ആരാധകന് കൈകൊടുക്കാതെ കോലി; 'എനിക്ക് രണ്ട് കൈയേയുള്ളൂ' എന്ന് മറുപടി | VIDEO

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ താരങ്ങള്‍ കാണ്‍പുരിലെത്തിയിരിക്കുകയാണ്. ചെന്നൈയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയിരുന്നു. രണ്ടാം മത്സരത്തിനായി കാണ്‍പുരിലെത്തിയ ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്.
കാണ്‍പുരിലെ ഹോട്ടലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെത്തുന്ന ദൃശ്യങ്ങള്‍ വൈറലാണ്. ഹോട്ടലില്‍ കോലിക്കുനേരെ ഹോട്ടല്‍ സ്റ്റാഫ് കൈനീട്ടിയെങ്കിലും കോലി ഷെയ്ക്ക്ഹാന്‍ഡ് നല്‍കിയില്ല. ഒരു നന്ദി പ്രകടിപ്പിക്കുന്നതില്‍ മാത്രം ഒതുക്കി. ഹോട്ടല്‍ സ്റ്റാഫും ആരാധകരും ഉള്‍പ്പെടെ നിരവധിപേര്‍ കോലിയെ സ്വീകരിക്കാനായി തടിച്ചുകൂടിയിട്ടുണ്ടായിരുന്നു.
ഒരു കൈയില്‍ ബാഗും മറുകൈയില്‍ ഹോട്ടല്‍ അധികൃതര്‍ സമ്മാനിച്ച ബൊക്കയും പിടിച്ചു മുന്‍പോട്ടുനീങ്ങവെയാണ് കോലിക്ക് ഒരാള്‍ ഷെയ്ക്ക്ഹാന്‍ഡ് നല്‍കിയത്. ഇദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച് സാര്‍, എനിക്ക് രണ്ട് കൈകളേ ഉള്ളൂ എന്ന് കോലി പ്രതികരിച്ചു. അതേസമയം, പിന്നില്‍ വന്ന ഋഷഭ് പന്ത് ബൊക്ക സ്വീകരിക്കുകയും കൈനല്‍കുകയും ചെയ്തു. കോലിയുടെ നടപടിയെ വിമര്‍ശിക്കുന്നവരുമുണ്ട്.
Content Highlights: virat kohli awkwardly turns down kanpur hotel staffs handshake