ആര്യവീറിന്റെ വെടിക്കെട്ടിൽ പ്രതീക്ഷ, ലക്ഷ്യം ഫൈനൽ; അണ്ടർ-19 ഏഷ്യാകപ്പ് സെമിയിൽ അഫ്ഗാനെതിരേ ഇന്ത്യക്ക് ഫീൽഡിങ്

#സ്പോർട്സ് ഡെസ്ക്
ആര്യവീർ സെവാ​ഗ് | X.com/BCCI
ആര്യവീർ സെവാ​ഗ് | X.com/BCCI

മസ്‌ക്കറ്റ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ. സെമിഫൈനലിൽ അഫ്ഗാനിസ്താനെതിരേ ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു സെമി.

അവസാന ഗ്രൂപ്പ് മത്സരത്തിൽ യു.എ.ഇ.യെ കീഴടക്കിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഇതിഹാസതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ തകർപ്പൻ സെഞ്ചുറിയാണ് (160) ഇന്ത്യൻ ജയം അനായാസമാക്കിയത്. ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടെത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്താനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു.

അഫ്ഗാനെതിരേ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ബിയിൽ മൂന്ന് കളികളും ജയിച്ചാണ് അഫ്ഗാൻ സെമിയിൽ കടന്നത്.

Content Highlights: Afghanistan U19 vs India U19, Semi Final