വലതല്ല, ഇടതു മാറി ലിറ്റിൽ മാസ്റ്ററുടെ രക്ഷാശ്രമം

മുംബൈ: ക്രീസിൽ കടുകിട മാറാത്ത കോപ്പി ബുക്ക് ശൈലിയിലുള്ള ബാറ്റിങ്ങിനും കറകളഞ്ഞ അച്ചടക്കത്തിനും പേരുകേട്ട താരമാണ് സുനിൽ ഗാവസ്കർ. പുതിയ കാലത്തെ ടി20 താരങ്ങളുടെ നേർവിപരീതം. എന്നാൽ, ഇന്നത്തെ ടി20 താരങ്ങളേക്കാൾ മികച്ച രീതിയിൽ കളി സാഹചര്യത്തിനനുസരിച്ച് ഏത് കളിശൈലിയും അവലംബിച്ച ചരിത്രവുമുണ്ട് ഇന്ത്യയുടെ ലിറ്റിൽ മാസ്റ്റർക്ക്. അങ്ങനെ സ്വന്തം ശൈലിവിട്ട് ഇടങ്കയ്യനായി ബാറ്റ് ചെയ്ത് ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാൻ ശ്രമം നടത്തിയ ആളാണ് സണ്ണി. ഗാവസ്ക്കർ തന്നെയാണ് ഓപ്പൺ മാസികയ്ക്ക് നൽകി അഭിമുഖത്തിൽ അങ്ങനെയൊരു അനുഭവം തുറന്നുപറഞ്ഞത്.
1981-82 രഞ്ജി സീസണിലായിരുന്നു ഇത്. കർണാടകയ്ക്കെതിരെ ബെംഗളൂരുവിൽ നടന്ന രഞ്ജി ട്രോഫി സെമി ഫൈനലായിരുന്നു വേദി. മുംബൈ ബാറ്റിങ്ങിൽ വലിയ നാശം വിതച്ച കർണാടകയുടെ ലെഫ്റ്റ് ആം ഓർത്തഡോക്സ് സ്പിന്നർ രഘുറാം ഭട്ടിന്റെ ഭീഷണി ഒഴിവാക്കാനായിരുന്നു ഗാവസ്ക്കറുടെ ഇടങ്കയ്യൻ അവതാരം. കരുത്തരായിരുന്ന മുംബൈയുടെ സ്കോർ ഒന്നാമിന്നിങ്സിൽ 271 റൺസിൽ ഒതുക്കിയത് എട്ട് വിക്കറ്റ് പിഴുത രഘുറാമായിരുന്നു. രണ്ടാമിന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി മുംബൈയെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കി രഘുറാം. ഗാവസ്ക്കർ ഒഴികെയുള്ള മുൻനിര ഒന്നടങ്കം കൂടാരം കയറി. മുംബൈ പരാജയം ഉറപ്പിച്ച നിമിഷം. അഞ്ചു വിക്കറ്റ് കൂടി വീഴ്ത്തിയാൽ കർണാടകത്തിന് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. പിച്ചിലെ പുല്ലില്ലാത്ത ഇടങ്ങളിലേയ്ക്ക് പന്തെറിഞ്ഞ് തിരിച്ചാണ് രഘുറാം വലങ്കൈ ബാറ്റ്സ്മാന്മാരെ വരിവരിയായി മടക്കിയത്. ഇത് തിരിച്ചറിഞ്ഞതോടെ ഗാവസ്ക്കർ തന്ത്രം മാറ്റി. അന്നാദ്യമായി ഒരു ഇടങ്കൈ പരീക്ഷണം നടത്തി. ഇതോടെ പുല്ലില്ലാത്ത സ്ഥലങ്ങളിൽ കുത്തിത്തിരിഞ്ഞ പന്ത് അനായാസ ക്യാച്ചിന് വഴിവെച്ച് സ്ലിപ്പിലേയ്ക്ക് ഗതിമാറാതെ ഗാവസ്ക്കറുടെ പാഡിൽ ഇടിച്ചു. തുടർന്ന് ഭീഷണി നേരിട്ട പന്തുകളെ പാഡ് കൂടി ഉപയോഗിച്ച് ഓഫ് സ്റ്റമ്പിന് പുറത്തുവെച്ചു തന്നെ പ്രതിരോധിച്ച് വിക്കറ്റ് കളയാതെ നോക്കാൻ ഗാവസ്ക്കർക്ക് കഴിഞ്ഞു. അതേസമയം രഘുറാം ഭട്ടിന് പകരം വലങ്കൈ ബൗളറായ ബി.വിജയകൃഷ്ണ പന്തെറിയാൻ എത്തുമ്പോൾ വീണ്ടും വലങ്കൈയിൽ ബാറ്റേന്തും. ഇങ്ങനെ അറുപത് മിനിറ്റ് നേരം ഗാവസ്ക്കർ കർണാടക ബൗളർമാരെ ചെറുത്തു. 18 റൺസാണ് ഈ സമയം നേടിയത്. ഗുലാം പാർക്കറായിരുന്നു പ്രധാനകൂട്ട്. ഒടുവിൽ മുംബൈ അന്ന് ഒമ്പത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തതിനു പിന്നാലെ മത്സരം സമനിലയിലായി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കർണാടക ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.
കർണാടകം ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായതുകൊണ്ടാണ് താൻ അത്തരമൊരു പരീക്ഷണത്തിന് മുതിർന്നതെന്ന് ഗാവസ്കർ അഭിമുഖത്തിൽ പറഞ്ഞു. മത്സരത്തിൽ ഇരു ടീമുകൾക്കും തുല്ല്യ സാധ്യതയായിരുന്നെങ്കിൽ താൻ ഒരിക്കലും അതിന് മുതിരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sunil Gavaskar batted left-handed to counter Karnataka's left-arm spinner Raghuram Bhat., This tactical move happened during the 1981-82 Ranji Trophy semi-final/match in Bengaluru., Gavaskar survived for 60 minutes and scored 18 runs, helping Mumbai avoid a certain defeat., He switched back to right-handed batting whenever a right-arm bowler came on to bowl.