11 പന്തിൽ ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ ബൗളർമാരെ നിർദയം തല്ലി വൈഭവ്, റെക്കോഡുകൾ കടപുഴക്കി

ദാംബുള്ള (ശ്രീലങ്ക): ലിസ്റ്റ് എ ക്രിക്കറ്റ് ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ യുവബാറ്റർ വൈഭവ് സൂര്യവംശി. വെറും 11 പന്തുകളിൽനിന്ന് താരം അർധസെഞ്ചുറി പൂർത്തിയാക്കി. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറികളിലൊന്നാണിത്. ശ്രീലങ്കൻ ബൗളിങ് നിരയെ പൂർണമായി നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് വൈഭവ് കാഴ്ചവെച്ചത്.
മത്സരത്തിൽ വൈഭവ് കേവലം 29 പന്തുകളിൽ 94 റൺസിന് പുറത്തായി. സംഭവബഹുലമായ ആ ഇന്നിങ്‌സ് സെഞ്ചുറിക്ക് തൊട്ടരികെവെച്ച് അവസാനിച്ചു. ശ്രീലങ്കൻ നായകൻ സഹൻ ആരച്ചിഗെയുടെ പന്തിൽ വി. വിയാസ്‌കാന്തിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 324.14 സ്‌ട്രൈക്ക് റേറ്റിൽ പത്തും ഫോറും എട്ട് സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. ഇതോടെ പ്രിയാംശ് ആര്യയുമൊത്ത് 8.5 ഓവറിൽ 132 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനായി.
മുഹമ്മദ് ഷിറാസ് എറിഞ്ഞ ഓവറിലെ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിയാണ് വൈഭവ് റൺവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിൽ കിട്ടിയ രണ്ട് പന്തുകൾ ബൗണ്ടറി കടത്തി. തൊട്ടടുത്ത സഹൻ ആരച്ചിഗെ എറിഞ്ഞ ഓവറിലെ എല്ലാ പന്തും പ്രിയാംശ് ആര്യയാണ് നേരിട്ടത്. തുടർന്ന് ഷിറാസ് വീണ്ടുമെത്തി. ആദ്യ പന്തിൽ വീണ്ടും ബൗണ്ടറി. ഷിറാസിനെ ഇത് തുടർച്ചയായ മൂന്നാം പന്തിലാണ് ബൗണ്ടറി കടത്തിയത്. തൊട്ടടുത്ത രണ്ട് പന്തുകളിൽ സിക്‌സ്. നേരിട്ട അഞ്ച് പന്തുകളും സിക്‌സും ഫോറും മാത്രമായി തുടങ്ങിയ വൈഭവ് ആറാം പന്തിൽ റണ്ണൊന്നുമെടുത്തില്ല. ഓവറിലെ തുടർന്നുള്ള രണ്ടു പന്തിൽ ഒരു ബൗണ്ടറിയും സിക്‌സും നേടി, എട്ട് പന്തിൽ 34 റൺസ്! 34 റൺസും പിറന്നത് ഷിറാസിന്റെ പന്തുകളിലാണ്.
പിന്നീടെത്തിയ ദുലജ് സമുദിതയെ 4, 6, 6, 4 എന്ന നിലയിൽ തകർത്തുവിട്ടു. ഇതിനിടയിൽ 11-ാമത്തെ പന്തിൽ താരം അർധ സെഞ്ചുറി കണ്ടെത്തിയിരുന്നു. ആ 11 ബൗൾ ഇന്നിങ്‌സിനെ 4, 4, 4, 6, 6, 0, 6, 4, 4, 6, 6 എന്ന് ചുരുക്കിയെഴുതാം. തൊട്ടടുത്ത പന്തിലും തുടർന്നുള്ള പന്തിലും ഫോറുകൾ നേടി ഫിഫ്റ്റി കടന്നും തേരോട്ടം തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ ടീം ഏഴ് ഓവറിനിടെത്തന്നെ 100 കടന്നു.
അടിമുടി ആവേശം നിറച്ച ആ വെടിക്കെട്ട് അർഹിച്ച സെഞ്ചുറിക്കരികിൽവെച്ച് ഒടുക്കം വിരാമമിട്ടു. സഹൻ ആരച്ചിഗെയാണ് ലങ്കയ്ക്ക് വലിയ ആശ്വാസം നൽകിയ ഈ നിർണായക വിക്കറ്റ് വീഴ്ത്തിയത്.
മത്സരത്തിൽ വെറും 29 പന്തുകളിൽ നിന്ന് 10 ഫോറുകളും 8 സിക്‌സറുകളും ഉൾപ്പെടെ 94 റൺസെടുത്താണ് സൂര്യവംശി മടങ്ങിയത്. ആരച്ചിഗെയെ മിഡ്-ഓഫിന് മുകളിലൂടെ സിക്‌സറിന് പറത്താനുള്ള ശ്രമം പിഴയ്ക്കുകയായിരുന്നു. ഷോട്ടിന് ആവശ്യത്തിന് ഉയരവും കരുത്തും ലഭിക്കാത്തതിനാൽ മിഡ്-ഓഫിൽ നിന്നിരുന്ന വിജയകാന്തിന്റെ കൈകളിൽ പന്ത് അഭയം പ്രാപിച്ചു. റെക്കോഡുകൾ തകർത്തുള്ള ഒരു സെഞ്ചുറിയാണ് താരത്തിന് നഷ്ടമായതെങ്കിലും, ഗാലറിയുടെ വൻ കൈയടികളോടെയാണ് താരം ഹെൽമെറ്റൂരി മൈതാനം വിട്ടത്.
Content Highlights: Vaibhav Sooryavanshi scored a 50 in just 11 deliveries., The innings is considered the fastest recorded fifty in List-A cricket history., Dominant performance against Sri Lanka's bowling attack., Showcased aggressive shot-making, including multiple boundaries and sixes.