ക്രിക്കറ്റിലെ സമയനഷ്ടം ഒഴിവാക്കാന്‍ സ്‌റ്റോപ്പ് ക്ലോക്ക് നിയമം; പരീക്ഷണം ഇന്ന്

ദുബായ്: ക്രിക്കറ്റിൽ പുതിയൊരു നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽവരും. ബൗളിങ് ടീമിന് രണ്ട് ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധിസമയം ഒരു മിനിറ്റായി കുറയ്ക്കാനുള്ള സ്‌റ്റോപ്പ് ക്ലോക്ക് നിയമം ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട് ട്വന്റി 20-യിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ബാർബഡോസിലാണ് മത്സരം.
ഇതനുസരിച്ച് ഒരു ഓവർ പൂർത്തിയായി 60 സെക്കൻഡിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയണം. ഒരു കളിയിൽ മൂന്നുതവണ ഈ സമയം ലംഘിച്ചാൽ ബാറ്റിങ് ടീമിന് അഞ്ചുറൺസ് ബോണസായി ലഭിക്കും.
ഇരുടീമിനും ജയസാധ്യതയുള്ള കളിയിൽ ചിലഘട്ടങ്ങളിൽ ബൗളിങ് ആലോചനകൾക്കും ഫീൽഡിങ് ആസൂത്രണത്തിനുമായി ഏറെ സമയമെടുക്കാറുണ്ട്. അത് തടഞ്ഞ്, മത്സരങ്ങൾക്കിടയിലെ ഇടവേള കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) സ്‌റ്റോപ്പ് ക്ലോക്ക് കൊണ്ടുവരുന്നത്.
നിയമം നടപ്പാക്കുന്നതോടെ ബൗളിങ് ടീമിന് കൂടുതൽ സമ്മർദമുണ്ടാകും.
Content Highlights: stop clock trial begins with t20I series between west indies and england