നിരാശപ്പെടുത്തി ഐപിഎല്ലിലെ കൊച്ചുകോടീശ്വരൻ; പാകിസ്താനെതിരെ നേടിയത് ഒരു റൺ

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ദയനീയ പ്രകടനവുമായി ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശി. ഗ്രൂപ്പ് എയിൽ പാകിസ്താനോട് ഇന്ത്യ 43 റൺസിന് തോറ്റ മത്സരത്തിൽ ഒൻപത് പന്തിൽ ഒരു റൺ മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഓപ്പണറായി ഇറങ്ങിയ വൈഭവിനെ അഞ്ചാം ഓവറിൽ പാക് പേസർ അലി റാസ പുറത്താക്കി. വിക്കറ്റ് കീപ്പർ സൈദ് ബെയ്ഗിന് ക്യാച്ച് നൽകിയായിരുന്നു താരത്തിന്റെ പവലിയനിലേക്കുള്ള മടക്കം.
ഐ.പി.എൽ. മെഗാതാരലേലത്തിൽ 1.1 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. മുതിർന്ന താരങ്ങളെ അടക്കം ഏറ്റെടുക്കാൻ ടീമുകൾ മുന്നോട്ടുവന്നിരുന്നില്ല. ഇതിനിടെയാണ് 13-കാരനെ സഞ്ജു സാസംൺ നായകനായ രാജസ്ഥാൻ റോയിൽസ് വൻതുകയ്ക്ക് ടീമിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ ഏഴുവിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. ഓപ്പണർ ഷഹ്‌സെബ് ഖാൻ (159) സെഞ്ചുറി നേടി. ഉസ്മാൻ ഖാൻ (60) അർധസെഞ്ചുറിയും കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി നിഖിൽ കുമാർ (67), മലയാളി താരം മുഹമ്മദ് ഇനാൻ (30), ഹർവൻഷ് പാംഗ്ലിയ (26) എന്നിവർ തിളങ്ങിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.
Content Highlights: India`s U-19 cricketer Vibhav Suryavanshi disappoints in Asia Cup