അണ്ടർ-19 ഏഷ്യാകപ്പിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ; ജയം 90 റൺസിന്

#സ്പോർട്സ് ഡെസ്ക്
ആരോൺ ജോർജും അഭി​ഗ്യാനും | X.com/BCCI
ആരോൺ ജോർജും അഭി​ഗ്യാനും | X.com/BCCI

ദുബായ്: അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ. 90 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താൻ 150 റൺസിന് പുറത്തായി. ഇന്ത്യക്കായി മലയാളി താരം ആരോൺ ജോർജ് അർധസെഞ്ചുറി തികച്ചപ്പോൾ ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും മൂന്ന് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ വീണതോടെ പാകിസ്താന്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലായി. ഉസ്മാന്‍ ഖാന്‍ (16), സമീര്‍ മിന്‍ഹാസ് (9), അലി ഹസ്സന്‍ (0), അഹമ്മദ് ഹുസ്സൈന്‍ (4) എന്നിവര്‍ പുറത്തായി. അഞ്ചാം വിക്കറ്റില്‍ ഫര്‍ഹാന്‍ യൂസഫും (23) ഹുസൈഫ അഹ്‌സനും ചേര്‍ന്നാണ് ടീമിനായി അല്‍പ്പമെങ്കിലും പൊരുതിയത്. അഹ്‌സാന്‍ 70 റണ്‍സെടുത്ത് പുറത്തായി. പിന്നീടുള്ളവര്‍ക്ക് ക്രീസില്‍ പിടിച്ചുനില്‍ക്കാനാവാതെ വന്നതോടെ ഇന്ത്യ ജയത്തിലേക്കടുത്തു. പിന്നാലെ 150 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്‌ക് ചൗഹാനും മൂന്ന് വീതം വിക്കറ്റെടുത്തു. വൈഭവ് സൂര്യവംശി ഒരു വിക്കറ്റെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 46.1 ഓവറില്‍ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇന്ത്യക്കായി ഓപ്പൺ ചെയ്ത വൈഭവ് സൂര്യവംശി തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നായകന്‍ ആയുഷ് മാത്രെയും ആരോണ്‍ ജോര്‍ജും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. മാത്രെ 38 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ആരോണ്‍ ജോര്‍ജ് ഇന്ത്യയുടെ രക്ഷയായി.

താരം അര്‍ധസെഞ്ചുറി തികച്ചു. വിഹാന്‍ മല്‍ഹോത്ര (12), വേദാന്ത് ത്രിവേദി (7), അഭിഗ്യാന്‍ (22) എന്നിവര്‍ മടങ്ങിയതോടെ ഇന്ത്യ 173-5 എന്ന നിലയിലായി. ആരോണ്‍ ജോര്‍ജ് 88 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത് പുറത്തായി. 12 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. കനിഷ്‌ക് ചൗഹാന്‍ 46 റണ്‍സെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 230 കടന്നു. പിന്നാലെ വന്നവരും പുറത്തായതോടെ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനായി മുഹമ്മദ് സയ്യാം, അബ്ദുള്‍ സുബന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റെടുത്തു.

Content Highlights: India U19 vs Pakistan U19 asia cup live updates