'പത്താം വയസ്സിൽ തന്നെ 90 മീറ്റർ സിക്സ്'; കൗമാരക്കാരന് ഇത്രയും പവറോ? തുടരുന്ന വൈഭവതാണ്ഡവം

Photo: AFP
Photo: AFP

ന്ത്യൻ അണ്ടർ 19 ടീമിനായി തകർപ്പൻ പ്രകടനം പുറത്തെടുക്കുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം ഇം​ഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ 31 പന്തിൽ നിന്ന് 86 റൺസാണ് വൈഭവ് അടിച്ചെടുത്തത്. ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അണ്ടർ 19 ഏകദിന ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ താരമായും വൈഭവ് മാറി. അതോടെ വൈഭവിന്റെ സിക്‌സറുകൾ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചർച്ചയാകുകയാണ്.

ഒരു പതിന്നാലുകാരൻ എങ്ങനെയാണ് ഇത്രയും ശക്തിയോടെ സിക്‌സറുകൾ അടിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. അവിശ്വസനീയവും അസാധാരണവുമാണ് ഈ പ്രകടനമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ വൈഭവിന്റെ ഈ കഴിവിനെ ചെറുപ്പത്തിൽ തന്നെ മനസിലാക്കിയ ഒരാളുണ്ടായിരുന്നു. കുട്ടിക്കാലത്തെ പരിശീലകനായ മനീഷ് ഓജ. ഓജ മുമ്പ് ഒരു അഭിമുഖത്തിൽ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിരുന്നു.

പത്താം വയസ്സിൽ തന്നെ വൈഭവ് 90 മീറ്റർ സിക്‌സറുകൾ അടിച്ചിട്ടുണ്ടെന്നാണ് മനീഷ് പറയുന്നത്. 2018-ലാണ് വൈഭവിനെ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം ഇന്ത്യാ ടുഡെയോട് പറഞ്ഞു. വൈഭവ് അച്ചനുമൊത്ത് പരിശീലനത്തിനായി വന്നു. പക്ഷേ ആ ദിവസം ഞാൻ അക്കാദമിയിൽ വന്നിരുന്നില്ല. അതിനാൽ വൈഭവിനെ കാണാനായില്ല. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അവർ എന്നെ വിളിച്ചു. അങ്ങനെയാണ് ആദ്യമായി ഞങ്ങൾ കാണുന്നത്. - മനീഷ് അന്ന് പറഞ്ഞു.

'ഞാൻ 2022-ൽ എൻ്റെ അക്കാദമിയിൽ ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. എൻ്റെ അക്കാദമിയിലെ കളിക്കാർ, സംസ്ഥാന തലത്തിലുള്ള നിരവധി അണ്ടർ 19 കളിക്കാർ ഉണ്ടായിരുന്ന ഒരു ടീമിനെതിരെ കളിച്ചു. ആ മത്സരത്തിൽ വൈഭവ് 118 റൺസ് നേടി. അവൻ അടിച്ച സിക്സറുകൾ, ഇപ്പോൾ ആളുകൾ കാണുന്നതുപോലെയുള്ളവയായിരുന്നു. 60-65 യാർഡ് ബൗണ്ടറിയും കഴിഞ്ഞ് 20-30 യാർഡ് അപ്പുറമുള്ള അതിരുകൾക്ക് മുകളിലൂടെയായിരുന്നു ആ സിക്സറുകൾ. ശക്തി, ടൈമിംഗ്, കൃത്യത, എല്ലാം അസാധാരണമായിരുന്നു.'- അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അർധസെഞ്ചുറി തികച്ചിരുന്നു. 20 പന്തിൽ നിന്ന് താരം അർധസെഞ്ചുറിയും നേടി. അതോടെ അണ്ടർ 19 ഏകദിനത്തിൽ ഇന്ത്യക്കായി അതിവേഗ അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടർ 19 ഏകദിനത്തിൽ ഏറ്റവും വേഗം അർധസെഞ്ചുറി തികച്ച ഇന്ത്യൻ താരം. 2016-ൽ നേപ്പാളിനെതിരേ 18 പന്തിൽ നിന്ന് താരം അർധെസഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തിൽ 45 റൺസുമെടുത്തു. 

ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ക്രിക്കറ്റ് ലോകത്തെയൊന്നടങ്കം കോരിത്തരിപ്പിച്ചാണ് മടങ്ങിയത്. പതിന്നാലുവയസ് മാത്രമുള്ള താരം ഐപിഎല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. അതിവേഗസെഞ്ചുറിയും വെടിക്കെട്ട് പ്രകടനങ്ങളും കൊണ്ട് ഈ വണ്ടർകിഡ് ഐപിഎൽ ചരിത്രം തന്നെ തിരുത്തിയെഴുതി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ സെഞ്ചുറി കുറിച്ച വൈഭവ് 38 പന്തിൽ 11 സിക്സും ഏഴു ഫോറുമുൾപ്പെടെ 101 റൺസടിച്ച ശേഷമാണ് പുറത്തായത്. ഐപിഎല്ലിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും 14 വയസും 32 ദിവസും മാത്രം പ്രായമുള്ള ഈ ലിറ്റിൽ സൂപ്പർ സ്റ്റാർ സ്വന്തമാക്കി. ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന നേട്ടവും വെറും മൂന്നാമത്തെ മത്സരത്തിൽ വൈഭവ് സ്വന്തം പേരിലാക്കി. ഐപിഎല്ലിലെ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമായിരുന്നു ഇത്. 

ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സൂര്യവംശിയുടെ ജനനം. നാലാം വയസ്സിൽ കളിതുടങ്ങി. പിതാവ് തന്നെയായിരുന്നു ആദ്യ പരിശീലകൻ. ഒമ്പതാം വയസ്സിൽ നാട്ടിലെ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പിന്നീടുള്ള സൂര്യവംശിയുടെ വളർച്ച പ്രായത്തെ കവച്ചുവെക്കുന്നതായിരുന്നു. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.

Content Highlights: vaibhav suryavanshi performance india under 19 ipl records