അടിക്ക് തിരിച്ചടി, രണ്ടാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

Photo: twitter.com/ICC
Photo: twitter.com/ICC

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 58 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ആതിഥേയരെ കീഴടക്കിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടാണ് വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും 1-1 ന് തുല്യത പാലിച്ചു. 

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ വെറും 149 റണ്‍സിന് ഓള്‍ ഔട്ടായി. 55 പന്തുകളില്‍ നിന്ന് പുറത്താവാതെ 96 റണ്‍സ് നേടിയ റിലി റോസൗവാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റോസൗ 55 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെയാണ് 96 റണ്‍സെടുത്തത്. 32 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്‌സും മികച്ച പ്രകടനം പുറത്തെടുത്തു. വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക 207 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനുവേണ്ടി മോയിന്‍ അലി, ഗ്ലീസണ്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

208 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 30 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോ മാത്രമാണ് ഇംഗ്ലണ്ടിനായി പിടിച്ചുനിന്നത്. ജോസ് ബട്‌ലര്‍ 29 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്‌റൈസ് ഷംസിയും ഫെലുക്വായോയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി തിളങ്ങി. 

പരമ്പരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജൂലായ് 31 ന് നടക്കും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര നേടും.

Content Highlights: england vs south africa, sa vs eng, eng vs sa, cricket news, sports news, malayalam sports