വിജയ് മര്‍ച്ചന്റ് ട്രോഫി: മേഘാലയയെ ഇന്നിങ്സിനും 391 റണ്‍സിനും തോല്‍പ്പിച്ച് കേരളം

വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഒരിന്നിങ്സിനും 391 റണ്‍സിനുമാണ് കേരളം മേഘാലയയെ തകര്‍ത്തത്. ആദ്യ ഇന്നിങ്സില്‍ 25 റണ്‍സിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട മേഘാലയ 62 റണ്‍സിന് പുറത്തായതോടെയാണ് കേരളം കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിന്റെ വിജയം.
ആറ് വിക്കറ്റിന് 252 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടര്‍ന്ന കേരളത്തിന് ക്യാപ്റ്റന്‍ ഇഷാന് രാജിന്റെയും തോമസ് മാത്യുവിന്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കൂറ്റന്‍ ലീഡ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ ഇഷാന് രാജ് സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായെങ്കിലും തോമസ് മാത്യു കൂറ്റന്‍ ഷോട്ടുകളുമായി ബാറ്റിങ് തുടര്‍ന്നു. 143 പന്തില്‍ 152 റണ്‍സുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. 25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസിന്റെ ഇന്നിങ്സ്. 140 പന്തുകളില്‍ നിന്ന് 10 ഫോറടക്കം ഇഷാന് രാജ് 93 റണ്‍സ് നേടി. ഇന്നലെ ലെറോയ് ജോക്വിന്‍ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റണ്‍സെടുത്ത നെവിന്, 24 റണ്‍സെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റര്‍മാര്‍.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകര്‍ന്നടിഞ്ഞു. സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പെ ക്യാപ്റ്റന്‍ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 14 റണ്‍സെടുത്ത എസ് ചൌധരിയാണ് മേഘാലയയുടെ ടോപ് സ്കോറര്‍. 26ആം ഓവറില്‍ വെറും 62 റണ്‍സിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഇഷാന് കുനാല്‍ നാലും നന്ദന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ നന്ദന് ആറ് വിക്കറ്റും വീഴ്ത്തിയിരുന്നു. 7.3 ഓവറില്‍ ഒരു റണ്‍ പോലും വിട്ട് കൊടുക്കാതെയായിരുന്നു നന്ദന്റെ ആറ് വിക്കറ്റ് നേട്ടം. വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് നന്ദന്. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദന് നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു.
Content Highlights: vijay merchant trophyy 2024 25 kerala vs meghalaya