അനുവദിച്ച സമയപരിധി കഴിഞ്ഞ് പ്രവർത്തിക്കൽ, പുകയില ഉത്പന്നളുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്തത് എന്നിങ്ങനെ നിരവധി കേസുകൾ ഈ സ്ഥാപനത്തിനെതിരേ നിലവിലുണ്ടായിരുന്നു. ഫയർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്നും ബിബിഎംപി കണ്ടെത്തിയിരുന്നു.
ട്രിയോ ഹിൽസ് ഹോസ്പിറ്റാലിറ്റി നടത്തിയിരുന്ന ഈ റെസ്റ്റോറന്റിന്, കോലിയുടെ പിന്മാറ്റവും ഉപഭോക്താക്കളുടെ കുറവും കാരണം വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചത്. 2023 ഡിസംബറിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ഈ റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. കുടിശ്ശിക തീർക്കുന്നതുവരെ റെസ്റ്റോറന്റ് അടച്ചിടാനാണ് നിലവിലെ കോടതി നിർദേശം.
Content Highlights: One8 Commune in Bengaluru shut down by court order., Outstanding rent and maintenance dues exceed Rs 2 crore., Virat Kohli has already dissociated from the restaurant chain., Legal violations include fire safety breaches and lack of NOC., Restaurant operations suspended until dues are cleared.