ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിന് മികച്ച ഭാവി-വിരാട് കോലി

ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും | Photo: ANI
ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും | Photo: ANI

ഇന്ത്യൻ ടീമിനെ ദീർഘകാലം നയിക്കാനുള്ള കാഴ്ച്ചപ്പാടും ഊർജവും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം വിരാട് കോലി. ശുഭ്മാൻ ഇപ്പോഴും ചെറുപ്പമാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കോലി വ്യക്തമാക്കി. ഞായറാഴ്ച വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു കോലി.

'കളിക്കളത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് എന്നതിനെ കുറിച്ച് ഗില്ലിന് വളരെ വ്യക്തമായ പ്ലാനുകളുണ്ട്. കൂടുതൽ പരിചയസമ്പത്തിലൂടെയും സാഹചര്യങ്ങളെക്കുറിച്ചുള്ള മികച്ച ധാരണയിലൂടെയും അദ്ദേഹം ഇനിയും മെച്ചപ്പെടും.' കോലി കൂട്ടിച്ചേർത്തു. എതിരാളികളേക്കാൾ ഒരു പടി മുന്നിൽ നിൽക്കാൻ ഗില്ലിന് കഴിവുണ്ടെന്നും കോലി കരുതുന്നു.

'കളിക്കളത്തിൽ ബാറ്റർമാരെ പുറത്താക്കാനുള്ള വഴികളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നു. ഇത് എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയോ അല്ലെങ്കിൽ ഒരു പടി മുന്നിൽ നിൽക്കുകയോ ചെയ്യുന്നതിന്റെ ലക്ഷണമാണ്. വ്യത്യസ്ത തരത്തിലുള്ള ഫീൽഡിങ് ക്രമീകരണങ്ങൾ ഉപയോഗിക്കാനും, കളിക്കാരെ സമ്മർദത്തിലാക്കാനും ബൗളർമാരോട് അത് വ്യക്തമായി ആശയവിനിമയം നടത്താനും ഒരു പ്രത്യേക തരം ബൗളിംഗ് ആക്രമണം കൊണ്ടുവരാനും അദ്ദേഹം മടിക്കാറില്ല'-കോലി വ്യക്തമാക്കി.

തന്റെ കഴിഞ്ഞ പത്ത് ഏകദിനങ്ങളിലും മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത്. ഇതിൽ മൂന്ന് സെഞ്ചുറികളും ഒരു 90-ന് മുകളിലുള്ള സ്‌കോറും നാല് അർധ ശതകങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ 18 മാസമായി ഏകദിനത്തിൽ മാത്രമാണ് കോലി കളിക്കുന്നത്.

Content Highlights: Virat Kohli backs Shubman Gill to lead India for a long time due to his right perspective and intensity., Kohli praises Gill's proactive field placements and tactical clarity on the field., Kohli explains his own shift towards playing with greater freedom and taking calculated risks in ODIs.