അടിക്ക് തിരിച്ചടി, രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് ശ്രീലങ്ക

Photo: twitter.com/ICC
Photo: twitter.com/ICC

പല്ലെകെലെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം. മഴനിയമത്തിന്റെ സഹായത്തോടെ 26 റണ്‍സിനാണ് ശ്രീലങ്ക ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 189 റണ്‍സിന് പുറത്തായി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക ഓസ്‌ട്രേലിയ്‌ക്കൊപ്പമെത്തി (1-1). 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ചെറിയ സ്‌കോര്‍ മാത്രമാണ് നേടിയത്. 36 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വീതം നേടിയ ഡാസണ്‍ ശനകയും ധനഞ്ജയ ഡി സില്‍വയും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്‌ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 48-ാം ഓവറില്‍ മഴ വില്ലനായി അവതരിച്ചു. 

ഇതോടെ ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം 43 ഓവറില്‍ 216 റണ്‍സായി ചുരുങ്ങി. എന്നാല്‍ കണിശതയോടെ പന്തെറിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ ഓസീസ് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി. 37 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറും 30 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലും മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണരത്‌നെ മൂന്നുവിക്കറ്റെടുത്തപ്പോള്‍ ദുഷ്മന്ത ചമീര, ധനഞ്ജയ ഡി സില്‍വ, ദുനിത് വെല്ലലാഗെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ഏകദിനം ജൂണ്‍ 19 ന് നടക്കും.

Content Highlights: sri lanka vs australia, sl vs aus, srilankan cricket, australian cricket, cricket news