242 റൺസുമായി ബംഗ്ലാദേശ് ബാറ്ററുടെ ഒറ്റയാൾ പ്രകടനം, അർധസെഞ്ചുറി പോലുമില്ലാതെ 10 ബാറ്റർമാർ

ധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡ് ഇരട്ട സെഞ്ചുറി കുറിച്ച് ബംഗ്ലാദേശ് ബാറ്റർ തൗഹിദ് ഹൃദോയ്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഹൃദോയ്യുടെ തകർപ്പൻ ഇന്നിങ്സ്. ഒന്നാമിന്നിങ്സിൽ 242 റൺസെടുത്ത താരം പുറത്താവാതെ നിന്നു. ഹൃദോയ്യുടെ ബാറ്റിങ് കരുത്തിൽ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 386 റൺസെടുത്തു.
നാലാമനായി ക്രീസിലിറങ്ങിയ താരം ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. മറ്റ് ബാറ്റർമാർ നിരനിരയായി മടങ്ങിയപ്പോൾ തൗഹിദ് ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. ബംഗ്ലാദേശ് നിരയിൽ മറ്റൊരു ബാറ്റർക്കും അർധസെഞ്ചുറി തികയ്ക്കാനായില്ല എന്നതാണ് തൗഹിദിന്റെ ഇന്നിങ്സിനെ വേറിട്ടുനിർത്തുന്നത്. 22 ഫോറും 11 സിക്സറും അടങ്ങുന്നതാണ് ഇന്നിങ്സ്. ഈ ഇരട്ട സെഞ്ചുറിയോടെ ഒട്ടേറെ റെക്കോഡുകളും താരം സ്വന്തം പേരിലാക്കി.
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ബംഗ്ലാദേശ് ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 219 റൺസെടുത്ത മുഷ്ഫിഖറിന്റെ റെക്കോഡാണ് താരം മറികടന്നത്. ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ബംഗ്ലാദേശ് ബാറ്ററാണ് തൗഹിദ്. മുഷ്ഫിഖറിനെ കൂടാതെ ഷാക്കിബ് അൽ ഹസൻ, തമീം ഇഖ്ബാൽ എന്നിവരും ഇരട്ട സെഞ്ചുറി തികച്ചിട്ടുണ്ട്. ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന ബംഗ്ലാദേശ് താരമായും തൗഹിദ് മാറി. 11 സിക്സറാണ് നേടിയത്. വസിം അക്രം(1996 ൽ സിംബാബ്വെയ്ക്കെതിരേ), യശസ്വി ജയ്സ്വാൾ(2024 ൽ ഇംഗ്ലണ്ടിനെതിരേ) എന്നിവരാണ് ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയവർ(12).
കന്നി ടെസ്റ്റ് സെഞ്ചുറി തന്നെ ഇരട്ട സെഞ്ചുറിയാക്കി ഉയർത്തിയ ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന നേട്ടവും സ്വന്തം പേരിലാക്കി. മൊമിനുൾ ഹഖിന്റേതായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന സ്കോർ. 181 റൺസാണ് മൊമിനുൾ നേടിയിരുന്നത്. ടെസ്റ്റിൽ മറ്റ് ബാറ്റർമാർ ആരും അർധസെഞ്ചുറി നേടാത്ത ഇന്നിങ്സുകൾ പരിഗണിക്കുമ്പോൾ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് തൗഹിദിന്റേത്. 1974 ൽ 262 റൺസ് നേടിയ ഇംഗ്ലണ്ട് താരം ഡെന്നിസ് അമിസ്സിന്റേതാണ് ഉയർന്ന സ്കോർ.
Content Highlights: Towhid Hridoy scored an unbeaten 242 runs against West Indies