എതിരാളി ഇന്ത്യയാണോ? സെഞ്ചുറി ഉറപ്പ്; ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറികളില്‍ റെക്കോഡിട്ട് സ്മിത്ത്

മെല്‍ബണ്‍: ബ്രിസ്‌ബെയ്‌നിലെ ഗാബയ്ക്കു പിന്നാലെ ഇഷ്ട ഗ്രൗണ്ടായ മെല്‍ബണിലും ഇന്ത്യയ്‌ക്കെതിരേ സെഞ്ചുറി നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ കളിക്കുമ്പോള്‍ സെഞ്ചുറി നേടുന്നത് പതിവാക്കിയ സ്മിത്ത് സെഞ്ചുറി നേട്ടത്തില്‍ അപൂര്‍വ റെക്കോഡും സ്വന്തമാക്കി. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന ബാറ്ററെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
കരിയറില്‍ 34 ടെസ്റ്റ് സെഞ്ചുറികളാണ് സ്മിത്തിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ മെല്‍ബണിലേത് ഇന്ത്യയ്‌ക്കെതിരായ 11-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു. മെല്‍ബണില്‍ താരത്തിന്റെ അഞ്ചാം സെഞ്ചുറി കൂടിയായിരുന്നു ഇത്. 197 പന്തില്‍ മൂന്ന് സിക്സറുകളും 13 ഫോറുകളും സഹിതം 140 റണ്‍സാണ് സ്മിത്ത് നേടിയത്.
ഇന്ത്യക്കെതിരെ 10 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയാണ് സ്മിത്ത് മറികടന്നത്. ഇന്ത്യയ്‌ക്കെതിരായ 43 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 11 സെഞ്ചുറികള്‍ നേടിയിരിക്കുന്നത്. എന്നാല്‍ റൂട്ടിന് 10 ടെസ്റ്റ് സെഞ്ചുറികള്‍ നേടാന്‍ വേണ്ടിവന്നത് 55 ഇന്നിങ്‌സുകളാണ്. ഇന്ത്യയ്‌ക്കെതിരേ 30 ഇന്നിങ്‌സുകളില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ നേടിയ ഗാരി സോബേഴ്‌സും 41 ഇന്നിങ്‌സുകളില്‍ നിന്ന് എട്ടു സെഞ്ചുറികള്‍ നേടിയ വിവ് റിച്ചാര്‍ഡ്‌സും 51 ഇന്നിങ്‌സുകളില്‍ നിന്ന് എട്ട് സെഞ്ചുറികള്‍ നേടിയ റിക്കി പോണ്ടിങ്ങുമാണ് ഈ പട്ടികയില്‍ പിന്നീടുള്ളവര്‍.
നേരത്തേ 2023 ജൂണിന് ശേഷമുള്ള സ്മിത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇന്ത്യയ്‌ക്കെതിരേ ഗാബയിലേത്. 25 ടെസ്റ്റ് ഇന്നിങ്‌സുകള്‍ക്കിടെ ആദ്യ സെഞ്ചുറി. അതേസമയം ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് സ്മിത്ത് ഇപ്പോള്‍. 41 സെഞ്ചുറികളുള്ള റിക്കി പോണ്ടിങ്ങാണ് പട്ടികയില്‍ ഒന്നാമത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ബാറ്ററും സ്മിത്താണ്. ടെസ്റ്റില്‍ 11-ഉം ഏകദിനത്തില്‍ അഞ്ചുമടക്കം 16 സെഞ്ചുറികളാണ് സ്മിത്ത് നേടിയിരിക്കുന്നത്.
Content Highlights: Steve Smith surpasses Joe Root`s record with his 11th Test century against India