ഇംഗ്ലീഷ് യുവനിരയെ പഞ്ഞിക്കിട്ട് 24 മണിക്കൂറിനുള്ളിൽ എജ്ബാസ്റ്റണിൽ; ഗില്ലിന്റെ ഇന്നിങ്സ് കാണാൻ വൈഭവും

Photo: x.com/Sportskeeda/
Photo: x.com/Sportskeeda/

ബർമിങ്ങാം: നോർതാംപ്ടണിൽ ബുധനാഴ്ച ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ അടിച്ചൊതുക്കിയ ഇന്നിങ്‌സിനു പിന്നാലെ ഇന്ത്യയുടെ 14-കാരൻ വൈഭവ് സൂര്യവംശി നേരേ പോയത് ബർമിങ്ങാമിലേക്കായിരുന്നു. അവിടെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഇംഗ്ലീഷ് സീനിയർ ടീമിനെതിരേ റെക്കോഡ് ഇരട്ട സെഞ്ചുറി കുറിക്കുമ്പോൾ അതിന് സാക്ഷിയായി വൈഭവ് എജ്ബാസ്റ്റണിലെ ഗാലറിയിലുണ്ടായിരുന്നു.

എജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിനമാണ് വൈഭവ് കളികാണാനെത്തിയത്. അണ്ടർ 19 ക്യാപ്റ്റൻ ആയുഷ് മാത്രെ ഉൾപ്പെടെയുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലെ മറ്റ് അംഗങ്ങളും കളികാണാനുണ്ടായിരുന്നു. ഇംഗ്ലണ്ടിൽ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം ഗിൽ സ്വന്തമാക്കുന്നത് വൈഭവ് അങ്ങനെ നേരിട്ടുകണ്ടു. സേന രാജ്യങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റൻ കൂടിയാണ് ഗിൽ. 2011-ൽ ലോർഡ്‌സിൽ 193 റൺസെടുത്ത മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ തിലക്‌രത്‌നെ ദിൽഷന്റെ പേരിലായിരുന്നു സേന രാജ്യങ്ങളിലെ ഒരു ഏഷ്യൻ ക്യാപ്റ്റന്റെ ഉയർന്ന ടെസ്റ്റ് സ്‌കോർ എന്ന റെക്കോഡും ഗിൽ സ്വന്തം പേരിലാക്കി. 2016-ൽ നേർത്ത് സൗണ്ടിൽ വിരാട് കോലി 200 റൺസ് നേടിയ ശേഷമുള്ള ഒരു ഇന്ത്യൻ നായകന്റെ വിദേശ ടെസ്റ്റിലെ ഇരട്ട സെഞ്ചുറി നേട്ടം കൂടിയാണിത്.

ഗില്ലിന്റെ ഇന്നിങ്‌സിനിടെയാണ് എജ്ബാസ്റ്റണിലെ ക്യാമറകൾ വൈഭവിനെ കണ്ടുപിടിച്ചത്. സീനിയർ ടീമിന്റെ പ്രകടനം കാണാൻ ബിസിസിഐ തന്നെയാണ് വൈഭവിനെ ബർമിങ്ങാമിലേക്കയച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ വെടിക്കെട്ട് പ്രകടനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് വൈഭവ് ബർമിങ്ങാമിലെത്തിയത്.

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ 31 പന്തിൽ നിന്ന് 86 റൺസെടുത്ത വൈഭവിന്റെ പ്രകടനം ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. മത്സരത്തിൽ 20 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച വൈഭവ് അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധസെഞ്ചുറി നേടിയിരുന്നു.

Content Highlights: 14-year-old Vaibhav Suryavanshi witnessed Shubman Gill`s record double century in Edgbaston