‘ആ ടെസ്റ്റിലും പന്ത് ചുരണ്ടിയിട്ടില്ലെന്നാര് പറഞ്ഞു, പിടിക്കപ്പെട്ടതോടെ രണ്ടുപേർ അവരുടെ യഥാർഥ മുഖം കാണിച്ചു’

സിഡ്നി: ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദം വിശദീകരിച്ച് മുൻ ഓസീസ് താരം ഉസ്മാൻ ഖവാജയുടെ ആത്മകഥ. ഓസീസ് ടീം നടത്തിയ പദ്ധതിയും തുടർന്ന് പിടിക്കപ്പെട്ടതോടെ അരങ്ങേറിയ സംഭവവികാസങ്ങളും ഖവാജ തന്റെ ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്. താൻ ഒരിക്കലും വ്യക്തിപരമായി പന്തിൽ കൃത്രിമം കാണിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഖവാജ പന്ത് ചുരണ്ടൽ വിവാദത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. താൻ അതിനെ എതിർത്തിരുന്നില്ലെന്നും അതുകൊണ്ട് തന്നെ താനും അതിൽ പങ്കാളിയാണെന്നും ഖവാജ ആത്മകഥയിൽ എഴുതി.
ഓസ്ട്രേലിയൻ താരങ്ങൾ ക്യാമറയിൽ കുടുങ്ങിയ കേപ്ടൗണിലെ മൂന്നാം ടെസ്റ്റിൽ മാത്രമല്ല, പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം ടെസ്റ്റിലും ഇത് നടന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
‘ഞങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ അമ്പയർ ബോൾ ബൗണ്ടറിയിൽ വെക്കുമെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. ആ സമയത്ത് ഞങ്ങളുടെ മേൽ ക്യാമറകൾ ഒന്നും ഉണ്ടാകില്ല, അമ്പയർമാർ ഏകദേശം 100 മീറ്റർ മുന്നിലുമായിരിക്കും. അപ്പോൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമായിരുന്നു. ഉടൻ തന്നെ ഡേവിഡ് വാർണർ പറഞ്ഞു, 'എനിക്ക് ഇത് ചെയ്യാൻ കഴിയില്ല, എല്ലാവരും എന്നെ നിരീക്ഷിക്കുന്നുണ്ട്.' അതേസമയം ഞാൻ ഇത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. മറ്റാരെങ്കിലും ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നുമില്ല. അതുകൊണ്ട് ഞാൻ വെറുതെ ചിരിച്ചു. എന്നാൽ തന്റെ ടെസ്റ്റ് കരിയറിൽ ആറ് മത്സരങ്ങൾ മാത്രം കളിച്ച, ടീമുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്ന കാമറൂൺ ബാൻക്രോഫ്റ്റ് ഇത് ചെയ്യാമെന്ന് പറഞ്ഞു.’
‘ടൂർ ഡി ഫ്രാൻസിൽ വർഷങ്ങളോളം ഉത്തേജകമരുന്ന് ഉപയോഗം വ്യാപകമായത് പോലെ, എന്തെങ്കിലും ഒരു കാര്യം സാധാരണമായി മാറുമ്പോൾ, അതിൽ നിന്ന് വിട്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒന്നുകിൽ അതിൽ ഉൾപ്പെടുക അല്ലെങ്കിൽ പിന്നിൽ നിൽക്കുക. അതുകൊണ്ട് ഇത് ശരിയാണെന്ന് അർഥമില്ല.’- ഖവാജ ആത്മകഥയിൽ എഴുതി.
‘അടുത്ത സെഷനിൽ, ഞങ്ങൾ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞു. മത്സരത്തിൽ എപ്പോഴൊക്കെ ഗള്ളി പൊസിഷനിൽ നിന്നിരുന്ന എന്റെ കൈകളിൽ പന്തെത്തിയോ, അപ്പോഴൊക്കെ ഞാൻ ചിന്തിച്ചു, 'എനിക്ക് പോലും ഈ പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യാൻ കഴിയും'. നിങ്ങൾ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത് എന്ന് എനിക്കറിയാം. ഇത് പോർട്ട് എലിസബത്തിലല്ലേ, നിങ്ങൾ കേപ്ടൗണിലല്ലേ കുടുങ്ങിയത്? അതെ, ഞങ്ങൾ കുടുങ്ങി, എന്നാൽ അതിനുമുമ്പത്തെ മത്സരത്തിലും ഞങ്ങൾ ഇത് ചെയ്തിട്ടില്ലെന്ന് ആരാണ് പറഞ്ഞത്?’- ഖവാജ കൂട്ടിച്ചേർത്തു.
ഒടുവിൽ കുടുങ്ങിയപ്പോൾ
‘വലിയ സ്ക്രീനിൽ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ഉരയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ ഓസ്ട്രേലിയൻ ടീമംഗങ്ങൾ ഭയന്നു. ബാൻക്രോഫ്റ്റിന്റെ കാര്യമായിരുന്നു ഏറ്റവും ദയനീയം. സ്ക്രീനിൽ അത് കാണിച്ചപ്പോൾ ഞെട്ടി. ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ എടുത്ത് തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിക്കുന്നതാണ് കാണിച്ചത്. അതോടെ ഇത് പ്രശ്നമായെന്ന് ഞങ്ങൾക്ക് മനസിലായി.’- ഖവാജ കൂട്ടിച്ചേർത്തു
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർ മാത്രം കുറ്റത്തിന്റെ ഭാരം മുഴുവൻ പേറേണ്ടിവന്നതിൽ ഖവാജ സഹതാപം പ്രകടിപ്പിച്ചു. ചില സഹതാരങ്ങൾ ഈ സംഭവത്തിൽ നിന്ന് പൂർണ്ണമായും അകലം പാലിച്ചെന്നും സംഭവത്തിന്റെ കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രണ്ടുപേർ തയ്യാറായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘ഇതാണ് ഏറ്റവും നിരാശപ്പെടുത്തിയത്. ആ രണ്ട് പേർ ആരൊക്കെയാണെന്ന് എനിക്കറിയാമായിരുന്നു, അവർ അവരുടെ യഥാർത്ഥ മുഖം എനിക്ക് കാണിച്ചു തന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ അവർക്ക് അവരെക്കുറിച്ച് മാത്രമെ ചിന്തയുണ്ടായിരുന്നുള്ളൂ. എന്നാൽ ഈ കാര്യത്തിന് വേണ്ടി പോരാടുന്നത് നിർത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനുശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ ഉപരിപ്ലവമായ ഒരു അന്വേഷണമാണ് നടത്തിയത്. മുഴുവൻ സത്യവും കണ്ടെത്താൻ അവർ ആഗ്രഹിച്ചിരുന്നില്ലെന്ന മട്ടിലായിരുന്നു അത്.’
‘ആ മൂന്ന് പേർ മാത്രം എല്ലാ കുറ്റങ്ങളും ഏറ്റെടുക്കേണ്ടി വന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. അവരുടെ ജീവിതം മാറി മറിഞ്ഞു, അതിന്റെ മാനസിക ആഘാതം എന്നെന്നേക്കുമായി അവരോടൊപ്പം ഉണ്ടാകും. ഞാൻ ഇതിനെക്കുറിച്ച് തുറന്നു സംസാരിച്ചില്ലെങ്കിൽ, അവർ ആ ഭാരം തുടർന്നും പേറേണ്ടിവരും. ആ മൂന്ന് പേരോടും ഞാൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തി.’
ഡേവിഡ് വാർണർക്ക് പ്രത്യേകമായ കുറിപ്പും ഖവാജ എഴുതി. ഭൂരിഭാഗം കുറ്റവും ഏറ്റെടുക്കേണ്ടി വന്ന എന്റെ നല്ല സുഹൃത്ത് ഡേവിഡിനോട്. നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ഇത് പേറേണ്ടതില്ല. വർഷങ്ങളായി, ഇതിന്റെ പേരിൽ മറ്റാരെക്കാളും കൂടുതൽ അധിക്ഷേപങ്ങൾ നിങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾ ഇതിന്റെ ആസൂത്രകനായിരുന്നില്ല. ഞങ്ങൾ എല്ലാവരുമായിരുന്നു ഇതിന്റെ ആസൂത്രകർ." - ഖവാജ കുറിച്ചു.
2018 മാർച്ച് 24-നായിരുന്നു പന്തുചുരണ്ടൽ വിവാദം നടന്നത്. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനമാണ് ഓസ്‌ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമത്വം കാണിച്ചത്. ഇത് ടെലിവിഷൻ ക്യാമറയിൽ പിടിക്കപ്പെട്ടു. അന്ന് വൈകീട്ട് പത്രസമ്മേളനത്തിൽ പന്തിൽ കൃത്രിമത്വം കാണിച്ചെന്ന് ബാൻക്രോഫ്റ്റും സ്മിത്തും സമ്മതിച്ചതോടെ സംഭവം കൂടുതൽ വിവാദമായി. പിന്നാലെ വാർണറാണ് സൂത്രധാരനെന്ന് കണ്ടെത്തുകയും മൂന്ന് പേരെയും വിലക്കുകയും ചെയ്തു.
Content Highlights: Usman Khawaja addresses the 2018 ball-tampering scandal in his autobiography