പാകിസ്താനിലെ ബോംബ് സ്ഫോടനം; കളിക്കാർക്ക് സുരക്ഷ ഉറപ്പാക്കും, നാട്ടിലേക്ക് മടങ്ങിയാൽ നടപടിയെന്ന് ലങ്കൻ ബോർഡ്

ന്യൂഡല്‍ഹി: പാകിസ്താനെതിരായ പരമ്പരയിൽ തുടർന്നും കളിക്കണമെന്ന് താരങ്ങൾക്ക് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ നിർദേശം. പരമ്പര കളിക്കാതെ നാട്ടിലേക്ക് മടങ്ങിയാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ബോർഡ് നൽകിയിട്ടുണ്ട്. നേരത്തേ പാകിസ്താനിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഏകദിന പരമ്പരയ്ക്കായെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ പര്യടനം റദ്ദാക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.
ഇസ്ലാമാബാദിലെ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്കകള്‍ പ്രകടിപ്പിച്ച് ലങ്കൻ ടീമിലെ എട്ടു താരങ്ങളാണ് പര്യടനം റദ്ദാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ടീം മാനേജ്മെന്റ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. തുടർന്ന് ലങ്കൻ ബോർഡ് പാകിസ്താൻ സർക്കാരുമായും പാക് ക്രിക്കറ്റ് ബോർഡുമായും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും താരങ്ങൾ പരമ്പരയിൽ തുടരണമെന്നും കളിക്കാർക്ക് നിർദേശം നൽകിയത്.
ഈ നിർദ്ദേശം അവഗണിച്ച് ഏതെങ്കിലും കളിക്കാരനോ മറ്റു അംഗങ്ങളോ ശ്രീലങ്കയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ നടപടിയുണ്ടാകുമെന്നും പകരക്കാരനെ ടീമിലേക്ക് അയക്കുമെന്നും ലങ്കൻ ബോർഡ് അറിയിച്ചിട്ടുണ്ട്. അതേസമയം മത്സരക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. നവംബർ 13,15 തീയതികളിൽ നടക്കേണ്ട മത്സരങ്ങൾ നവംബർ 14, 16 തീയതികളിൽ നടക്കും. ഇസ്ലാമാബാദില്‍ ചാവേറാക്രമണം നടന്നിട്ടും ചൊവ്വാഴ്ച റാവല്‍പിണ്ടിയില്‍ ആദ്യ മത്സരം നടന്നിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും റാവല്‍പിണ്ടിയില്‍ത്തന്നെയാണ് നടക്കേണ്ടത്. ആദ്യമത്സരത്തില്‍ ജയിച്ച പാകിസ്താന്‍ 1-0ന് മുന്നിലാണ്.
ചൊവ്വാഴ്ച ഇസ്ലാമാബാദിലെ ഒരു ജുഡീഷ്യല്‍ കോംപ്ലക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറാക്രമണമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കാല്‍നടയായി കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ബോംബര്‍, പതിനഞ്ച് മിനിറ്റോളം പുറത്തു കാത്തുനിന്നശേഷം ഒരു പോലീസ് വാഹനത്തിന് സമീപംവെച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിപ്പിക്കുകയായിരുന്നെന്നാണ് പാക് മന്ത്രിയും പിസിബി മേധാവിയുമായ നഖ്‌വി പറഞ്ഞത്.
Content Highlights: Sri Lanka Players Threatened With 'Formal Review' If They Leave Pakistan Amid Security Concerns