വനിതാ ട്വന്റി 20 ചലഞ്ച് കിരീടം സൂപ്പര്‍നോവാസിന്, ഫൈനലില്‍ വെലോസിറ്റിയെ തകര്‍ത്തു

Photo: www.iplt20.com
Photo: www.iplt20.com

മുംബൈ: 2022 വനിതാ ട്വന്റി 20 ചലഞ്ച് കിരീടത്തില്‍ മുത്തമിട്ട് സൂപ്പര്‍നോവാസ്. ആവേശകരമായ ഫൈനലില്‍ വെലോസിറ്റിയെ നാല് റണ്‍സിന് തകര്‍ത്താണ് സൂപ്പര്‍നോവാസ് കിരീടം സ്വന്തമാക്കിയത്. 

സൂപ്പര്‍ നോവാസിന്റെ മൂന്നാം വനിതാ ട്വന്റി 20 ചലഞ്ച് കിരീടമാണിത്. 2018, 2019 വര്‍ഷങ്ങളിലും സൂപ്പര്‍നോവാസാണ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെലോസിറ്റിയ്ക്ക് നിശ്ചിത ഓവറില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട വെലോസിറ്റി അവസാനം പൊരുതിയാണ് കീഴടങ്ങിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍നോവാസിനായി ഡിയാന്‍ഡ്ര ഡോട്ടിന്‍ 44 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്തു. നായിക ഹര്‍മന്‍പ്രീത് കൗര്‍ 29 പന്തുകളില്‍ നിന്ന് 43 റണ്‍സ് നേടി. ഏഴുവിക്കറ്റ് നഷ്ടത്തിലാണ് സൂപ്പര്‍നോവാസ് 165 റണ്‍സ് നേടിയത്. വെലോസിറ്റിയ്ക്ക് വേണ്ടി കേറ്റ് ക്രോസും ദീപ്തി ശര്‍മയും സിമ്രാന്‍ ബഹ്ദൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

166 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെലോസിറ്റിയ്ക്ക് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിട്ടു. വെറും 64 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടപ്പെട്ട വെലോസിറ്റിയെ ലോറ വോള്‍വാര്‍ഡ് ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 40 പന്തുകളില്‍ നിന്ന് പുറത്താവാതെ 65 റണ്‍സാണ് താരം അടിച്ചെടുത്തത്. 20 റണ്‍സെടുത്ത സിമ്രാന്‍ ബഹദൂറും മികച്ച പ്രകടനം പുറത്തെടുത്തു. പക്ഷേ ഇരുവര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

അവസാന രണ്ടോവറില്‍ 34 റണ്‍സ് വേണ്ടിയിരുന്നു. പക്ഷേ പൂജാ വസ്ത്രാകര്‍ ചെയ്ത 19-ാം ഓവറില്‍ 17 റണ്‍സ് പിറന്നു. ഇതോടെ അവസാന ഓവറില്‍ 17 റണ്‍സായി വിജയലക്ഷ്യം. എക്ലെസ്റ്റോണ്‍ ചെയ്ത ആദ്യ പന്തില്‍ വോള്‍വാര്‍ഡ് സിക്‌സടിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സിംഗിള്‍ മാത്രമാണ് നേടാനായത്. ഇതോടെ നാല് പന്തില്‍ 10 റണ്‍സായി വെലോസിറ്റിയുടെ വിജയം. 

മൂന്നാം പന്തിലും സിംഗിള്‍ മാത്രമാണ് എക്ലെസ്റ്റോണ്‍ വഴങ്ങിയത്. നാലാം പന്തില്‍ വെലോസിറ്റി രണ്ട് റണ്‍സ് നേടി. ഇതോടെ രണ്ട് പന്തില്‍ ഏഴ് റണ്‍സായി ടീമിന്റെ വിജയലക്ഷ്യം. വോള്‍വാര്‍ഡാണ് ക്രീസിലുണ്ടായത്. പക്ഷേ അഞ്ചാം പന്തില്‍ വെറും ഒരു റണ്‍ മാത്രമാണ് വോള്‍വാര്‍ഡിന് നേടാനായത്. ഇതോടെ അവസാന പന്തില്‍ വിജയലക്ഷ്യം ആറായി മാറി. പക്ഷേ അവസാന പന്തില്‍ സിമ്രാന്‍ ബഹ്ദൂറിന് ഒരു റണ്‍ മാത്രമാണ് നേടാനായത്. ഇതോടെ സൂപ്പര്‍ നോവാസ് നാല് റണ്‍സിന്റെ വിജയം നേടി. സൂപ്പര്‍നോവാസിന് വേണ്ടി അലാസ കിങ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ എക്ലെസ്‌റ്റോണും ഡോട്ടിനും രണ്ട് വിക്കറ്റ് വീതം നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ നോവാസിനെ കീഴടക്കാന്‍ വെലോസിറ്റിയ്ക്ക് സാധിച്ചിരുന്നു.

Content Highlights: womens ipl, womens t20 challenge 2022 winners, 2022 womens world t20 challenge, supernovas