പിച്ചില്‍ ഭൂതമോ? ഇന്ത്യന്‍ ബാറ്റര്‍മാര്‍ മറന്നു പോവരുത് ഈ രണ്ട് ഇന്നിങ്സുകള്‍

ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഭൂതമുണ്ടായിരുന്നെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. അവരില്‍ കളിക്കാരും കളിയെഴുത്തുകാരുമുണ്ട്. മുന്‍താരങ്ങള്‍ മുന്‍പില്‍ തന്നെയുണ്ട്. ടെസ്റ്റിലെ പരാജയത്തുടര്‍ച്ചകളില്‍ രോഷാകുലനായ കോച്ച് ഗൗതം ഗംഭീർ കുഴപ്പം പിച്ചിന്‍റെയല്ല, കളിക്കാരുടെ സമീപനത്തിന്‍റെയാണെന്ന് തുറന്നടിച്ചിട്ടുണ്ട്. ഗംഭീര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് ഇതിഹാസതാരം സുനില്‍ ഗാവസ്കറും പറയുന്നത്.
അങ്ങനെയല്ലെന്നും പിച്ചിലെ ഭൂതം കളിക്കാരെ പേടിപ്പിച്ചെന്നും തന്നെയാണ് മുന്‍താരങ്ങളായ അനിൽ കുംബ്ലെ, ആര്‍. അശ്വിന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ സംശയലേശമെന്യേ പ്രസ്താവിച്ചത്. ചില പന്തുകള്‍ രണ്ടടി വരെ തിരിഞ്ഞു ബാറ്റര്‍മാരെ വട്ടം കറക്കിയെന്നാണ് സ്റ്റെയ്ന്‍ പറഞ്ഞത്.