‘ഇത് അവസാന ലോകകപ്പ്, ലക്ഷ്യം കിരീടം’; തുറന്നുപറഞ്ഞ് കോലി

ന്യൂഡൽഹി: വരാനിരിക്കുന്ന ഏകദിന ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ലോകകപ്പ് നേടുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി എന്ത് ചെയ്യാനും തയ്യാറാണെന്നും കോലി വ്യക്തമാക്കി. ടെസ്റ്റിൽ നിന്നും ടി20യിൽ നിന്നും വിരമിച്ച കോലി നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്.
"ഒരു 50 ഓവർ ലോകകപ്പിന്റെ തീവ്രത മറ്റെന്തിനേക്കാളും വലുതാണ്. കാരണം ഇപ്പോഴിത് ടി20യുടെ തീവ്രതയിലുള്ള 10 മത്സരങ്ങൾ പോലെയാണ്. എന്നാൽ നിങ്ങൾ ഒരു ദിവസം 2.5 ടി20 മത്സരങ്ങൾ കളിക്കുകയാണ്. ലോകകപ്പ് പോലെയുള്ള ടൂർണമെന്റുകളിൽ 10 മത്സരങ്ങൾക്ക് ആ തീവ്രത നിലനിർത്തുക എന്നത് വലിയൊരു കാര്യമാണ്. കൂടാതെ വിദേശത്തുമാണ്. - കോലി പറഞ്ഞു.
"എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യയ്ക്കായി ഞാൻ കളിക്കാൻ പോകുന്ന അവസാന ലോകകപ്പാണിത്. അതാണ് എന്റെ പ്രചോദനം. അതായത്, എല്ലാം അവിടെത്തന്നെ ഉപേക്ഷിക്കുക. തീർച്ചയായും, ലോകകപ്പ് നേടുക എന്നത് തന്നെയാണ് ലക്ഷ്യം. അതിനായി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്." - കോലി കൂട്ടിച്ചേർത്തു
ലോകകപ്പിൽ 37 ഏകദിനങ്ങൾ കളിച്ചിട്ടുള്ള കോലി, 59.83 ശരാശരിയിൽ 1,795 റൺസ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറികളും 12 അർധസെഞ്ചുറികളുമുണ്ട്. 117 ആണ് ഉയർന്ന സ്കോർ. ഏകദിന ക്രിക്കറ്റിൽ 314 മത്സരങ്ങളിൽ നിന്നായി 14,941 റൺസാണ് കോലിയുടെ സമ്പാദ്യം. 58.59 ആണ് ശരാശരി. 79 ഫിഫ്റ്റികളും 54 സെഞ്ചുറികളുമുണ്ട്.
Content Highlights: Virat Kohli announced the upcoming ODI World Cup will be his final 50-over World Cup., He emphasized his ultimate goal of winning the World Cup for India