ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ നടക്കുന്നത് ഏകാധിപത്യം; വിമർശനവുമായി വൈഭവിന്റെ മുൻ പരിശീലകൻ

ഇന്ത്യൻ ടീമിൽ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാത്തതിൽ അതൃപ്തി അറിയിച്ച് മുൻ പരിശീലകൻ മനീഷ് ഓജ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്റിനെ വിമർശിച്ചാണ് വൈഭവിന്റെ കുട്ടിക്കാലത്തെ പരിശീലകനായിരുന്ന മനീഷ് രംഗത്തെത്തിയത്. ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ ഏകാധിപത്യമാണ് കാണുന്നതെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനീഷ് വ്യക്തമാക്കി.
വൈഭവിനെപ്പോലെ ഒരു താരത്തെ പുറത്തിരുത്തി കാത്തിരിപ്പിക്കുന്നതിന് പകരം കളിക്കാൻ അവസരം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദങ്ങളെ നേരിടാനും കളി മെച്ചപ്പെടുത്താനും യുവതാരങ്ങൾക്ക് പതിവായി മത്സരപരിചയം ആവശ്യമാണെന്ന് മനീഷ് കൂട്ടിച്ചേർത്തു.
'നിലവിലുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റ് കരുതുന്നത് കളിക്കാരെ ബെഞ്ചിലിരുത്തിയാണ് വാർത്തെടുക്കുന്നത് എന്നാണ്. അതിനാൽ അവർ ആ പണിയാണ് ചെയ്യുന്നത്. ക്രിക്കറ്റിലെ മറ്റ് പല ഇതിഹാസങ്ങളുമുണ്ട്. നിങ്ങളവരോട് സംസാരിച്ചു നോക്കൂ, അടുത്ത തലമുറയെ വാർത്തെടുക്കണമെങ്കിൽ അവരെ മത്സര സാഹചര്യങ്ങളിലേക്ക് ഇറക്കണമെന്നും കളിപ്പിക്കണമെന്നും എല്ലാവരും പറയും. ബെഞ്ചിലിരുന്ന് ഇതുവരെ ഒരു കളിക്കാരനും വളർന്നിട്ടില്ല, ഇനി വളരുകയുമില്ല', മനീഷ് വ്യക്തമാക്കി.
വൈഭവിന്റെ ഈ കാത്തിരിപ്പ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമോ എന്ന ആശങ്കയും മനീഷ് പങ്കുവെച്ചു. പരിചയസമ്പത്തിലൂടെ വളരുന്നതിന് പകരം, തുടർച്ചയായി തഴയപ്പെടുന്നത് ടീമിലെ തന്റെ മൂല്യത്തെക്കുറിച്ച് ഒരു കളിക്കാരനിൽ സംശയമുണ്ടാക്കുമെന്നും മനീഷ് പറയുന്നു.
'വൈഭവിന് അവസരം നൽകില്ലെന്ന് അവർ മനസ്സിൽ ഉറപ്പിച്ചിരിക്കുകയാവാം... അവനെ പുറത്തിരുത്തി വല്ലാതെ നിരാശപ്പെടുത്തുക. ഇതിൽ കൂടുതലൊക്കെയാണ് ഇപ്പോൾ പറയേണ്ടത്? നമ്മൾ പുറത്തിരിക്കുമ്പോൾ ടീമിൽ തനിക്ക് യാതൊരു ഉപയോഗവുമില്ലെന്ന തോന്നൽ വരും, വൈഭവ് നിരാശനാകും', അദ്ദേഹം പറഞ്ഞു.
Content Highlights: Vaibhav Sooryavanshi's former coach Manish Ojha criticized Indian team selection., Accused Gautam Gambhir's management of dictatorship in player selection., Highlighted that benching young players ruins their confidence instead of grooming them., Stressed the need for regular match exposure for young cricketers in international cricket.